തിരുവനന്തപുരം: അമൃതാനന്ദമയീ ദേവിയ്‌ക്കെതിരെ നടത്തിയ നീക്കങ്ങളാണ് സന്ദീപാനന്ദ ഗിരിയെ ഒരു കൂട്ടർക്ക് വിവാദ സ്വാമിയായി മാറ്റിയത്. ഇതോടെ സന്ദീപാനന്ദഗിരിക്ക് പിന്തുണയുമായി ഇടതുപക്ഷമെത്തി. ആത്മീയതയെ കമ്യൂണിസത്തിലൂടെ വിശകലനം ചെയ്ത് സന്ദീപാനന്ദ ഗിരി സാളഗ്രാമവുമായി മുന്നോട്ട് പോയി. ശബരിമല സ്ത്രീ വിഷയത്തിലും സുപ്രീംകോടതി വിധിക്കൊപ്പമായിരുന്നു സന്ദീപാനന്ദ ഗിരി. ഇതിനിടെയാണ് സന്ദ്ീപാന്ദ ഗിരിയുടെ ആശ്രമത്തിൽ അക്രമം നടക്കുന്നത്. രണ്ട് കാറുകൾ കത്തിച്ചു. നടന്നത് വധശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിലയിരുത്തി. ഇതോടെ സ്വാമി വീണ്ടും ചർച്ചകളിലെ താരമായി. ഇതിനിടെ സിസിടിവി ഓഫ് ചെയ്ത ശേഷമുള്ള ആക്രമമായും വിലയിരുത്തലെത്തി. ഏതായാലും ഈ സാഹചര്യം സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്.

അമൃതാനന്ദമയീ ഭക്തരാണ് സന്ദീപാനന്ദഗിരിയെ കളിയാക്കി രംഗത്ത് വരുന്നത്. പികെ ഷിബുവെന്ന് വിളിച്ചാണ് ഇപ്പോൾ കളിയാക്കാൽ. ഇതിനൊപ്പമാണ് അമൃതാ ടിവിയിലെ കോഴിക്കോട്ടെ ശ്യാം കെ വാര്യരുടെ കുറിപ്പും ചർച്ചയാക്കുന്നത്. അമൃതാനന്ദമയീ മഠത്തിലെ ചാനൽ ജീവനക്കാരൻ സന്ദീപാനന്ദഗിരിയെ കണക്കിന് വിമർശിക്കുകയാണ്. പൂർവ്വാശ്രമത്തിലെ കഥകൾ പറഞ്ഞാണ് സന്ദീപാനന്ദ ഗിരിയെ ശ്യാം കെ വാര്യർ കളിയാക്കുന്നത്. ഇതിന് താഴെ സന്ദീപാനന്ദ ഗിരിക്കെതിരെ കടുത്ത വിമർശനങ്ങളും അമൃതാനന്ദ മയീ ഭക്തർ ഉയർത്തുന്നു. ഇതോടെ ചർച്ചകൾ പുതിയ തലത്തിലെത്തുകയാണ്. സന്ദീപാനന്ദ ഗിരിയുടെ വ്യക്തി ജീവിതത്തെ പോലും കളിയാക്കുകയും പ്രതിക്കൂട്ടിൽ നിർത്തുകയുമാണ് അമ്മ ഭക്തർ. ഇതിന് നേതൃത്വം കൊടുക്കുന്നത് അമൃതാ ടിവിയിലെ മാധ്യമ പ്രവർത്തകനാണെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ആദ്യം മന്ത്രദീക്ഷ നൽകിയ ഗുരുവും പിന്നെ മഞ്ഞ (ബ്രഹ്മചാരി) വസ്ത്രം നൽകിയ അധ്യാത്മിക പ്രസ്ഥാനവും (ചിന്മയാ മിഷൻ) കൈവിട്ട വ്യക്തിക്ക് ഗുരുത്വമില്ലെന്ന് വ്യക്തം. പിന്നിട് ഗിരി പരമ്പരയിൽ നിന്നും കാഷായ വസ്ത്രം അണിഞ്ഞു അതൊരു അലങ്കാരവും മറയും മാത്രമാക്കുകയായിരുന്നു പിന്നെ ആ സാധകന്. ശരീരം സംരക്ഷിക്കാൻ മികച്ച വസ്ത്രമില്ലെങ്കിൽ പ്രഭാഷണം നടത്താൻ സ്വാമിയുണ്ടാവില്ലെന്ന് പറയുന്ന ഈ ധന്യൻ ചിന്മയാമിഷൻ എന്ന മഹാപ്രസ്ഥാനത്തിന് വിത്തുപാക്കിയ സ്വാമി ചിന്മയാനന്ദനെയും അദ്ദേഹത്തിന്റെ ഗുരുനാഥൻ തപോവനസ്വാമികളെയും ഓർത്താൽ നന്ന്. ജീവിക്കാൻ സോപ്പും, ചീർപ്പും പിന്നെ ആളെ കൂട്ടാൻ കെട്ടിപിടിച്ചു ഉമ്മയും നൽകണമോ എന്നാണ് ചാനലിലൂടെ ഇദ്ദേഹം ചോദിച്ചത്.-ഇങ്ങനെയാണ് സന്ദീപാനന്ദഗിരിയെ കളിയാക്കുന്ന ശ്യാം കെ വാര്യരുടെ പോസ്റ്റ് തുടങ്ങുന്നത്. അതിന് ശേഷം സന്യാസ വഴിയിലേക്ക് നീങ്ങിയതിന് മുമ്പുള്ള കഥകളും പറയുന്നു.

