ഹൂസ്റ്റൺ: വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിൽ കാണാതായ, മലയാളി ദമ്പതികളുടെ വളർത്തുപുത്രി മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിനെ കുറിച്ച് ആർക്കും ഒരു വിവരവുമില്ല. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു കുഞ്ഞിനെ പുറത്തിറക്കി നിർത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞു നോക്കുമ്പോൾ കാണാനില്ലെന്നുമാണു വളർത്തച്ഛൻ വെസ്‌ലി മാത്യൂസിന്റെ മൊഴി. ഈ മൊഴി ആരും വിശ്വസിച്ചിട്ടില്ല. എന്നാൽ കാണാതായി ഇത്രയും ദിവസമായിട്ടും ഒരു തുമ്പും കിട്ടാത്തത് അന്വേഷണത്തെ തളർത്തിയിട്ടുണ്ട്.

കുട്ടിയെ അപകടകരമായ നിലയിൽ ഉപേക്ഷിച്ചതിന്റെ പേരിൽ വളർത്തച്ഛൻ വെസ്‌ലി മാത്യൂസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. വെസ്‌ലി കുറ്റക്കാരനാണെന്നോ അല്ലെന്നോ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഭാര്യ സിനി മാത്യൂസ് നിരപരാധിയാണെന്നാണു പൊലീസ് നിഗമനം. കുട്ടിയെ പുറത്തേക്കു കൊണ്ടുപോകുന്ന സമയത്ത് സിനി ഉറക്കത്തിലായിരുന്നു. അഞ്ചുമണിക്കൂർ മകളെ തിരഞ്ഞതിനാലാണു പൊലീസിനെ അറിയിക്കാൻ വൈകിയതെന്നും കുഞ്ഞിനെ നിർത്തിയ സ്ഥലത്തു കുറുക്കന്മാർ ഇടയ്ക്കു വന്നുപോകാറുള്ളതാണെന്നും വെസ്‌ലി പറഞ്ഞിട്ടുണ്ട്. മൂന്ന് വയസ്സുള്ള ഷെറിൻ മാത്യൂസ് കാണാതായിട്ട് പത്ത് ദിവസത്തിനു ശേഷവും പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിട്ടില്ല.

ഷെറിനെ കാണാതായ ദിവസം പുലർച്ചെ, ആരോ വീട്ടിൽനിന്നു വാഹനത്തിൽ പുറത്തു പോയിട്ടുണ്ടെന്ന നിർണായക വിവരത്തിനു പിന്നാലെയാണു പൊലീസ് എന്നാണു പ്രാദേശിക വാർത്താ ചാനലുകൾ പറയുന്നത്. ഇരുണ്ട ചുവപ്പു നിറത്തിലുള്ള വാഹനം ആരാണ് ഓടിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടില്ല. പരിസരങ്ങളിലെയും റോഡുകളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുവരികയാണ്. ഈ അന്വേഷണമാകും നിർണ്ണായകം. മെറൂൺ നിറത്തിലുള്ള ഈ എസ് യു വി വാഹനത്തെക്കുറിച്ചു സമീപവാസികൾക്കു എന്തെങ്കിലും വിവരം ഉണ്ടോ എന്ന് പൊലീസ് ആരാഞ്ഞു. ശിക്ഷിച്ചു പുറത്തു നിർത്തിയ കുഞ്ഞിനെ പുലർച്ചെ 4 നും 5 നും ഇടയിൽ കാണാതായെന്നാണ് വളർത്തച്ഛൻ വെസ്ലി മാത്യൂസ് പൊലീസിനെ അറിയിച്ചത്. ഈ സമയത്താണ് എസ് യു വി അപ്രത്യക്ഷമായത്.

പൊലീസ് ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്: സാക്ഷിമൊഴികളും തെളിവുകൾ ശേഖരിക്കലുമായി സമയമെടുക്കുന്നുണ്ട്. സഹകരിക്കണം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണം. കുടുംബസുഹൃത്തുക്കളും പരിസരവാസികളും ഫേസ്‌ബുക്കിൽ ഷെറിന്റെ വിഡിയോകൾ അപ്ലോഡ് ചെയ്ത് അന്വേഷണത്തെ സഹായിക്കുന്നുണ്ട്. കുഞ്ഞ് പള്ളിയിൽ കളിക്കുന്നതും ജന്മദിനത്തിനു പാട്ടുപാടുന്നതുമായ വിഡിയോകളാണ് ഇവ. ഷെറിന്റെ രക്ഷിതാക്കൾ പൊലീസുമായി സഹകരിക്കുന്നില്ലെന്ന പരാതി പൊലീസ് ആവർത്തിച്ചു.

