കോഴിക്കോട്: തൂണേരി ഷിബിൻ വധക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടതോടെ നാദാപുരം മേഖലയിൽ ഭീതി പടരുന്നു. വിധി അനുകൂലമായെങ്കിലും അതിൽ ഒട്ടും സന്തോഷിക്കാൻ കഴിയാതെ ഭയപ്പാടിലാണ് പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർ. ഏതുനിമിഷവും സിപിഎമ്മിന്റ ഭാഗത്തുനിന്ന് തിരച്ചടിയുണ്ടാവുമെന്ന് കരുതി നാദാപുരം മേഖലയിൽനിന്ന് പലായനവും തുടങ്ങിയിട്ടുണ്ട്. ഭരണം മാറിയതോടെ തങ്ങൾ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ലീഗ് പ്രവർത്തകർ. കേസിലെ മുഖ്യപ്രതികളായ തെയ്യമ്പാട്ടിൽ ഇസ്മായിലെ ബന്ധുക്കളാണ് ഏറ്റവും ഭീതിയിൽ കഴിയുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഈ മേഖലയിൽ പൊലീസും കനത്ത ജാഗ്രതയിലാണ്. വിധി മുന്നിൽക്കണ്ട് ഈ മേഖലയിൽ നേരത്തെ തന്നെ നിരോധനാജ്ഞ നിലവിലുണ്ട്.

വിധി വന്നതോടുകൂടി സിപിഐ(എം) പ്രവർത്തകർക്കുള്ളിൽ പൊട്ടിയൊലിച്ച രോഷത്തെ അടക്കിനിർത്താൻ പാടുപെടുകയാണ് പാർട്ടി നേതൃത്വം. എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരമേറിയ ഈ സമയത്ത് അതിന്റെ ശോഭ കെടുത്തുവിധമുള്ള അക്രമപ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നും, ഇനിയുള്ള ഉയർന്ന കോടതികളിൽ തങ്ങൾക്ക് നീതി കിട്ടുമെന്നുമാണ് നേതാക്കൾ പ്രവർത്തകരോട് പറയുന്നത്. അതിനിടെ യു.ഡി.എഫ് സർക്കാറിന്റെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് കേസിൽ തിരിച്ചടിയായതെന്നും വിലയിരുത്തലുണ്ട്. തുടക്കം മുതലേ ഈ കേസിൽ പ്രതികളെ രക്ഷിക്കാൻ മുസ്ലീ ലീഗിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നു എന്ന ആരോപണം സിപിഐ(എം) നേതാക്കൾ ഉറപ്പിച്ചു പറയുന്നു.

ലീഗ് നൽകിയ ലിസ്റ്റ് അനുസരിച്ചാണ് കേസിൽ പ്രതികളെ ചേർത്തതെന്നായിരുന്നു ഇടതു നേതാക്കളുട ആക്ഷേപം. ഒരു വർഷംമുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോഴിക്കോട്ട് വന്നപ്പോൾ കേസിലെ പ്രതികൾ അദ്ദേഹവുമായി ഗസ്റ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. നിർണ്ണായകമായ തെളിവുകളും സാക്ഷിമൊഴികളും അവഗണിച്ചുകൊണ്ടായിരുന്നു കുറ്റപത്രം വരെ കോടതിയിൽ എത്തിയത്. പല കാര്യങ്ങൾക്കും പരസ്പര ബന്ധമില്ലായെ, പ്രഥമ ദൃഷ്ടാതന്നെ വൈരുദ്ധ്യങ്ങൾ പ്രകടമായ വിധത്തിലാണ് കുറ്റപത്രമെന്ന് നേരത്തെതന്നെ ആരോപണം ഉയർന്നിരുന്നു.

