കോട്ടയം: അമേരിക്കൻ പ്രവാസി മലയാളി വാഴാർമംഗലം ഉഴത്തിൽ ജോയ് വി. ജോണിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൻ ഷെറിൻ ഇന്ത്യയിൽ കഴിഞ്ഞത് അനധികൃതമായി. മതിയായ രേഖകളില്ലാതെയാണ അമേരിക്കൻ പൗരനായ ഇയാൾ താമസിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. രണ്ടായിരത്തിൽ ഒരു തട്ടിപ്പുകേസിൽ ഇയാളെ യുഎസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായും തെളിഞ്ഞു.

ഇന്നലെ അമേരിക്കൻ കോൺസുലേറ്റ് ജനറലിന്റെ ഓഫിസിൽനിന്നു കോൺസുലർ പീറ്റർ ജോൺ തെയ്‌സ്, സ്വപ്ന ജോൺ എന്നിവരെത്തി ഷെറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. ഇയാളുടെ പാസ്‌പോർട്ടിന്റെ കാലാവധി 2012 ൽ അവസാനിച്ചതായും കണ്ടെത്തി. സിഐ ഓഫിസിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ 12 വരെ നീണ്ടു. അമേരിക്കൻ പൗരത്വമുള്ള ഷെറിന് ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഇല്ലെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായി. യുഎസിൽ തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നതായും കോൺസുലേറ്റ് ഉദ്യോഗസ്ഥർ പൊലീസിനോടു പറഞ്ഞു.

ഷെറിന്റെ മനസ്സു മാറ്റാനായി പുസ്തകങ്ങൾ നൽകിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. അമേരിക്കയിലും ഷെറിൻ സ്ഥിരം തലവേദന സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു ചെക്ക്കേസ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പ്, വ്യാജ ലൈസൻസ് ചമക്കൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ അമേരിക്കയിലായിരുന്ന വേളയിൽ ഇയാൾ ചെയ്തിട്ടുണ്ട്. രണ്ടുവർഷക്കാലം അവിടെ ജയിൽവാസം അനുഭവിച്ചതായും കോൺസുലർ വെളിപ്പെടുത്തി. ഇന്ത്യയിൽ തങ്ങുവാനുള്ള അനുമതി ഒഐസി ഇല്ലെന്നും ഇവർ പറഞ്ഞു. ഇതോടെ നിയമവിരുദ്ധമായി ഇന്ത്യയിൽ തങ്ങിയതിന് മറ്റൊരു കേസുകൂടി ഇനി പൊലീസിന് ഷെറിന്റെ പേരിൽ എടുക്കേണ്ടിവരും. അമേരിക്കയിൽ നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായ ഷെറിൻ അമേരിക്കയിൽ എത്തിയാൽ ജയിൽ ശിക്ഷ ഉറപ്പാണെന്നും ഇവർ പറഞ്ഞു.

ഷെറിന്റെ പാസ്പോർട്ടു സംബന്ധിച്ച് കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനായി ഇയാളെ ബംഗളുരുവിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുവാൻ പൊലീസ് തീരുമാനിച്ചിരുന്നു. ഫ്‌ലാറ്റിലെത്തി പാസ്പോർട്ടും മറ്റ് രേഖകളും കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇക്കാര്യങ്ങൾ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്നും അറിഞ്ഞതോടെ ഇനി ബംഗൽരുവിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

ഇന്നുമുതൽ ഷെറിനെ കൊലപാതകവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിച്ച് ആയുധങ്ങൾ കണ്ടെത്തുന്നതിനും കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അമേരിക്കയിൽ ഒട്ടേറെ ചെക്കു കേസുകളിൽ പ്രതിയായ ഷെറിൻ പിടിക്കപ്പെടുമെന്നുവന്ന പ്പോഴാണ് 2003ൽ ഇന്ത്യയിലേക്ക് പോന്നത്. അമേരിക്കൻ പൗരത്വമുള്ള ഷെറിൻ ശ്രീലങ്കയിലെത്തിയാണ് പാസ്സ്‌പോർട്ട് പുതുക്കിയത്. ഷെറിന്റെ ഇളയസഹോദരനായ ഡോ.ഷെറിൽ ജോൺ സഹോദരന്റെ പേരിനോട് സാമ്യമുള്ള തന്റെ പേര് മാറ്റിയതിന് പിന്നിലും ഒരു കഥയുണ്ട്. ഷെറിൻ എന്ന് തെറ്റിദ്ധരിച്ച് പൊലീസ് പലവട്ടം ഷെറിലിനെ പിടികൂടിയിട്ടുണ്ട്.

