- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി സി ജോർജ്ജ് എവിടെയും ഒളിച്ചോടിയിട്ടില്ല, തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് ബന്ധുക്കൾ; ജോർജിനെതിരായ നടപടി പിണറായിയുടെ 'തൃക്കാക്കര സ്റ്റണ്ട്'; ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കൻ ശ്രമമെന്ന് ഷോൺ ജോർജ്ജ്; നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ജോർജ്ജ്
കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട ശേഷം പി സി ജോർജ് എവിടെയും ഒളിച്ചോടിയിട്ടില്ലെന്ന് മകൻ ഷോൺ ജോർജ്. പി സി ജോർജ് തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതികാര നടപടിക്ക് വഴങ്ങില്ലെന്നും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോൺ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
അതസസമയം പി സി ജോർജിനെതിരായ നടപടിയെ തൃക്കാക്കര സ്റ്റണ്ടെന്നും ഷോൺ ജോർജ്ജ് വിമർശിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനായി ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഷോൺ ജോർജ് ആരോപിച്ചു. ഈ പ്രീണനം സർക്കാരിന് തന്നെ വലിയ തിരിച്ചടിയാകും. പി സി ജോർജിനെ വർഗീയ വാദിയായി ചിത്രീകരിക്കുന്ന ഇവരാണ് വലിയ വർഗീയവാദി. വിജയ് ബാബുവിനെപ്പോലെ പി സി ജോർജ് ഒളിച്ചോടുമെന്ന് ആരും കരുതില്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
ഇന്നലെ കോടതിക്ക് മുന്നിലെത്തിയ മുൻകൂർ ജാമ്യ ഹർജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു. 34 മിനിറ്റുള്ള പ്രസംഗത്തിന്റെ പെറുക്കിയെടുത്ത വാക്കുകൾ മാത്രമാണ് കോടതിക്കുമുന്നിൽ ഹാജരാക്കിയിട്ടുള്ളത്. ഹൈക്കോടതിയെ സമീപിച്ച് പി സി ജോർജിന്റെ വാക്കുകളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പൊലീസിന്റെ നടപടിയാണെന്ന് പറയില്ല
അറസ്റ്റ് ഉടനില്ലെന്ന് പ്രഖ്യാപിച്ചിട്ട് പൊലീസിന് നിലപാട് മാറ്റേണ്ടി വന്നത് മുഖ്യമന്ത്രിയുടെ സമ്മർദം കൊണ്ടാണ്. പിണറായി വിജയന്റെ നിയമം അനുസരിക്കാൻ മനസില്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു. അതേസമയം ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരാനാണ് പൊലീസ് തീരുമാനമെന്നാണ് അറിയന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പി സി ജോർജ് ഈരാട്ടുപേട്ടയിലെ വീട്ടിൽ നിന്ന് പോയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
വീട്ടിലെ സിസി ടിവി പൊലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും പി.സി ജോർജ് എവിടെയെന്ന് അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ നാളെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചേക്കും.
വെണ്ണല പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും കേസിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാകും അറിയിക്കുക. മതവിദ്വേഷം വളർത്തുന്ന രീതിയിലും പൊതു സൗഹാർദം തകർക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസെന്നുമാണ് പി സി ജോർജിന്റെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