തിരുവനന്തപുരം: സിനിമാസീരിയൽ യുവനടി ശിൽപ്പയുടെ (19) മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സുഹൃത്തിനെ പൊലീസിന് അറസ്റ്റ് ചെയ്തു. കാട്ടാക്കടയിൽ നിന്നാണ് ലിജിനെ പിടികൂടിയത്. ഇയാൾക്ക് ശിൽപ്പയുടെ മരണത്തിൽ വ്യക്തമായ പങ്കുണ്ടെന്നാണ് സൂചന. ലിജിനുമായുള്ള അഭിപ്രായ ഭിന്നതയാണ് ശിൽപ്പയുടെ മരണത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലിജിൻ എത്തിയില്ല. ഇതോടെയാണ് പൊലീസിന് സംശയം ഉയർന്നത്. പൊലീസിന്റെ വലയിൽ കുടുങ്ങാതിരിക്കാൻ ലിജിൻ മൊബൈൽ ഫോൺ ഉപയോഗിച്ചുമില്ല. ഒറ്റശേഖരമംഗലത്തെ വീട് പൂട്ടി വീട്ടുകാരും ഒളിവിൽ പോയി. ഇതോടെയാണ് ലിജിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പ്രതിസന്ധിയിലായി. തുടർന്ന് ലിജിന്റെ കൂട്ടുകാരിലൂടെ ഇയാളുടെ ഒളി സങ്കേതം കണ്ടെത്താനാണ് പൊലീസ് ശ്രമിച്ചത്. അതിന്റെ ഫലമായാണ് ലിജിൻ കുടുങ്ങിയത്. ലിജിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ശിൽപ്പയുടെ മരണത്തിൽ വ്യക്തത വരൂവെന്നാണ് സൂചന. കോന്നിയിലെ പെൺകുട്ടികളുടെ തിരോധാനവും മരണവും അന്വേഷിക്കുന്ന എഡിജിപി ബി സന്ധ്യയെ ശിൽപ്പയുടെ മരണത്തിന്റെ മേൽനോട്ട ചുമതലയും ഏൽപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ലിജിന്റെ അറസ്റ്റ്.

എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്തിരുന്നു. ശിൽപ്പയുടെ മൂന്ന് കൂട്ടുകാരികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ശിൽപ്പയോടൊപ്പം ഉണ്ടായിരുന്ന മൂന്നു പേരിൽ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പൊലീസ് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ശനിയാഴ്ച ശിൽപ്പയും മറ്റു മൂന്നു പേരുമായി തർക്കം നടന്നുവെന്ന് മാതാപിതാക്കളുടെ മൊഴിയുണ്ട്. മരുതൂർക്കടവ് പാലത്തിനു സമീപം ശിൽപ്പയും രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമായിട്ടായിരുന്നു തർക്കം നടന്നത്.

ഈ സാഹചര്യത്തിലാണ് എഡിജിപിക്ക് അന്വേഷണ മേൽനോട്ട ചുമതല നൽകിയത്. അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തുന്നത്. പെൺകുട്ടി പട്ടികവിഭാഗക്കാരിയായതിനാലാണ് അസി.കമ്മിഷണർ നേരിട്ട് അന്വേഷണം നടത്തുന്നത്. ശനിയാഴ്‌ച്ച ഉച്ചയ്ക്കു കൂട്ടുകാരിയോടൊപ്പം ബാലരാമപുരത്തെ സുഹൃത്തിന്റെ വീട്ടിൽപോയ ശിൽപ്പയുടെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ കരമനയാറ്റിലെ മരുതൂർ കടവിൽ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ കൂട്ടുകാരി വീട്ടിലേക്ക് വിളിച്ച് ശിൽപ്പ പിണങ്ങിപ്പോയെന്നും മൊബൈൽ ഫോൺ തന്റെ കൈയിലാണെന്നും അറിയിച്ചതായി ശിൽപ്പയുടെ മാതാപിതാക്കൾ പറഞ്ഞു.

ശിൽപക്കൊപ്പം ഡാൻസ് പ്രോഗ്രാമുകളിൽ പങ്കെടുക്കാറുള്ള രണ്ടു പെൺകുട്ടികളെയും ചോദ്യം ചെയ്തുകഴിഞ്ഞു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളിൽ അവ്യക്തതയുണ്ട്. കാമുകനെന്ന് പറയുന്ന ലിജിനിൽനിന്ന് കൂടുതൽ വിവരം ലഭിക്കാനിടയുണ്ടെന്ന് പൊലീസ് പറയുന്നു. ശിൽപയുടെ മാതാപിതാക്കൾ മകളുടെ മരണം കൊലപാതകമാണെന്ന് കാട്ടി ചൊവ്വാഴ്ച ഡിജിപിക്ക് പരാതി നൽകിയിരുന്നു. കരമന കരുമം മധുപാലത്തിനടുത്ത് കരമനയാറ്റിൽ മുങ്ങിമരിച്ചനിലയിൽ കണ്ടത്. ബാലരാമപുരത്തെ സുഹൃത്തിന്റെ വീട്ടിൽ പെരുന്നാൽ സൽകാരത്തിന് കാട്ടാക്കട സ്വദേശിനിയുമൊത്താണ് ശിൽപ എത്തിയത്. കൂട്ടുകാരിയുടെ സുഹൃത്തായ മറ്റൊരു യുവാവും സൽകാരത്തിൽ പങ്കെടുത്തിരുന്നു.

ശില്പയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ സംഭവസ്ഥലത്തില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ ചോദ്യം ചെയ്യലുകൾ നൽകുന്ന സൂചനയിൽ ദുരൂഹത കടന്നുവന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കുന്നത്.

നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷാജിസുമ ദമ്പതിമാരുടെ മകളാണ് ശില്പ. ഒട്ടേറെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു ഈ ഹയർ സെക്കൻഡറി വിദ്യാർത്ഥിനി. ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്.