പ്രാഥമിക സ്‌ക്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ ജീവിക്കാനായി വർക്ക്‌ഷോപ്പ് നടത്തിയതും പിന്നെ ഫോട്ടോ ലാമിനേഷൻ നടത്തിയും ആധ്യാത്മിക വഴിയിലേയ്ക്ക് എത്തിയ ആൾ പഴയ തൊഴിലിടങ്ങൾ മറക്കരുതായിരുന്നു. പിന്നെ ഹിമാലയൻ ട്രാവൽ ഏജൻസി നടത്തിയതും ജീവിക്കാനായിരുന്നു എന്ന് ഓർത്താൽ നന്ന്. സാന്ദീപനിയിൽ ചേർന്ന് മൂന്ന് വർഷം പഠിച്ചാൽ ആർക്കും ഭഗവത് ഗീതയിലെ അർത്ഥം പറയാനാവും. പറയുന്നതിലെ മികവിനനുസരിച്ച് ആളെ കൂട്ടാനുമാവും. ആ മികവിനൊപ്പം പക്ഷെ ഗുരു കടാക്ഷവും കൂടി ചേർന്നാലെ സന്യാസജീവിതം ധന്യമാകൂ. സ്വയം ഗുരുവായി, നവോഥാന നായകനായി സങ്കൽപ്പിക്കും മുമ്പ് സഞ്ചരിച്ച വഴികളും അവിടെ കണ്ട മുഖക്കളും എല്ലാം ഈ ധന്യാത്മാവ് ഓർത്താൽ നന്ന്. കാഷായ വസ്ത്രം ത്യാഗത്തിന്റെതാണ്. അധ്യത്മിക സംസ്‌കാരത്തിന്റെ അടയാളമാണത്. മറ്റുള്ളതിനെയെല്ലാം അപമാനിച്ചു വെട്ടിപ്പിടിക്കാനുള്ള ഒരു അലങ്കാര വസ്ത്രമല്ല.-ഇങ്ങനെയാണ് ശ്യാം കെ വാര്യർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒരു തെമ്മാടിക്കൊരിക്കലും ഒരു നല്ല സന്യാസിയാകാൻ കഴിയില്ലെന്ന് ഈ 'മഹാൻ' തെളിയിക്കുന്നൂ എന്നാണ് കൃഷ്ണ രാജ് വാര്യരുടെ കമന്റ്. അപ്പൊ വാല്മീകി തെമ്മാടി അല്ലായിരുന്നോ എന്ന ബിജുവിന്റെ ചോദ്യത്തിന് അദ്ദേഹം ചെയ്ത തെറ്റ് മനസിലായപ്പോൾ അതിൽ നിന്ന് മോചനം നേടി അതുപോലെയാണോ ഈ കള്ള സാമിയെന്നാണ് കൃഷ്ണ രാജ് വാര്യർ കുറിക്കുന്നത്. വളരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത് കൃഷ്ണാ കെ വാര്യത്താണ്. എന്തുകൊണ്ട് ചിന്മയാ മിഷനിൽ നിന്ന് പുറത്താക്കി എന്നുകൂടി എഴുതണം. പിന്നെ കാശികാനന്ദഗിരി മഹാരാജിന്റെ ആശ്രമത്തിൽ തൊട്ടും പിടിച്ചും രണ്ടാഴ്ച നിന്ന് ചിന്മയ യിൽ നിന്ന് കിട്ടിയ ചൈതന്യ എന്ന ഉപേക്ഷിച്ച് , അവിടെ നിന്നും കൂടുതൽ ആകർഷകമായ ഗിരി എന്നത് സ്വയം എടുത്തണിഞ്ഞത്. രണ്ട് കുട്ടികൾ മുങ്ങി മരിച്ചത്( ?) എങ്ങനെയെന്ന് , സാളഗ്രാമം എങ്ങനെ ഉണ്ടാക്കി എന്ന് , എന്തുകൊണ്ട് തിരൂരിൽ നിന്ന് അടി കിട്ടി എന്ന് , എന്തുകൊണ്ട് സി രാധാകൃഷ്ണൻ പിറവി യിൽ നിന്ന് വിട്ടു പോന്നു എന്ന് ....ഒക്കെ എഴുതണം എന്ന് ശ്യമിനോട് പറയുകയാണ് ക്യഷ്ണാ കെ വാര്യത്ത്. അങ്ങനെ ചർച്ച പുരോഗമിക്കുന്നു.