ഈ കേസിനായി മുസ്ലീലീഗിന്റെയും എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ വൻ പരിവാണ് ഗൾഫ് അടക്കമുള്ള രാജ്യങ്ങളിൽ നടന്നത്. ഏകദേശം രണ്ടരക്കോടിയോളം രൂപ കേസിനായി പിരിച്ചെടുത്തുവെന്ന് ലീഗ് കേന്ദ്രങ്ങൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇതിൽ നല്ലൊരു പങ്ക് പൊലീസിനെ ഉന്നതർക്ക് കൊടുത്ത് തട്ടിക്കൂട്ട് കുറ്റപത്രം ഉണ്ടാക്കുകയായിരുന്നെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്. പൊലീസിന്റെ തുടർച്ചയായ അനാസ്ഥയാണ് ഈ മേഖലയിൽ അക്രമി സംഘത്തിന് വളംവച്ചുതും.

ലീഗും എസ്.ഡി.പി.ഐ.യും ഒന്നിച്ചുചേർന്ന് ഇവിടെ നടത്തുന്ന ആക്രമണങ്ങളിൽ കേസ് എടുക്കാൻ പോലും പൊലീസ് കൂട്ടാക്കാറില്ലായിരുന്നു. പലതവണ തെയ്യമ്പാട്ടിൽ സംഘം കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതായി പരാതി പ്രവർത്തകർ നേരിട്ട് കെപിസിസി പ്രസിഡന്റിനോട് പറഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഷിബിൻ വധക്കേസിനെ തുടർന്ന് ഒളിവിൽപോയ പ്രതികൾ, ജീവൻ അപകടത്തിലാവും എന്ന് കണ്ടതോടെയാണ് പൊലീസിന് കീഴടങ്ങുന്നതും.

മേഖലയിൽ വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ പലപ്പോഴും സാമുദായിക കലാപമായി മാറുന്ന മുൻകാല അനുഭവമാണ് പ്രദേശവാസികളിൽ ഭീതി ഉയർത്തുന്നത്. മുസ്ലീ ലീഗ് ഇവിടെ എസ്.ഡി.പി.ഐയുടെ റോളിലും സിപിഐ(എം) ആർഎസ്എസിന്റെ റോളിലുമാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. ഷിബിൻ വധക്കേസിനെ തുടർന്ന് സമാനതകളില്ലാത്ത അക്രമമാണ് നാദാപുരം തൂണേരിയിൽ അരങ്ങറേിയത്. നൂറോളം വീടുകൾ രാക്കുരാമാനം ആക്രമിക്കപ്പെട്ടു. കൊള്ളയും കൊള്ളിവെപ്പും മോഷണവും വ്യാപകമായി. സർട്ടിഫിക്കേറ്റുകളും കളിപ്പാട്ടങ്ങളും വരെ ചാമ്പലായി. എതാണ്ട് 500 പവൻ സ്വർണം മോഷണംപോയെന്നാണ് അനൗദ്യോഗിക വിവരം.മൊത്തം മുപ്പത് കോടിയോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായതെന്നാണ് വിവരം.

ഷിബിൻ വധത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾ നേരിട്ട് ഹിന്ദു-മുസ്ലിം ലഹളയിലേക്ക് വഴിമാറുകയായിരുന്നു. മുസ്ലിം പേരുള്ളവരുടെയെല്ലാം വീടുകൾ തൂണേരിയിൽ ആക്രമിക്കപ്പെട്ടു. സിപിഐ(എം) അനുഭാവികളും , ഒരുപാർട്ടിയിലും ഇല്ലാത്ത നിഷ്പക്ഷരും ഇതിൽ ഉൾപ്പെടും.പാർട്ടിയുടെ മുതിർന്ന ജില്ലാ കമ്മറ്റിയംഗംതന്നെ അക്കാലത്ത് പറഞ്ഞത് കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി എന്നാണ്. കൊള്ളയും കൊള്ളിവെപ്പുമായി സാമൂഹിക വിരുദ്ധർ അത് നന്നായി മുതലെടുത്ത്. അക്രമം തടയണമെന്ന് സിപിഐ(എം) സംസ്ഥാന നേതൃത്വം അടിയന്തിരമായി നിർദ്ദേശിച്ചങ്കെിലും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം തടയാൻ ആർക്കുമായില്ല. ഷിബിൻ വധക്കേസ് വിധിയെ തുടർന്നും അതുപോലൊരു സാഹചര്യം ഉണ്ടാവാതിരക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഐ(എം) നേതൃത്വം.

രാഷ്ട്രീയ അസ്വസ്ഥതകൾക്ക് സാമുദായിക നിറം വരുന്നത് നാദാപുരത്ത് ഇത് ആദ്യമല്ല. ഇതിന് ചരിത്രപരമായ പശ്ചാത്തലം കൂടിയുണ്ട്. അതിശക്തമായ ഇസ്ലാമിക ഫ്യൂഡലിസം നിലനിന്ന പ്രദേശമാണിത്. ഈ ജന്മിമാർക്കും മാടമ്പിമാർക്കുമെതിരെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റുപാർട്ടി ഈ മേഖലയിൽ വളർന്നുവന്നത്. പ്രദേശത്തെ ഈഴവരെ 'ചെക്കാ' എന്നും 'പെണ്ണന്നും' വിളിക്കുന്നതുമാറ്റി പേര് വിളിപ്പിക്കാൻവരെ നിർത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സമരം നടത്തേണ്ടി വന്നിട്ടുണ്ട്. ചെക്കാ-പെണ്ണ് വിളിയെച്ചൊല്ലി സംഘർഷവും ഒരു കൊലപാതകവും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. മുസ്ലിം പ്രമാണിമാരുടെ മൂന്നും നാലും പെണ്ണുകെട്ടിയുണ്ടാക്കിയ പ്രശ്‌നങ്ങൾപോലും കത്തിപ്പടർന്ന മുൻകാല അനുഭവം ഉണ്ട്. മുൻ എംഎ‍ൽഎയും നാദാപുരത്തെ സിപിഎമ്മിന്റെ തീപ്പൊരിയുമായിരുന്ന എ.കണാരന്റെ നേതൃത്വത്തിൽ നടന്ന വിവാദമായ 'മക്കൾ സമരമൊക്കെ' ഓർത്തുനോക്കുക.അപ്പോഴൊക്കെ മുസ്ലീ പ്രമാണിമാരും -മുസീലിങ്ങളിലെതന്നെ പാവപ്പെട്ടവരും എന്ന രീതിയിലുള്ള വർഗപരമായ സമവാക്യം തന്നെയാണ് സിപിഐ(എം) ഉപയോഗിച്ചത്. പക്ഷേ ഇപ്പോഴത് ഹിന്ദു-മുസ്ലീ എന്ന അജണ്ടയിലേക്ക മാറുകയാണ്.

മേഖലയിലെ സാമ്പത്തിക സ്ഥിതികൂടി ഈ ഘട്ടത്തിൽ പറയേണ്ടതുണ്ട്. ഗൾഫ് പണം സൃഷ്ടിച്ച മാറ്റം പലേടത്തും പ്രകടമാണെങ്കിലും അടുത്തകാലത്തായി അതിനുമപ്പുറം എന്തൊക്കെയോ സംഭവിക്കുന്നു. പണം എവിടെ നിന്നൊക്കെയാണ് ഇങ്ങോട്ട് ഒഴുകിയത്തെുന്നതെന്ന് ആർക്കുമറിയില്ല. മണൽ മാഫിയയും, റിയൽ എസ്റ്റേറ്റ് മാഫിയയുമൊക്കെയായി എവിടെയും പണത്തിന്റെ കുത്തൊഴുക്ക്. ഈ മാഫിയകളിൽ നല്‌ളൊരു വിഭാഗത്തെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്നതിലും തർക്കമില്ല. മറുഭാഗത്ത് ആകട്ടെ ഈഴവ ഭൂരിപക്ഷമുള്ള ഹൈന്ദവ മേഖലയിൽ സാമ്പത്തിക സ്ഥിതി അത്രമെച്ചവുമല്ല. പണത്തിന്റെ കൊഴുപ്പിൽ ലീഗുകാർ തങ്ങളുടെ മേക്കട്ട് കയറുമ്പോൾ കായികമായി തിരിച്ചടിച്ചില്‌ളെങ്കിൽ പാർട്ടി ഇവിടെ ഉണ്ടാവില്‌ളെന്നാണ് സിപിഐ(എം) പ്രാദേശിക നേതാക്കൾ പറയുന്നത്.

