ഹ്യൂസ്റ്റൺ: അമേരിക്കയിൽ ഹ്യൂസ്റ്റണിലെ ഷെറിന്റെ മാത്യുവിന്റെ മരണത്തിൽ പങ്കില്ലെന്ന് പറഞ്ഞ് വളർത്തമ്മ സിനി മാത്യൂസ്. മൃതദേഹം വീട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുവാൻ ഭർത്താവിനെ താൻ സഹായിച്ചിട്ടില്ലെന്നും അവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഷെറിൻ മരിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും പൊലീസിന് അവർ മൊഴി നൽകി. മണിക്കൂറുകളോടെ റിച്ചാർഡ്‌സൺ പൊലീസ് ഇവരെ ചോദ്യം ചെയ്തുവെന്നാണ് സൂചന. മൊഴി വിശ്വാസത്തിലെടുത്തുവെന്നും സൂചനയുണ്ട്. ഇതോടെ വളർത്തച്ഛനായ വെസ്ലി മാത്യൂസ് മാത്രമാകും കേസിൽ പ്രതിയാവുകയെന്നാണഅ സൂചന.

ഈ മാസം ഏഴിന് കാണാതായ കുട്ടിയുടെ മൃതദേഹം പിന്നീട് വീടിന് സമീപമുള്ള കലുങ്കിന് അടിയിൽ നിന്നും കണ്ടെത്തിയിരുന്നു. പാൽകുടിക്കാത്തതിനെത്തുടർന്ന് വളർത്തച്ഛൻ വെസ്ലി മാത്യു കുട്ടിയെ പുലർച്ചെ മൂന്ന് മണിക്ക് വീടിന് പിന്നിലെ മരത്തിന്റെ ചുവട്ടിൽ നിർത്തിയ ശേഷമാണ് കാണാതായത് എന്നാണ് വെസ്ലിയുടെ ആദ്യ മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് മൃതദേഹം ലഭിച്ചശേഷം പാൽ ശ്വാസകോശത്തിൽ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു വെന്നും മൊഴി മാറ്റി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ സമയത്തൊന്നും ഉറക്കത്തിലായിരുന്ന സിനിയെ വിളിച്ചുണർത്തിയില്ലെന്നും വെസ്ലി പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സിനിയും മൊഴി നൽകിയത്.

അമേരിക്കയിൽ നേഴ്‌സാണ് വെസ്ലി. അതുകൊണ്ട് തന്നെ കുട്ടി ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചിട്ടും ഭാര്യയെ വെസ്ലി വിളിച്ചുണർത്താത്തത് ദുരൂഹമാണ്. പക്ഷേ ഇതുമായി ബന്ധപ്പെട്ട മൊഴികൾ വിശ്വാസത്തിലെടുക്കാനേ പൊലീസിന് കഴിയൂ. അതുകൊണ്ട് തന്നെ കേസിൽ സിനി പ്രതിയാകാൻ സാധ്യതയില്ല. തെളിവുകളും സിനിക്ക് എതിരായി പൊലീസിന് ലഭിച്ചിട്ടില്ല. മണിക്കൂറുകളോളമാണ് സിനിയെ പൊലീസ് ചോദ്യം ചെയ്തത്. രണ്ടു വർഷം മുമ്പാണ് എറണാകുളം സ്വദേശികളായ വെസ്‌ളിമാത്യുവും ഭാര്യ സിനിയുംബീഹാറിലെ ഒരു അനാഥാലയത്തിൽ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. അതിനിടെ കലുങ്കിൽ നിന്ന് കണ്ടെത്തിയത് ഷെറിന്റെ മൃതദേഹമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇത്.

ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്. കണ്ടെത്തിയ മൃതദേഹം ഷെറിന്റേതു തന്നെയാണെന്നാണു. ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

റിച്ചർഡ്സണിലെ വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു പൊലീസ് കണ്ടെത്തിയ മൃതദേഹം വെസ്ലി മാത്യൂസിന്റെ ഭാര്യ സിനി തിരിച്ചറിഞ്ഞിരുന്നു. വെസ്ലിയുടെയും സിനിയുടെയും നാലു വയസ്സുള്ള സ്വന്തം മകൾ യുഎസ് നിയമപ്രകാരം ഇപ്പോൾ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുട്ടിയെ വിട്ടുകിട്ടുന്നതിനായി ദമ്പതികൾ നൽകിയ അപേക്ഷ കോടതി നവംബർ 13നു പരിഗണിക്കുന്നതിനായി മാറ്റിയിരിക്കുകയാണ്.