പത്തനംതിട്ട:ശബരിമല വിഷയത്തിൽ വർഗീയ വിഷം നിറച്ച് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്റെ പ്രസംഗം വിവാദമാകുന്നു. ക്ഷേത്രങ്ങളിൽ നടവരവ് കുറയ്ക്കുകയെന്നതാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു. ദേവസ്വം ബോർഡിന്റെ ഒരു ക്ഷേത്രങ്ങളിലും കാണിക്കയിടരുതെന്ന് ഭക്തർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെ സുരേന്ദ്രനെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ എസ്‌പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ശബരിമലയിലെ വരുമാനം ഇപ്പോൾ നന്നായി ഇടിഞ്ഞിട്ടുണ്ട്. നടവരവ് കുറയ്ക്കുകയെന്നത് ഞങ്ങളുടെ പ്രഖ്യാപിതലക്ഷ്യമാണ്. ദക്ഷിണേന്ത്യ മുഴുവൻ ഞങ്ങൾ ശബരിമല പ്രചാരണവിഷയമാക്കും. ഒരു കോടി ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി വീടുകളിലെത്തി ഞങ്ങൾ അമ്പലങ്ങളിൽ കാണിക്കയിടുന്നതിരെ പ്രചാരണം നടത്തും. ദേവസ്വം ബോർഡ് ഭക്തരുടെ പണം കൊണ്ട് കൊഴുക്കേണ്ട. വിശ്വാസമില്ലാത്തവർ ക്ഷേത്രങ്ങൾ ഭരിക്കേണ്ട എന്നാണ് ബിജെപിയുടെ നിലപാട് എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.കാണിക്കയിടുന്ന ഭക്തരോട് നീതിപൂർവകമായ സമീപനം സർക്കാരിനില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയതെന്ന് അവർ കൂട്ടിച്ചേർത്തു.

പൊലീസിനെതിരെ ദണ്ഡ പ്രയോഗിക്കുമെന്നും അവർ വെല്ലുവിളിച്ചു. ശബരിമല സമരത്തിൽ പങ്കെടുക്കുന്ന പ്രവർത്തകരെ പൊലീസ് ലാത്തിയുമായി നേരിട്ടാൽ ആർഎസ്എസിന്റെ 'നിയുദ്ധ' പരിശീലനം ലഭിച്ചവർ മുറപ്രയോഗത്തിന് തയ്യാറാകും. യതീഷ് ചന്ദ്രയെപ്പൊലുള്ള ഓഫീസർമാർ ചവിട്ടാൻ ബൂട്ട് ഉയർത്തുന്നതിന് മുമ്പ് മറുപടി കിട്ടിയിരിക്കും.-ശോഭാസുരേന്ദ്രൻ പറഞ്ഞു.ശോഭാസുരേന്ദ്രന്റെ പ്രസംഗത്തിനെതിരെ നവമാധ്യമങ്ങളിലടക്കം നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്. കൃത്യമായ കലാപാഹ്വാനമാണ് ഇതെന്നും പൊലീസ് കേസെടുക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്.