ഹ്യൂസ്റ്റൺ: അമേരിക്കയിൽ ഹ്യൂസ്റ്റണിലെ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളർത്തമ്മ സിനി മാത്യൂസും പൊലീസ് കസ്റ്റഡിയിൽ. ഷെറിനെ കാണാതായത് നവംബർ 7നായിരുന്നു. അതിന് തലേ ദിവസത്തെ സംഭവത്തിലാണ് അറസ്റ്റ്. ആറിന് വൈകിട്ട് കുട്ടിയെ വീട്ടിലുപേക്ഷിച്ച് പോയെന്നാണ് ആരോപിക്കപ്പെടുന്ന കുറ്റം.

ഷെറിന്റെ മരണം അന്വേഷിക്കുന്നതിനിടെയാണ് തലേ ദിവസത്തെ സംഭവങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. രാത്രി ആഹാരം കഴിക്കാൻ ഭർത്താവിനും മകൾക്കുമൊപ്പം സിനിയും പോയി. ഈ സമയം ഷെറിൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മൂന്ന് വയസ്സുകാരിയെ വീട്ടിൽ ഒറ്റയ്ക്കാക്കി പോകുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കും. ഈ കുറ്റമാണ് സിനിയ്‌ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ ജീവൻ അപകടത്തിലാകും വിധമാണ് വെസ്ലിയും ഭാര്യ സിനിയും പ്രവർത്തിച്ചതെന്നാണ് ആരോപണം. മൊബൈൽ പരിശോധനയിൽ നിന്ന് വെസ്ലിയും സിനിയും റെസ്‌റ്റോറന്റിൽ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇവർക്കൊപ്പം മകളും ഉണ്ടായിരുന്നു. ഇത് ഹോട്ടലിലെ ജീവനക്കാരും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷെറിനെ വീട്ടിൽ ഉപേക്ഷിച്ച് പോയത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ഷെറിന്റെ മാത്യുവിന്റെ മരണത്തിൽ പങ്കില്ലെന്നായിരുന്നു സിനി മാത്യൂസ് പറഞ്ഞിരുന്നു. മൃതദേഹം വീട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുവാൻ ഭർത്താവിനെ താൻ സഹായിച്ചിട്ടില്ലെന്നും അവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഷെറിൻ മരിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും പൊലീസിന് അവർ മൊഴി നൽകിയിരുന്നു. എന്നാൽ കുട്ടിയെ വീട്ടിലുപേക്ഷിച്ച് പോകുന്നത് അമേരിക്കയിൽ ഗുരുതര കുറ്റമാണ്.ഷെറിന്റെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇനിയും പുറത്തു വന്നിട്ടില്ല. അതിന് ശേഷമേ പൊലീസ് മരണകാരണം സ്ഥിരീകരിക്കൂ. കൊലപാതകത്തിന്റെ സൂചനകൾ കിട്ടിയാൽ വെസ്ലിക്കും സിനിക്കുമെതിരെ കൂടുതൽ ഗൗരവതരമായ കുറ്റങ്ങൾ ചുമത്തും. നിലവിൽ സിനിയ്‌ക്കെതിരെ കുട്ടിയെ കുറ്റകരമായ രീതിയിൽ ഉപേക്ഷിച്ചതിനും വെസ്ലിക്കെതിരെ കുട്ടിയെ പരിക്കേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റങ്ങളും മാത്രമാണ് ചുമത്തിയിട്ടുള്ളത്.

ഈ മാസം ഏഴിന് കാണാതായ കുട്ടിയുടെ മൃതദേഹം പിന്നീട് വീടിന് സമീപമുള്ള കലുങ്കിന് അടിയിൽ നിന്നും കണ്ടെത്തിയിരുന്നു. പാൽകുടിക്കാത്തതിനെത്തുടർന്ന് കുട്ടിയെ പുലർച്ചെ മൂന്ന് മണിക്ക് വീടിന് പിന്നിലെ മരത്തിന്റെ ചുവട്ടിൽ നിർത്തിയ ശേഷമാണ് കാണാതായത് എന്നായിരുന്നു വളർത്തച്ഛൻ വെസ്ലി മാത്യു പൊലീസിന് ആദ്യം മൊഴി നൽകിയത്. എന്നാൽ പിന്നീട് മൃതദേഹം ലഭിച്ചശേഷം പാൽ ശ്വാസകോശത്തിൽ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു വെന്നും മൊഴി മാറ്റി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ സമയത്തൊന്നും ഉറക്കത്തിലായിരുന്ന സിനിയെ വിളിച്ചുണർത്തിയില്ലെന്നും വെസ്ലി പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സിനിയും മൊഴി നൽകിയത്.

അമേരിക്കയിൽ നേഴ്സാണ് വെസ്ലി. അതുകൊണ്ട് തന്നെ കുട്ടി ആരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചിട്ടും ഭാര്യയെ വെസ്ലി വിളിച്ചുണർത്താത്തത് ദുരൂഹമാണ്. പക്ഷേ ഇതുമായി ബന്ധപ്പെട്ട മൊഴികൾ വിശ്വാസത്തിലെടുക്കാനേ പൊലീസിന് കഴിയൂ. അതുകൊണ്ട് തന്നെ കേസിൽ സിനി പ്രതിയാകാൻ സാധ്യതയില്ലെന്നായിരുന്നു വിലയിരുത്തൽ. തെളിവുകളും സിനിക്ക് എതിരായി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് തലേ ദിവസത്തെ സംഭവങ്ങളിലേക്ക് പൊലീസിന്റെ ശ്രദ്ധ എത്തിയത്. നേരത്തെ മണിക്കൂറുകളോളമാണ് സിനിയെ പൊലീസ് ചോദ്യം ചെയ്തത്. പുതിയ തെളിവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യലുണ്ടാകും. പൊരുത്തക്കേടുണ്ടെങ്കിൽ വെസ്ലിയ്‌ക്കൊപ്പം ഷെറിന്റെ മരണത്തിലും സിനി പ്രതിയാകും.

രണ്ടു വർഷം മുമ്പാണ് എറണാകുളം സ്വദേശികളായ വെസ്ളിമാത്യുവും ഭാര്യ സിനിയുംബീഹാറിലെ ഒരു അനാഥാലയത്തിൽ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. അതിനിടെ കലുങ്കിൽ നിന്ന് കണ്ടെത്തിയത് ഷെറിന്റെ മൃതദേഹമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇത്. ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്. കണ്ടെത്തിയ മൃതദേഹം ഷെറിന്റേതു തന്നെയാണെന്നാണു. ഈ മാസം ഏഴിനു വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

റിച്ചർഡ്‌സണിലെ വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു പൊലീസ് കണ്ടെത്തിയ മൃതദേഹം വെസ്ലി മാത്യൂസിന്റെ ഭാര്യ സിനി തിരിച്ചറിഞ്ഞിരുന്നു. വെസ്ലിയുടെയും സിനിയുടെയും നാലു വയസ്സുള്ള സ്വന്തം മകൾ യുഎസ് നിയമപ്രകാരം ഇപ്പോൾ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുട്ടിയെ വിട്ടുകിട്ടുന്നതിനായി ദമ്പതികൾ നൽകിയ അപേക്ഷയിൽ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടെയാണ് സിനിയേയും അറസ്റ്റ് ചെയ്യുന്നത്. ഷെറിന്റെ മൃതദേഹം നേരത്തെ സംസ്‌കരിച്ചിരുന്നു. ഇത് ആരാണ് ചെയ്തതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംസ്‌കാര സ്ഥലവും ഇനിയും അജ്ഞാതമാണ്.

ഷെറിൻ മാത്യൂസിന്റെ മൃതദേഹം സംസ്‌കാരത്തിനയച്ചെങ്കിലും മരണകാരണം സംബന്ധിച്ച വൈദ്യപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചില്ലെന്നു ടെക്സാസ് സിറ്റി പൊലീസ് വക്താവ് റിച്ചാഡ്സൺ വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം ആർക്കാണു വിട്ടുകൊടുത്തതെന്നു ഡാലസ് കൗണ്ടി മെഡിക്കൽ എക്സാമിനർ വെളിപ്പെടുത്തിയില്ല. വളർത്തമ്മ സിനി മാത്യൂസിനെ സംസ്‌കാരച്ചടങ്ങുകൾക്ക് അധികൃതർ ചുമതലപ്പെടുത്തിയോ എന്നതിൽ ഇനിയും വ്യക്തതയില്ല. മൃതദേഹം രക്ഷിതാക്കൾക്കു വിട്ടുകൊടുക്കരുതെന്നും അർഹിക്കുന്ന ആദരവോടെ സംസ്‌കാരം നടത്താൻ ജനങ്ങളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അധികൃതർക്ക് ഓൺലൈൻ പരാതി ലഭിച്ചിരുന്നു.

പാൽ കുടിക്കാത്തതിനു കുട്ടിയെ വീട്ടിൽനിന്നു പുറത്തിറക്കി നിർത്തിയെന്ന വെസ്ലിയുടെ ആദ്യമൊഴിയിൽ പരാമർശിക്കുന്ന മരച്ചുവടും മൃതദേഹം കണ്ടെടുത്ത നീർച്ചാലും ഇപ്പോൾ ഷെറിന്റെ സ്മാരകങ്ങളായി മാറി. നിത്യേന നിരവധി പേരാണ് ഇവിടങ്ങളിൽ കളിപ്പാട്ടങ്ങളും പൂക്കളുമർപ്പിച്ച് കുഞ്ഞിന്റെ ആത്മാവിനായി പ്രാർത്ഥിക്കുന്നത്.