ഇതിനിടെ സന്ദീപാനന്ദഗിരിയെ അനുകൂലിക്കുന്നവരും അഭിപ്രായ പ്രകടനവുമായെത്തുകയാണ്. ഇമ്മാതിരിക്കഥകൾ സുധാമണിക്കും ബാധകമാക്കണം എന്ന ചോദ്യത്തോട് കടന്നാക്രമണമാണ് അമ്മ ഭക്തർ നടത്തുന്നത്. നീ ഇ പറഞ്ഞ സുധാമണി എന്താന്ന് ലോകത്തിന് നന്നായറിയാം ലോക നന്മക്കാണ് അമ്മയുടെ അവതാരമെന്നതുമറിയാം അതറിയാത്തത് നിന്നെ പോലുള്ള കുറച്ചാളുകൾക്കാണ് സുനാമി വന്നപ്പേഴും ഓഖി വന്നപ്പോഴും പ്രളയം വന്നപ്പോഴും സഹായം നൽകാൻ സുധാമണി ഉണ്ടായിരുന്നു അത് വേർതിരിവോടെയല്ല നൽകിയത് അപ്പോഴൊക്കെ ഈ ഷിബു എവിടെയായിരുന്നു ഇവൻ എങ്ങന്നെ ഗിരിയായി എന്നതൊന്നും നിങ്ങൾക്കറിയില്ലായിരിക്കാം എന്നാൽ ഞങ്ങൾക്ക് നന്നായറിയാം-എന്നാണ് വിനോജ് പി എസിന് അമ്്മ ഭക്തർ നൽകുന്ന മറുപടി. താങ്കൾ പുറത്ത് നിന്ന് വിമർശ്ശിക്കുന്നതിനേക്കാൾ നല്ലത് സ്വയം സുധാമണിയോടൊപ്പം നിന്ന് എന്താണ് കാര്യങ്ങൾ എന്ന് അന്വേഷിക്കൂവെന്നും ഉപദേശിക്കുന്നു.

കേരളത്തിൽ ഇപ്പോഴുള്ള മതങ്ങളെ ശുദ്ധീകരിക്കാൻ ഇടതുപക്ഷ രാഷ്ട്രീയത്തിനേ സാധിക്കുകയുള്ളൂവെന്ന് വിശദീകരിക്കുന്ന സ്വാമിയാണ് സന്ദീപാനന്ദഗിരി കോഴിക്കോട്ടെ മാങ്കാവ് സ്വദേശിയായ തുളസീദാസിനെ ആത്മീയതയുമായി അടുപ്പിക്കുന്നത് ചിന്മയാ മിഷനുമായുള്ള അടുപ്പമാണ്. കോഴിക്കോട് ചിന്മയാ യുവ കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തകനായിരുന്ന അദ്ദേഹം ചിന്മയയിൽ തന്നെ ബ്രഹ്മചാരിയായി. സ്‌കൂളിൽ പഠിക്കുമ്പോൾ എസ് എഫ് ഐയും ഡിവൈഎഫ്ഐയുമെല്ലാമായിരുന്ന തുളസിദാസ് ആത്മീയതയുമായി അടുത്തത് കോഴിക്കോട് ചേവായൂരിലുള്ള ചിന്മയ മഠവുമായുള്ള അടുപ്പം കാരണമാണ്. അതിവേഗം ഭഗവദ് ഗീത പഠിച്ച തുളസീദാസ് ബ്രഹ്മചര്യം സ്വീകരിച്ചതോടെ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആത്മീയ പ്രഭാഷകനായി. തിരുവനന്തപുരത്ത് 101 ദിവസം കൊണ്ട് ഭഗവദ്ഗീതയെ വ്യാഖ്യാനിച്ച് നടത്തിയ യജ്ഞത്തോടെ സന്ദീപാനന്ദഗിരിക്ക് ആരാധകരും കൂടി. ചിന്മയയുടെ തിരുവനന്തപുരം കേന്ദ്രത്തിലെ ആചാര്യനായി പ്രവർത്തിക്കുന്നതിനിടെ ചില വിവാദങ്ങളെത്തി. ഹിമാലയൻ യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോടെ സന്ദീപാന്ദഗിരി ചിന്മയ വിട്ടു. സ്‌കൂൾ ഓഫ് ഭഗവദ് ഗീത സ്ഥാപിച്ചു. തട്ടകം തിരുവനന്തപുരത്തെ കുണ്ടമൺകടവുമാക്കി. സ്വന്തമായി സ്‌കൂളും മറ്റും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. മൂന്നാറിലെ ഓപ്പറേഷനിലെ പ്രധാനിയായിരുന്ന സുരേഷ് കുമാർ ഐഎഎസ് അടക്കമുള്ളവർ സ്വാമിക്കൊപ്പമുണ്ടായിരുന്നു.

