ഇടുക്കി: പൊലിസ് അതിക്രമം പെരുകുന്നുവെന്ന പരാതി ഏറ്റവും ഉയർന്നു കേൾക്കുന്ന ഇടുക്കിയിൽ നിന്നും വീണ്ടും പൊലിസ് കസ്റ്റഡി മർദനത്തിന്റെ ക്രൂരമായ കഥ. തങ്കമണി പൊലീസിന്റെ മർദനമേറ്റ മരിയാപുരം സ്വദേശി വിലയൻകുന്നത്ത് ഷിബു ഗോപാലനെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കണ്ണിനു ഗുരുതര പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. കണ്ണിന് അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

കഴിഞ്ഞ ദിവസം രാവിലെയാണ് ഷിബു ഗോപാലന് പൊലീസ് മർദ്ദനമേറ്റത്. തങ്കമണി സ്റ്റേഷനിൽ വച്ച് സ്റ്റേഷനിൽവച്ച് എസ്. ഐയുടെ സാന്നിധ്യത്തിൽ അഡീഷണൽ എസ്. ഐയും സംഘവും ചേർന്നു ക്രൂരമായി മർദിച്ചതായാണ് പരാതി. മർദ്ദനത്തിൽ അവശനായ ഇയാൾ കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ മൂത്രം നൽകാമെന്നും പറഞ്ഞുവത്രേ.

തന്റെ വാഹനത്തിന് കടന്നുപോകാൻ കഴിയാത്തവിധം റോഡിൽ ജീപ്പ് പാർക്ക് ചെയ്‌തെന്ന് കാണിച്ച് അയൽവാസിയുടെ പരാതിയെ തുടർന്നാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ജീപ്പ് കേടായതിനെ തുടർന്ന് വാഹനം ഇല്ലാതെയാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്. കേസിന് ആധാരമായ ജീപ്പ് ഇല്ലാതെ സ്റ്റേഷനിലെത്തിയതാണത്രേ പൊലീസിനെ ചൊടിപ്പിച്ചത്. എന്നാൽ പൊലിസ് മർദനത്തിന് പിന്നിൽ സി. പി. എം നേതാക്കളുടെ ഇടപെടലാണെന്ന ആരോപണവുമുയർന്നിട്ടുണ്ട്. ബി. ജെ. പി പ്രവർത്തകനാണ് പരുക്കേറ്റ ഷിബു.

അടുത്ത കാലത്തായി ഇടുക്കിയിൽ പൊലിസിനെതിരെ നിരവധി അതിക്രമങ്ങളാണ് ഉയർന്നു കേൾക്കുന്നത്. ഇടുക്കി പൊലിസ് സ്റ്റേഷൻ ലോക്കപ്പിൽ സി. ഐ. ടി. യുക്കാരെ മർദിച്ചതും മുൻ എസ്. പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് എന്ന സ്‌പെഷൽ സ്‌ക്വാഡ് കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ടു പണം തട്ടി മൂന്നു പൊലിസുകാർ അറസ്റ്റിലായതും വരെ ഇക്കൂട്ടത്തിലുണ്ട്.