കോതമംഗലം: ഷോജിയുടെ ദാരുണാന്ത്യത്തിന് ഇന്നു നാലു വയസ്സ്. ഘാതകനെ കണ്ടെത്തുന്നതിനുള്ള അന്വേഷണ ഏജൻസികളുടെ നീക്കം ഇപ്പോഴും തുടങ്ങിയിടത്തുതന്നെ.

മാതിരപ്പിള്ളി വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8-ാം തീയതി ബുധനാഴ്ച രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. പന്ത്രണ്ടു മണിയോടെയാണ് സംഭവം പുറലോകം അറിയുന്നത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് ഇവരുടെ ഇരുനിലവീടിനുള്ളിലെ ഉപയോഗിക്കാതെ കിടന്നിരുന്ന മുറിയിൽ പായിൽ മലർന്നു കിടക്കുന്ന നിലയിൽ ഷോജിയുടെ ജഡം കണ്ടെത്തിയത്. .

പെരുമ്പാവൂരിലെ ജിഷ സംഭവവുമായി ഏറെ സമാനതകളുള്ളതാണ് ഷോജിയുടെ അരുംകൊല. സംഭവം നടന്ന് നാല് വർഷമെത്തിയിട്ടും ഘാതകനെ പിടികൂടുന്നതിനുള്ള പൊലീസ്‌നീക്കത്തിൽ ആശാവഹമായ പുരോഗതിയുണ്ടായിട്ടില്ലെന്നുള്ളത് പൊതുസമൂഹത്തിന്റെ കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഭർത്താവ് ഷാജി, മൃതദേഹം ആദ്യം കണ്ട നിർമ്മാണത്തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ച് മാസങ്ങളോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തുന്നതിന് സഹായകമായ ഒരു വിവരവും ഇവരിൽ നിന്നും പൊലീസിന് ലഭിച്ചില്ല. അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നും, തൃപ്തികരമല്ലന്നും ഷോജിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐ യ്ക്കോ കൈമാറണമെന്നാവശ്യപ്പെട്ട് ഷോജിയുടെ ബന്ധുക്കൾ അന്നത്തെ ആഭ്യന്തരവകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷണനെ സമീപിച്ചിരുന്നു.

സംഭവുമായി ബന്ധപ്പെട്ട സാഹചര്യ തെളിവുകളെല്ലാം തന്നെ വിരൽ ചൂണ്ടുന്നത് ഷോജിയുടെ ഭർത്താവ് ഷാജിയിലേക്കായിരുന്നു. ഷോജിയുടെ കൊലപാതകത്തിന് കാരണം ഭർത്താവ് ഷാജിയും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയുമാണെന്നും ഷോജിയുടെ ബന്ധുക്കൾ കൊല നടന്ന ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥരോടും മാദ്ധ്യമപ്രവർത്തകരോടും പറഞ്ഞിരുന്നു.

കേസിൽ നിർണ്ണായകമാകാവുന്ന തെളിവുകൾ നശിപ്പിക്കപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.

ഷോജിയുടെ മരണം പുറലോകം അറിഞ്ഞതോടെ സംഭവനടന്ന വീട്ടിൽ നാട്ടുകാർ ഇരച്ചുകയറുകയും മുറിയിലുണ്ടായിരുന്ന സാധനസാമഗ്രകളിലും സ്പർശിക്കുകയും ചെയ്തിരുന്നു, മാത്രമല്ല ഭിത്തികളിലും മറ്റിടങ്ങളിലും നാട്ടുകാരുടെ വിരൽപാടുകൾ നിറഞ്ഞു. രക്തക്കറ കൈയിൽ പുരണ്ട ഉദ്യേഗസ്ഥർ വീടിനുള്ളിൽ തന്നെയുള്ള വാഷ് ബേസിനിൽ കൈ കഴുകുകയുംചെയ്തു. പ്രതി കൊലയ്ക്ക് ശേഷം കൈകഴുകുന്നതിനോ ആയുധം വൃത്തിയാക്കുന്നതിനോ ഈ വാഷ് ബേസിൻ ഉപയോഗിച്ചിരുന്നുവെങ്കിൽ നിർണായകമായേക്കാവുന്ന തെളിവാണ് പൊലീസിന്റെ ഈ അശ്രദ്ധമൂലം നഷ്ടപ്പെട്ടതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആദ്യം സ്ഥലത്തെത്തിയത് ഒരു ട്രാഫിക് പൊലീസുകാരനാണ്. ജഡം കാണപ്പെട്ട മുറിയിൽ നിന്നും നാട്ടുകാരെ മാറ്റി നിർത്തുന്നതിൽ ഇയാൾ നടത്തിയ നീക്കം പരാജയപ്പെടുകയും സംഭവസ്ഥലത്തുനിന്നു പ്രാഥമികമായി കിട്ടേണ്ടിയിരുന്ന തെളിവുകൾ ഇതുമൂലം നഷ്ടമാവുകയും ചെയ്‌തെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊലീസ് നായയെ കൊണ്ടുവരുന്നതിലും അന്വേഷണസംഘം മടികാണിച്ചു. സംഭവദിവസം പൊലീസ് നായയെ കൊണ്ടുവരാത്തത് പരക്കെ വിമർശനത്തിന് കാരണമായിരുന്നു. ഷോജിയുടെ സംസ്‌ക്കാരം കഴിഞ്ഞാണ് സ്റ്റെല്ലയെന്ന പൊലീസ് നായെ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്.