ചിന്മയയിൽ സ്വാമി പ്രവർത്തിക്കുമ്പോൾ സംഘപരിവാറിനെ പ്രിയങ്കരനായിരുന്നു. എന്നാൽ ചിന്മയയുമായി ബന്ധം വിട്ടതോടെ പതിയെ സ്വാമി വേറിട്ട വഴികളിലൂടെ യാത്ര തുടങ്ങി. ഹിന്ദുത്വത്തിലെ കള്ളനാണയങ്ങൾക്കെതിരെ പതിയെ പ്രതികരിച്ചു. ഇതോടെ പരിവാറുകാർ എതിരായി. കേരളത്തിൽ വലിയ ആരാധകരുള്ള സ്വാമി അമൃതാനന്ദമയീ മഠത്തിനെതിരേയും മറ്റും പരസ്യ നിലപാട് എടുത്തത് പരിവാറുകാരെ ചൊടിപ്പിച്ചു. സന്ദീപാനന്ദ ഗിരിക്ക് നേരെ ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനവുമുണ്ടായി. തിരൂർ തുഞ്ചൻപമ്പറിൽ ആധ്യാത്മിക പ്രഭാഷണം നടത്തുന്നതിനിടെയാണ് ആക്രമണം. പ്രഭാഷണം ആരംഭിച്ചയുടൻ വേദിയിൽ കയറിയ പ്രവർത്തകർ അദ്ദേഹത്തെ ആക്രമിക്കുകായിരുന്നു. പുറത്തേയ്‌ക്കോടിയ അദ്ദേഹത്തെ പിന്തുടർന്ന് അവർ കല്ലെറിയുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല.

വോയ്‌സ് ഓഫ് ഭഗവദ്ഗീതയുടെ പേരിൽ സംഘടിപ്പിച്ച ക്ലാസിനിടയിലാണ് തിരൂരിരിൽ ഇതിന് മുമ്പ് സന്ദീപാനന്ദയ്ക്ക് നേരെ ആക്രമണമുണ്ടായത്. ക്ലാസ് ആരംഭിച്ച ഉടനെ ഇരുപതോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ ചേർന്ന് ബഹളം വെയ്ക്കുകയും ക്ലാസ് തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെ ക്ലാസ് തുടർന്ന സന്ദീപാനന്ദയെ വേദിയിൽ കയറി ആക്രമിക്കുകയായിരുന്നു. ആധുനിക മലയാളിയുടെ പൂജാമുറി ആൾദൈവങ്ങളെ കൊണ്ട് വീർപ്പുമുട്ടുകയാണെന്നും സ്വന്തം അമ്മയെ തള്ളേയെന്ന് വിളിക്കുന്നവർ ആശ്രമങ്ങളിൽ പോയി അമ്മേയെന്ന് വിളിച്ച് വരി നിൽക്കുകയാണെന്നും സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ്‌വെൽ അമൃതാനന്ദമയിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ സന്ദീപാനന്ദ പ്രതികരിച്ചിരുന്നു. ഇതേ തുടർന്ന് സന്ദീപാനന്ദയുടെ പ്രഭാഷണം പലതവണ അമ്മഭക്തർ തടയാൻ ശ്രമിച്ചിരുന്നു. അന്ന് തുടങ്ങിയ ശത്രുത ഇന്നും അവസാനിക്കുന്നില്ല. ഇതാണ് സാളഗ്രാമത്തിലെ തീവയ്‌പ്പിന് ശേഷവും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും ചർച്ചകളും വ്യക്തമാക്കുന്നത്.