- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോയ്സനയുടെ സമ്മതപ്രകാരം മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു; നിശ്ചയ തലേന്നാണ് മകൾ വീട്ടിൽ നിന്ന് പോയത്; മകളുടെ വിവാഹം ലൗജിഹാദല്ല, കെണിയിൽ പെടുത്തിയത്; ഷിജിനെതിരെ കിഡ്നാപ്പിങ് ആരോപണവുമായി ജോയ്സനയുടെ മാതാപിതാക്കൾ
കോഴിക്കോട്: പ്രണയ വിവാഹത്തിന്റെ പേരിൽ വേട്ടയാടപ്പെടുകയാണ് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവ് ഷിജിനും ജോയ്സനയും. മുൻ എംഎൽഎ ജോർജ് എം തോമസ് ലൗ ജിഹാദ് ആരോപണം ഉന്നയിക്കുകയും, സിപിഎം അത് ഇന്ന് തള്ളിപ്പറയുകയും ചെയ്തു. ഇതിന് പിന്നാലെ, ഇരുവരും തമ്മിലുള്ള വിവാഹം ലൗജിഹാദല്ലെന്നും മകളെ കെണിയിൽപ്പെടുത്തിയതാണെന്നും ജോയ്സ്നയുടെ പിതാവ് ജോസഫ് ആരോപിച്ചു. മാതൃഭൂമി ഡോട്ട് കോമിനോട് ആണ് അദ്ദേഹം ഇത് പറഞ്ഞത്.
'ഇങ്ങനെയൊരു ബന്ധമുണ്ടെങ്കിൽ അവൾക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ട്. എന്നാൽ ഒരിക്കലും മകൾ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും ജോസഫ് പറഞ്ഞു. മകളുടെ വിവാഹം ലൗജിഹാദ് ആണെന്ന് പലരും പറയുന്നു. ഇത് തന്റെ മറ്റുമക്കളുടെ ഭാവിയെ പോലും ബാധിക്കുന്ന കാര്യമാണ്. ജോയ്സ്ന വിദേശത്ത് നഴ്സായി ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇതിനിടെ, ഷിജിൻ മകളുടെ കൈയിൽനിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി.
കഴിഞ്ഞ മാസമാണ് ജോയ്സ്ന അവധിക്ക് നാട്ടിൽ എത്തിയത്. ജോയ്സനയുടെ സമ്മതപ്രകാരം മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ തലേ ദിവസം ഒരു സുഹൃത്തിന് ആധാർ കാർഡ് അയച്ചു കൊടുക്കാനെന്ന് പറഞ്ഞാണ് മകൾ വീട്ടിൽ നിന്ന് പോയത്. പിന്നീട് കോഴിക്കോട് വരെ ഒരു സുഹൃത്തിനെ കാണാൻ പോയെന്ന് പറഞ്ഞ് വീണ്ടും വിളിച്ചു. പിന്നീട് മകളുടെ ഫോൺ ഓഫായി. അതിന് ശേഷം ഇളയ മകൾക്ക് സുഹൃത്തിന്റെ നമ്പർ എന്ന് പറഞ്ഞ് നൽകിയ നമ്പറിലേക്ക് വിളിച്ചു. ഒരു പുരുഷശബ്ദമാണ് സംസാരിച്ചത്. ജോയ്സ്ന അടുത്തുണ്ടോയെന്ന് ചോദിച്ചപ്പോൾ മകളുടെ കയ്യിൽ കൊടുത്തു. അപ്പോൾ എന്നെ ഇവർ വിടുന്നില്ല എന്ന് മകൾ പറഞ്ഞു. പിന്നെ ഫോൺ കട്ടായിപ്പോയി എന്നും ജോയ്സ്നയുടെ പിതാവ് പറയുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് ഇടവക വികാരി എന്ന നിലയിൽ അച്ഛനെയും വിവരം അറിയിച്ചു.
മകളുടെ സമ്മതത്തോടെയാണ് മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചത്. ലൗ ജിഹാദെന്ന് പറഞ്ഞിട്ടില്ല. ഒരു ലക്ഷം രൂപ രാഷ്ട്രീയനേതാവ് തരാനുണ്ടെന്ന് പ്രതിശ്രുത വരനോട് മകൾ പറഞ്ഞിരുന്നു. ഈ മാസം ഒമ്പതിന് രാവിലെ പണം ചോദിച്ച് മകൾ ഫോൺ ചെയ്യുന്നത് കേട്ടിരുന്നു. അന്നാണ് മകളെ കാണാതായത്. പണത്തിനായി മകളെ തട്ടിക്കൊണ്ടുപോയതാണ്.
സ്വന്തം ഇഷ്ടത്തിന് പോയതാണെന്ന് മകളെക്കൊണ്ട് പറഞ്ഞ് പറയിക്കുന്നതാണെന്നും യുവതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. സംഭവത്തിലെ ദുരുഹത നീക്കണം. മകളെ കിട്ടുന്നതു വരെ നീതിക്കായി പോരാടുമെന്നും ജോയ്സ്നയുടെ മാതാപിതാക്കൾ പറഞ്ഞു.
മകൾ പൈസ കൊടുത്തത് വിവാഹം നിശ്ചയിച്ച യുവാവിന് അറിയാമായിരുന്നു. ചോദിച്ചപ്പോൾ പരിചയമുള്ള ആളാണ്, നേതാവാണ്, പൈസ തിരിച്ച് തരുമെന്നാണ് പറഞ്ഞത്. പിന്നീട് മകൾ വീട്ടിൽ എത്തിയ ശേഷം പണം ചോദിച്ച് ഷിജിനെ വിളിച്ചിട്ടുണ്ട്. ഇത് തരാമെന്ന് പറഞ്ഞാണ് ഷിജിൻ മകളെ വണ്ടിയിൽ കയറ്റി കൊണ്ട് പോയതെന്ന് സംശയിക്കുന്നു. പിന്നീട് മകളെ പറഞ്ഞ് മനംമാറ്റുകയായിരുന്നു. അങ്ങനെ ഒരു ബന്ധം അവൾക്ക് ഉണ്ടെങ്കിൽ അത് പറയാനുള്ള സ്വാതന്ത്ര്യം വീട്ടിൽ ഉണ്ട്. ഒരിക്കലും ഈ കാര്യം അവൾ പറഞ്ഞിട്ടില്ല. മകളെ കെണിയിൽ പെടുത്തിയതാണെന്നും അവളെ കണ്ട് സംസാരിക്കാനുള്ള ശ്രമങ്ങളിലാണെന്നും ജോസഫ് വിശദീകരിച്ചു
വധഭീഷണി കൊണ്ടാണ് ഒളിവിൽ കഴിയുന്നതെന്ന് ദമ്പതികൾ
അതേസമയം, വധഭീഷണി നിൽക്കുന്നതുകൊണ്ടാണ് നാട്ടിലേക്ക് പോകാതെ ഒളിവിൽ കഴിയുന്നതെന്ന് ഷിജിനും ജോയ്സ്നയും. വർഗീയ ധ്രുവീകരണവും സംഘർഷവും സൃഷ്ടിക്കാവുന്ന തരത്തിൽ നാട്ടിലെ അന്തരീക്ഷം മാറിയെന്ന് ഷിജിൻ എംഎസ് പറഞ്ഞു. നാട്ടിലെ ചില വർഗീയ സംഘടനകളാണ് ഇതിന് പിന്നിൽ. കാസ പോലെയുള്ള സംഘടനകൾ തെറ്റിദ്ധാരണ പരത്തി. രാത്രിയിലും പകലുമായി നടന്ന പ്രതിഷേധങ്ങൾ വ്യാജ പ്രചാരണങ്ങളുടെ ഫലമാണെന്നും ഷിജിൻ ചൂണ്ടിക്കാട്ടി.
'ക്രിസ്ത്യൻ വർഗീയ സംഘടനകൾ ഞങ്ങളെ ഏത് രീതിയിലാണ് കൈകാര്യം ചെയ്യാൻ പോകുന്നതെന്ന് ആശങ്കയുണ്ട്. കോടഞ്ചേരി കവലയിൽ കാലുകുത്തിയാൽ തീർത്തുകളയും എന്നൊക്കെ പ്രചരിക്കുന്നതായി അറിയാൻ കഴിഞ്ഞു. അതുകൊണ്ടാണ് തൽക്കാലം മാറി നിൽക്കാൻ തീരുമാനിച്ചത്. തെക്കൻ കേരളത്തിലാണ് ഇപ്പോഴുള്ളത്. ഭയം കാരണം തന്നെയാണ്. ഏതുവിധത്തിലുള്ള തെറ്റിദ്ധാരണയും നടത്തി ആളുകളെ പ്രകോപിപ്പിച്ച് വലിയ സംഘർഷാവസ്ഥ അവിടെ സൃഷ്ടിച്ചു. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം പൂർണമായി വിജയിച്ചിട്ടില്ല' ഷിജിൻ പറയുന്നു.
'എന്നേക്കുറിച്ച് പരത്തുന്ന തെറ്റിദ്ധാരണ ശരിയാണെന്ന് കരുതി ആളുകൾ വരാം. അവരെ തെറ്റ് പറയാൻ പറ്റില്ല. വർഗീയവൽകരണത്തിനുള്ള സാഹചര്യമുണ്ടാക്കുന്നത് ഇത്തരം സംഘടനകളാണ്. അവർ പിന്മാറിയാൽ ഈ പ്രശ്നങ്ങൾ തീരും' ഷിജിൻ കൂട്ടിച്ചേർത്തു.
താൻ തനിക്കിഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാൻ തീരുമാനിച്ചതിന് പ്രശ്നങ്ങളുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് ജോയ്സ്ന പറഞ്ഞു. ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നത്. ആരും തട്ടിക്കൊണ്ടുപോകുകയോ ബലം പ്രയോഗിക്കുകയോ ചെയ്തിട്ടില്ല. വിശ്വസിക്കുന്ന സമുദായത്തിൽ ഉറച്ചുനിൽക്കാൻ തനിക്ക് അവകാശമുണ്ടെന്നും ജോയ്സ്ന ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