ഷെറിന്റെ തട്ടിപ്പിനിരയായവരും അപമര്യാദയായി പെരുമാറാൻ തുടങ്ങി. സഹികെട്ട് ഷെറിൽ ഡോ. ഡേവിഡ് ജോൺ എന്ന് പേരു മാറ്റുകയായിരുന്നു. ഡോക്ടർമാരായ മൂത്ത സഹോദരി ഷേർളിയോടും ഇളയ സഹോദരൻ ഡേവിഡിനോടും ശത്രുക്കളെന്ന പോലെയാണ് ഷെറിൻ പെരുമാറിയിരുന്നത്. അമേരിക്കയിൽ നിന്നും നാട്ടിലെത്തുമ്പോഴൊക്കെ ഇവരോട് മോശമായി പെരുമാറുകയും ദേഹോപദ്രവമേല്പിക്കുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താലാണ് ഇവർ അവധിക്കുവരുമ്പോൾ വീട്ടിൽ നിന്ന് മാറി താമസിക്കാൻ പിതാവ് ഷെറിനോട് നിർദ്ദേശിച്ചിരുന്നത്. ആഡംബര ഹോട്ടലിൽ മാറി താമസിക്കുന്നതിനുള്ള ചെലവും പിതാവാണ് നൽകിയിരുന്നത്.

തിരുവനന്തപുരത്തും ബാംഗ്ലൂരിലുമായി ഐ. ടി പ്രൊഫഷണലായി ജോലി നോക്കിയിരുന്ന ഷെറിൻ വരുമാനത്തിന്റെ ഇരട്ടിയിലധികമാണ് ചെലവിട്ടിരുന്നത്. ഇതിനായി പിതാവിന്റെ ഉടമസ്ഥതയിലുള്ള നഗരമധ്യത്തിലെ കടമുറികൾ പലതും ലക്ഷങ്ങൾ ഡെപ്പോസിറ്റ് വാങ്ങി വാടകയ്ക്ക് നൽകിയിരുന്നു. ഇങ്ങനെ ലഭിച്ച പണത്തെക്കുറിച്ച് പിതാവും മകനുമായി പലവട്ടം വഴക്കുണ്ടായി. 2010 ൽ ഷെറിൻ വിവാഹിതനായപ്പോൾ കുറച്ചു നാൾ ബാംഗ്ലൂരിലാണ് താമസിച്ചത്. ആരോരുമില്ലാത്ത യുവതിയെയാണ് വിവാഹം കഴിച്ചതെന്ന് പറയുന്നു. എന്നാൽ ഈ വിവാഹത്തിന് ശേഷം ഷെറിൻ കൂടുതൽ ധൂർത്തനായി. രണ്ടു വർഷത്തിനുശേഷം വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു.

ഇത്തവണ ജോയ് ജോൺ നാട്ടിലെത്തിയപ്പോൾ നാട്ടിലുള്ള സ്വത്തുക്കൾ തന്റെ പേരിൽ എഴുതി നൽകണമെന്ന് ഷെറിൻ ശഠിച്ചു. ധൂർത്തനായ ഷെറിന് സ്വത്തുക്കൾ നൽകിയാലുണ്ടാകുന്ന ഭവിഷ്യത്ത് അറിയാമായിരുന്ന ജോയ് ഒരു ചില്ലിക്കാശുപോലും നൽകില്ലെന്ന് വ്യക്തമാക്കിയതോടെ പക പുകഞ്ഞു കത്തുകയായിരുന്നു. ഇതാണ് നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് ഷെറിനെ കൊണ്ടെത്തിച്ചതെന്നാണ് നിഗമനം.