റായ്പൂർ: ഛത്തീസ്‌ഗഡിൽ ആദിവാസി പെൺകുട്ടികൾ നേരിടുന്ന ക്രൂരമായ പീഡനങ്ങൾ വെളിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. റായ്പൂർ സെൻട്രൽ ജയിലിലെ ഡപ്യൂട്ടി ജയിലർ വർഷ ഡോങ്ക്രെയാണ് പൊലീസ് അതിക്രമം വെളിപ്പെടുത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അതിക്രൂരമായി ഉപദ്രവിക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. 14നും 16നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടികളെ വിവസ്ത്രരാക്കി കൈകളിലും സ്തനങ്ങളിലും ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കാറുണ്ട്. എന്തിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നത്. ആ കുട്ടികൾക്ക് ചികിത്സ നൽകാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്-വർഷ ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി.

ബസ്തറിൽ ഇരു ഭാഗത്തുമായി പോരടിച്ച് മരിക്കുന്നത് നമ്മുടെ പൗരന്മാർ തന്നെയാണെന്ന് വർഷ പറഞ്ഞു. മുതലാളിത്ത വ്യവസ്ഥ ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്ന് തന്നെ കുടിയിറക്കുന്നു. അവരുടെ ഗ്രാമങ്ങൾ അഗ്‌നിക്കിരയാക്കുന്നു. അവരുടെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. ഇത് നക്സലിസം അവസാനിപ്പിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് ആദിവാസികളുടെ ഭൂമിയും വനവും പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ്.

ഇത് ആദിവാസികളുടെ ഭുമിയാണ്. ഇവിടം വിട്ട് അവർക്ക് മറ്റെങ്ങും പോകാൻ കഴിയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും നിയമ സംവിധാനങ്ങൾ വേട്ടയാടുന്നു. കള്ളക്കേസുകളിൽ കുടുക്കുന്നു-അവർ നീതി തേടി ആരെയാണ് സമീപിക്കുന്നത് വർഷ ചോദിച്ചു. സത്യം വിളിച്ചു പറയുന്ന മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും ജയിലിലേക്ക് അയക്കുകയാണെന്നും വർഷ കൂട്ടിച്ചേർത്തു.

ഹിന്ദിയിയിലിട്ട പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു. സുഖ്മയിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർഷയുടെ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. പോസ്റ്റിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഛത്തീസ്‌ഗഡ് ജയിൽ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.