വിഴിഞ്ഞം: തന്റെ അച്ഛൻ എന്നെങ്കിലും തിരിച്ച് വരുമെന്ന് കഴിഞ്ഞ മൂന്ന് മാസമായി പ്രാർത്ഥനയോടെ കാത്തിരുന്ന ആന്റണിയുടെ മുന്നിലേക്ക് ശിലുവയ്യൻ കയറി വന്നപ്പോൾ അത് വിഴിഞ്ഞത്തുള്ളവർക്ക് എന്നെന്നും ഓർക്കാനുള്ള മുഹൂർത്തമായി മാറി. വിഴിഞ്ഞം അടിമലത്തുറ ജനി ഹൗസിൽ ശിലുവയ്യൻ (55) ഓഖി തിരമാലകളിൽ പൊലിഞ്ഞ് പോയെന്ന് പലരും കരുതിയെങ്കിലും തനിക്ക് ആകെയുള്ള അച്ഛൻ തിരിച്ച് വരുമെന്ന് തന്നെയായിരുന്നു ആന്റണിയുടെ മനസ്സിൽ.

മാസങ്ങൾക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ശിലുവയ്യൻ കണ്ടത് തന്നെ കാത്തിരിക്കുന്നു പ്രാർത്ഥിക്കണം എന്ന പറഞ്ഞ് വീടിന് സമീപത്തെ മരത്തിൽ ഫ്‌ളക്‌സ് ബോർഡ് തൂക്കിയിട്ടിരിക്കുന്നതാണ്. മരിച്ചെന്നുകരുതിയ പിതാവിനെകണ്ട ആന്റണി ഒരുനിമിഷം സ്തബ്ധനായി പിന്നീട് ഓടി പിതാവിനെ വാരിപ്പുണർന്നു.

55കാരനായ ശിലുവയ്യൻ കഴിഞ്ഞ നവംബർ ആദ്യവാരമാണ് മീൻ പിടിത്തത്തിനായി കാസർകോട്ടേക്ക് ട്രെയിൻ കയറിയത്. തന്റെ ഏക മകനായ ആന്റണിയുടെ ഭാവി, സ്വന്തമായൊരു കിടപ്പാടം എന്നിങ്ങനെയുള്ള സ്വപ്നവുമായിട്ടായിരുന്നു യാത്ര. അവിടെയെത്തിയ നാലംഗ സംഘം മുഹമ്മദ് എന്നയാളുടെ തങ്ങൽ വള്ളത്തിൽ കടലിലിറങ്ങി. ഓഖി ചുവലിക്കാറ്റ് സംഹാര താണ്ഡവമാടിയ നവംബർ മുപ്പതിന് കടലിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട സംഘം കരയിലെത്തി.

ഇതിനിടയിൽ ദുരന്തം സംബന്ധിച്ച ബന്ധുക്കളുടെ നിരന്തര ഫോൺ കോളുകൾ എത്തിയതോടെ മറ്റുള്ളവർ നാട്ടിലേക്ക് മടങ്ങി. ശിലുവയ്യൻ പക്ഷേ കൂടെയുള്ളവരുടെ തിരിച്ചുവരവും കാത്ത് അവിടെത്തന്നെ തങ്ങി. പണമില്ലാതെ നാട്ടിലേക്ക് വന്നാലുള്ള ഗതികേടോർത്ത് വീണ്ടും കടലിൽ വള്ളമിറക്കാമെന്ന പ്രതീക്ഷയോടെ ശിലുവയ്യൻ മാസങ്ങളോളം പിടിച്ചു നിൽക്കുകയായിരുന്നു. ശിലുവയ്യനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നാട്ടുകാർക്ക് ലഭിക്കാതെ വന്നതോടെ അടിമലത്തുറയിൽ ഓഖിയിൽ ശിലുവയ്യനും പോയെന്ന് എല്ലാവരും കരുതി.

എന്നാൽ ബന്ധുവിന്റെ തണലിൽ കഴിയുന്ന ശിലുവയ്യന്റെ ഏക മകൻ ആന്റണി കർത്താവിന്റെ ചില്ലിട്ട പടത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് അച്ചനെ മടക്കി തരണമേ എന്ന് ദിവസവും പ്രാർത്ഥന തുടർന്നു.പിന്നീട് പ്രാർത്ഥനയോടെ ഒരു ഫ്‌ളക്‌സും വെച്ചു. ഒടുവിൽ കാശ് കടം വാങ്ങി ശിലുവയ്യൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ അപൂർവ സംഗമത്തിന് സാക്ഷികളാകാൻ നാട്ടുകാരും എത്തിയിരുന്നു.