ഷെറിൻ മാത്യൂസ് എന്ന മൂന്നു വയസുകാരിക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനിടയിലും സ്വന്തം മകനെക്കുറിച്ചുള്ള ആശങ്കയിലാണ് എറണാകുളം െവെറ്റില എൽ.എം. പൈലി റോഡിൽ നടുവിലേഴത്ത് മാത്യു. ഷെറിന്റെ വളർത്തച്ഛനാണ് മാത്യുവിന്റെ മകൻ വെസ്ലി. കാണാതായതെന്നു മകൻ പറഞ്ഞതുതന്നെയാണു സത്യമെന്നു വിശ്വസിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വെസ്ലിയെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വെസ്ലി പറഞ്ഞതു പൂർണമായും വിശ്വസിക്കാൻ പൊലീസ് തയാറായിട്ടില്ല. കുഞ്ഞിനെ കാണാതായ രാത്രിയിൽ വെസ്ലിയുടെ കാർ ഒരു മണിക്കൂർ വീട്ടിൽനിന്നു പുറത്തുപോയിരുന്നു എന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ വെസ്ലിക്കു കഴിഞ്ഞിട്ടില്ല. പത്തു വർഷത്തിലേറെയായി വെസ്ലിയും കുടുംബവും ടെക്സസിലാണ്. കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് വെസ്ലി വീട്ടിലേക്ക് വിളിച്ചിരുന്നു.

മകളെ സ്നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും മറിച്ച് കേൾക്കുന്നതൊന്നും ശരിയല്ലെന്നും വെസ്ലി ആണയിട്ടത്രേ. കുഞ്ഞിന് പ്രായത്തിനനുസരിച്ച് തൂക്കം ഇല്ലാത്തത് അവിടെ കുറ്റകരമാണ്. നിശ്ചിത ഇടവേളകളിൽ പരിശോധനയ്ക്കു ഹാജരാക്കണം. ഷെറിന് തൂക്കം കുറവായതുകൊണ്ടാണ് പാൽ കുടിക്കാൻ നിർബന്ധിച്ചത്. പുറത്തുനിർത്തിയ കുഞ്ഞ് തനിയെ മടങ്ങിവരുമെന്നാണു കരുതിയത്. 15 മിനിറ്റ് കഴിഞ്ഞും എത്താതെ വന്നപ്പോൾ പുറത്തുചെന്ന് നോക്കിയെങ്കിലും കണ്ടില്ലെന്നാണ് വെസ്ലി പറഞ്ഞത്. ഈ മാസം ഏഴിന് പുലർച്ചേ മൂന്നോടെയാണ് സംഭവം. എന്നാൽ, അഞ്ചു മണിക്കൂർ കഴിഞ്ഞാണ് വെസ്ലി പൊലീസിനെ വിവരമറിയിച്ചത്. അതോടെയാണ് പൊലീസിന്റെ സംശയം ഇയാളിലേക്കായി. വീടിന് പിന്നിൽ നൂറടി ദൂരെയുള്ള മരത്തിനടിയിലാണ് കുഞ്ഞിനെ നിർത്തിയതെന്ന് വെസ്ലി പറയുന്നു.

ചെന്നായ്ക്കളുടെ ശല്യമുണ്ടെന്നറിഞ്ഞിട്ടും ഇവിടെ കുഞ്ഞിനെ കൊണ്ടുനിർത്തിയതിന് ഇയാൾക്കു വിശ്വസനീയ മറുപടിയില്ല. സ്വന്തം കുഞ്ഞിനെ കാണാതാകുമ്പോൾ പിതാവിനുണ്ടാകുന്ന മാനസികവ്യഥ വെസ്ലിയിൽ പ്രകടമായില്ലെന്നതും പൊലീസിന്റെ സംശയങ്ങൾ ബലപ്പെടുത്തി. ഷെറിനെ വെസ്ലിയും സിനിയും ചേർന്ന് ബിഹാറിലെ ഗയയിൽനിന്നാണു ദത്തെടുത്തത്. ഒന്നര വയസുള്ളപ്പോൾ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിന് അന്നു സരസ്വതി എന്നായിരുന്നു പേര്.

2015 ഫെബ്രുവരി നാലിന് സന്നദ്ധ സംഘടനയ്ക്കു ലഭിച്ച കുട്ടിയെ നളന്ദയിലെ ബാലസംരക്ഷണകേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ജൂൺ 23നാണ് വെസ്്ലിയും സിനിയും ദത്തെടുത്ത് അമേരിക്കയിലേക്കു കൊണ്ടുപോയത്. മൂന്നടി ഉയരമുള്ള കുഞ്ഞിന് 22 പൗണ്ടായിരുന്നു തൂക്കം. കാഴ്ചയും കുറവായിരുന്നു. പ്രായത്തിനനുസരിച്ച സംസാരശേഷിയും ഇല്ലായിരുന്നത്രേ.