നുണക്കഥകൾ പറഞ്ഞുപരത്തി ആടിനെ പട്ടിയാക്കുന്ന രീതി നാദാപുരത്ത് പണ്ടേയുണ്ട്. 2001ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഉണ്ടായ കിരാതമായ ബിനു വധം അതിന് ഉത്തമ ഉദാഹരണമാണ്.ഈ ബലാൽസംഗ കഥയുടെ ചുവടുപിടിച്ചാണ് അന്ന് യു.ഡി.എഫ് അധികാരത്തിലത്തെുന്നത്. നാദാപുരം തെരുവൻപറമ്പിലെ നബീസു എന്ന വീട്ടമ്മയെ, ബിനു അടക്കമുള്ള സിപിഎമ്മുകാർ ബലാൽസംഗംചെയ്തുവെന്ന വ്യാജ ആരോപണമാണ് ലീഗ് പറഞ്ഞു പരത്തിയത്. സത്യത്തിൽ ഇരു വീട്ടുകാരും തമ്മിൽ ചെറിയ അതിർത്തി പ്രശ്‌നം മാത്രമാണ് നിലനിന്നിരുന്നത്. ബലാൽസംഗ വാർത്ത മുത്തശ്ശി പത്രങ്ങൾ ആഘോഷമാക്കി. വൈകാതെ ബിനു അതിക്രൂരമായി കൊലചെയ്യപ്പട്ടു. അയാളുടെ വൃഷണം വെട്ടിയെടുത്ത് വായിൽ തിരുകിയെന്നുവരെ അക്കാലത്ത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാലം അൽപ്പം കഴിഞ്ഞതോടെ സത്യം പുറത്തായി. കുറ്റബോധം താങ്ങാനാവതെ നബീസു തന്നെ സത്യം പറഞ്ഞു. തന്നെ ആരും ബലാൽസംഗം ചെയ്തിട്ടില്ലെന്നും അതിർത്തി പ്രശ്‌നം മുതലെടുത്ത് ലീഗ് നേതാക്കൾ പറഞ്ഞുതന്ന കുതന്ത്രത്തിൽ താൻ പെട്ടുപോയതാണെന്നും! ബിനു മരിച്ചതോടെ അയാളുടെ അമ്മക്ക് മാനസികരോഗം ബാധിച്ചു. വഴിയിൽ ഇറങ്ങി നിന്ന് അവർ കാണുന്നവരോടെക്കെ എന്റെ മകനെ കണ്ടോ എന്ന് അന്വേഷിക്കുന്ന കരളലിയിപ്പിക്കുന്ന രംഗമാണത്രേ, നബീസുവിന്റെ മനസ്സുമാറ്റിയത്!

ഷിബിൻ വധത്തെതുടർന്ന് സംഘർഷങ്ങൾ ഉണ്ടായപ്പോഴും സമാനമായ കുപ്രചാരണങ്ങളുമായി ലീഗ് വീണ്ടും രംഗത്തിറങ്ങിയിരിരുന്നു. അക്രമികൾ ഖുറാൻ തിരഞ്ഞുപിടിച്ച് കത്തിച്ചന്നെും ഇങ്ങനെ ചെയ്തവർ പിന്നീട് അപടകത്തിൽപെട്ട് ആശുപത്രിയിലായെന്നുമാണ് അവർ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചത്.പക്ഷേ ഇത്തവണ തിരച്ചടി ഭയന്ന് ലീഗും പ്രതിരോധത്തിലാണ്. പരമാവധി സംയമനം പാലിക്കണമെന്നാണ് അവരും അണികൾക്ക് നൽകിയ നിർദ്ദേശം.