ആലപ്പുഴ: പെട്രോൾ വില വർധനയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ അസാധാരണ മികവുള്ള ട്രോൾ വിഡിയോയിലൂടെ കടുത്ത വിമർശനം ഉന്നയിച്ചാണ് ഷിബുലാൽജിയെന്ന പ്രമോദ് മോഹൻ തകഴി ശ്രദ്ധ നേടിയത്. സീരിയസ് വിഡിയോ ആണെന്ന് കരുതി ഷിബുലാലിനെ ചീത്ത വിളിച്ചവരും കാര്യമറിഞ്ഞതോടെ പൊട്ടിച്ചിരിച്ചു. ആദ്യ ട്രോൾ കസറിയതോടെ വീണ്ടും പല ഹിറ്റ് ട്രോളുകളുമായി ഷിബുലാൽജി സമൂഹമാധ്യമങ്ങളിലെത്തി. സൈബർ സഖാക്കളുടെ പ്രിയങ്കരനായി. ഇതെല്ലാം പഴയ കഥ. ഇന്ന് സഖാക്കളുടെ പ്രധാന ശത്രുവാണ് ഈ മോദി വിരുദ്ധനും. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെ.ടി.ജലീലിന്റെയും വിദേശയാത്രകളിൽ ചില സംശയങ്ങളുണ്ടെന്ന് ദിവസങ്ങൾക്കു മുൻപ് പ്രമോദ് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അന്ന് തുടങ്ങിയതാണ് കഷ്ടകാലം.

പ്രമോദ് മോഹൻ തകഴി എന്ന സഖാവ് ഷിബുലാൽജി എന്ന സാങ്കൽപിക കഥാപാത്രമായി മാറി സർക്കാസത്തിലൂടെ സംഘപരിവാറിനെയും കോൺഗ്രസിനെയും കളിയാക്കിയ സൂപ്പർ വീഡിയോകൾക്ക് ഉടമയാണ്. ചില നേതാക്കളുടെ പ്രവർത്തനങ്ങളിൽ സംശയമുണ്ടെന്ന ഒറ്റ പോസ്റ്റിലാണ് പ്രമോദ് പാർട്ടി വിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു തുടങ്ങിയത്. ഇതോടെ കഷ്ടകാലവും തുടങ്ങി. ഇന്ന് പാർട്ടിക്കാരുടെ പ്രധാന ശത്രുവാണ് ഷിബൂലാൽജി. കച്ചവടം നടത്തി പോലും ജീവിക്കാൻ അനുവദിക്കില്ലെന്ന് സഖാക്കൾ പ്രഖ്യാപിച്ച ഹിറ്റ് ലിസ്റ്റിലെ പ്രമുഖൻ.

മന്ത്രി കെ.ടി ജലീലിന്റെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെയും വിദേശയാത്രകളിൽ സംശയം പ്രകടിപ്പിച്ച് പോസ്റ്റിട്ട ഇടത് സൈബർ പോരാളിക്ക് സ്വന്തം അക്കൗണ്ട് പൂട്ടി ഓടേണ്ടി വന്നു എന്നതാണ് വസ്തുത. ഷിബുലാൽജി എന്ന സാങ്കൽപിക കഥാപാത്രത്തിലൂടെ സിപിഎമ്മിന്റെ രാഷ്്്ട്രീയ പ്രതിയോഗികളെ സർക്കാസം വീഡിയോകളിലൂടെ കളിയാക്കിയിരുന്ന പ്രമോദ് മോഹൻ തകഴിക്കാണ് സ്വന്തം പാർട്ടി അനുയായികളിൽ നിന്ന് തന്നെ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. ദുബായിൽ ഫയർ ആൻഡ് സേഫ്റ്റി മേഖലയിൽ ജോലി ചെയ്തിരുന്ന പ്രമോദ് കുറച്ച് വർഷങ്ങളായി സർക്കാസം വീഡിയോകൾ ചെയ്തുവന്നിരുന്നു. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ തന്റെ സർക്കാസ വീഡിയോകൾ കണ്ട് അഭിനന്ദിച്ചിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു. ഇത്തരത്തിലൊരു വ്യക്തിയെയാണ് ഇപ്പോൾ സൈബർ സഖാക്കൾ നമ്പർ വൺ ശത്രുവായി പ്രഖ്യാപിക്കുന്നത്.

''സ്വന്തം പാർട്ടിക്കു വേണ്ടി, മറ്റു പാർട്ടിക്കാരുടെയെല്ലാം വിരോധം വാങ്ങിയയാളാണ് ഞാൻ. ഇപ്പോൾ ഞാൻ പാർട്ടിയുടെയും അവരുടെയും ശത്രുവാണ്. പാർട്ടി പിന്തുണ ഉണ്ടെന്നതു മാത്രമാണ് എന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് ഉണ്ടായിരുന്ന ഒരേയൊരാശ്വാസം. അതു നഷ്ടമായതോടെ വീട്ടുകാർക്ക് ഭയം തുടങ്ങി.''-ഇതാണ് പ്രമോദിന് ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറയാനുള്ളത്. അച്ഛനും അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ പ്രമോദ് ഭീതിയിലാണ്. ഇത്രയും ആക്രമണങ്ങളുണ്ടെങ്കിലും സ്വന്തം പ്രസ്ഥാനത്തെ വെറുക്കില്ലെന്നു പ്രമോദ് പറയുന്നു. വേണമെങ്കിൽ എന്നെ കൊന്നോളൂ, പക്ഷേ ഒരിക്കലും ഞാൻ ഈ പാർട്ടി വിടില്ലെന്ന് പ്രമോദ് വിശദീകരിക്കുകയാണ്.

തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കില്ലെന്നും തുലച്ചു കളയുമെന്നുമൊക്കെയാണ് ഭീഷണി, കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അച്ഛനെയും അമ്മയെയും വരെ തെറി, ജാതി അധിക്ഷേപം, വധഭീഷണി തനിക്കൊപ്പം കുടുംബവും മാനസികമായി തകർന്നു പോയെന്ന് പ്രമോദ് പറയുന്നു. ഗുജറാത്തിൽ പട്ടേൽ പ്രതിമ സ്ഥാപിച്ചത് ഭൂമി കുലുക്കം തടയാനാണെന്നും പെട്രോൾ വില വർധന ഡോളർ വില ഇടിക്കാനാണെന്നുമൊക്കെ പറഞ്ഞുള്ള പ്രമോദിന്റെ വിഡിയോകൾ സർക്കാസമാണെന്ന് അറിയാതെ ചില സംഘപരിവാർ പ്രവർത്തകർ ഉൾപ്പെടെ ഷെയർ ചെയ്തുവന്നത് സോഷ്യൽ മീഡിയയിലെ വലിയ തമാശയായിരുന്നു.

ഉള്ളത് പറയാം എന്ന മുഖവുരയോടെ ആയിരുന്നു ഇടത് സൈബർ അണികളെ ചൊടിപ്പിച്ച പ്രമോദിന്റെ പോസ്റ്റ്. ജലീലിന്റെയും ശ്രീരാമകൃഷ്ണൻ സഖാവിന്റെയും ഗൾഫ് യാത്രകളിൽ എന്തോ പന്തികേട് ഉണ്ട്. 'സിപിഐ മന്ത്രിമാർ ഗൾഫിൽ വന്നാൽ ഏതെങ്കിലും സിപിഐ പ്രവർത്തകന്റെ ഫ്ളാറ്റിൽ ആയിരിക്കും, ലെവരോ കിടുക്കൻ ഹോട്ടലിലും. ഇഡിക്ക് മുൻപിൽ ശ്രീരാമകൃഷ്ണൻ ചോദ്യം ചെയ്യലിന് പോകാത്തത് ശരിക്കും പനിയായിട്ടാണ്' തുടങ്ങിയ വാക്കുകളായിരുന്നു ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് പ്രമോദ് കുറിച്ചത്. എന്നാൽ പോസ്റ്റ് കണ്ടതോടെ ഇടത് സൈബർ അണികൾ കൂട്ടത്തോടെ ഇളകി. കമന്റുകളിലൂടെ തുടങ്ങിയ ഭീഷണി നേരിട്ടും എത്തി. സഖാക്കളാരും പ്രമോദിന്റെ ഹൗസ് ബോട്ടിൽ കയറരുതെന്ന് താക്കീത് വന്നു.

ജാതി അധിക്ഷേപം മുതൽ വധഭീഷണി വരെ നേരിട്ടതായി പ്രമോദ് പറയുന്നു. തൊഴിലെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെന്നും കൊല്ലുമെന്നും ഭീഷണി ഉണ്ടായി. ആറ് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രമോദിന് ചെറിയ ടൂറിസം പദ്ധതികളും പാർട്ടി പ്രവർത്തനവുമായിരുന്നു മനസിൽ. ഇതിനായി സുഹൃത്തുക്കളുടെ ഒപ്പം ചേർന്ന് ഹൗസ് ബോട്ട് ലീസിനെടുത്തിരുന്നു. എന്നാൽ ഒറ്റ പോസ്റ്റിൽ എല്ലാം താളം തെറ്റി. ഫേസ്‌ബുക്കിലൂടെ മാപ്പ് പറഞ്ഞെങ്കിലും ആക്രമണത്തിന് അവസാനമായില്ല. ഹൗസ് ബോട്ട് ബഹിഷ്‌കരിക്കാനും ആഹ്വാനമെത്തി.

പ്രമോദിന്റെ അച്ഛനും അമ്മയും രണ്ട് ജാതിയിൽ പെട്ടവരായതുകൊണ്ടാണ് നിലപാട് മാറ്റുന്നത് എന്ന് വരെ വ്യാഖ്യാനിച്ചു. നാട്ടിലെ പാർട്ടി പ്രവർത്തകരാണ് കുടുംബകാര്യങ്ങൾ സൈബർ സഖാക്കളിലെത്തിച്ചത്. പണം തട്ടുന്ന ഫ്രോഡ് ആണെന്ന് കമന്റുകളിൽ പ്രചരിപ്പിച്ചു. 35,000 ത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഫേസ്‌ബുക്ക് അക്കൗണ്ട് പ്രമോദ് ഡീ ആക്ടിവേറ്റ് ചെയ്തു.