മൂർച്ചയുള്ള ആയുധം കൊണ്ട് ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ഷോജിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിട്ടുള്ളത്. കഴുത്തിന്റെ ഇടതുഭാഗത്ത് എട്ടുസെന്റിമീറ്റർ നീളവും ആറു സെന്റീമീറ്റർ ആഴവുമുള്ള മുറിവാണുണ്ടായിരുന്നത്. ഒരു പക്ഷേ കുത്തിയ ശേഷം ബഹളം വച്ചപ്പോൾ കൃത്യം നടത്തിയ നരാധമൻ ഷോജിയുടെ കഴുത്തറുത്തതാകാമെന്ന സംശയമാണ് ഇതു സൃഷ്ടിച്ചിരിക്കുന്നത്. അതിമൂർച്ചയുള്ള പേപ്പർ കട്ടറോ ഉളിയോപോലുള്ള ആയുധമാണു കൃത്യത്തിനു ഉപയോഗിച്ചിരിക്കുന്നതെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഈ ആയുധം കണ്ടെത്താൻ പൊലീസുദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.

സംഭവം നടന്നതിനു പിറ്റേന്നു സംസ്‌കാരം കഴിഞ്ഞ് ജനങ്ങൾ പിരിഞ്ഞുപോയതിനുശേഷമാണ് ഡോഗ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തിയത്. നായ വീട്ടിനുള്ളിൽ കടന്ന് ഒന്നാം നിലയിൽ എത്തിയശേഷം ഗോവണി വഴി പുറത്തുവന്ന് അവിടെനിന്ന് അടുത്ത പുരയിടത്തിലും പിന്നീട് കൊറിയാമല റോഡിലൂടെയും അൽപദൂരം ഓടിയശേഷം മടങ്ങിവന്നു. ഇതിൽനിന്ന് അന്വേഷണത്തിനു പുതിയ ദിശയൊന്നും തെളിഞ്ഞുകിട്ടിയില്ല.

പിന്നീട് ക്രൈംബ്രാഞ്ച് സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയെങ്കിലും കേസിൽ യാതൊരു വിധ പുരോഗതിയും നാളിതുവരെ ഉണ്ടായിട്ടില്ല. കൊലപാതകിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടന്നെങ്കിലും അധികൃതർ അനങ്ങാപ്പാറനയം സ്വീകരിക്കുകയായിരുന്നെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ജിഷ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ശക്തമായ നീക്കം ഇക്കാര്യത്തിലും പ്രാവർത്തികമായിരുന്നെങ്കിൽ പ്രതി ഇതിനകം അഴിയെണ്ണുമായിരുന്നെന്നാണ് പൊതുസമൂഹത്തിന്റെ കണക്കുകൂട്ടൽ. ഘാതകരെ കണ്ടെത്താൻ കഴിയാത്ത അന്വേഷണ ഏജൻസികളുടെ നീക്കത്തിൽ പ്രതിഷേധിച്ച് ഇന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചിട്ടുണ്ട് .വൈകിട്ട് 5ന് മാതിരപ്പള്ളി കവലയിൽ നടക്കുന്ന പ്രതിഷേധയോഗം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും.