നിലമ്പൂർ: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെ കുറിച്ചു പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇയാളുടെ സ്വത്ത് സമ്പാദനം തന്നെ ദുരൂഹമായി തുടരുകയാണ്. ഇയാളുടെ സ്വന്തം സമ്പാദനത്തെ കുറിച്ചുള്ള വിവരങ്ങളും എല്ലാവരെയും ഞെട്ടികയാണ്. 300 കോടിയോളം രൂപയുടെ സ്വത്ത് ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഇത് ഏതു വഴിയിലാണ് സമ്പാദിച്ചത് എന്ന കാര്യത്തിലാണ് സംശയം നിലനിൽക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് ഷൈബിൻ അഷ്‌റഫ് അതിസമ്പന്നനായി വളർന്നത്.

നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഇയാൾ കൂടുതൽ കൊലപാതകങ്ങൾ നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈബിൻ അതിബുദ്ധിമാനായ കുറ്റവാളിയെന്നും പൊലീസ് പറയുന്നു.

അടിമുടി നിഗൂഢതകൾ നിറഞ്ഞതാണ് കർണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കൈപ്പഞ്ചേരി ഷൈബിന്റെ ജീവിതം. പ്രതിയുടെ നിലമ്പൂരിലെ വീടും ബത്തേരിയിൽ നിർമ്മാണത്തിലുള്ള ആഡംബര വസതിയും കൂറ്റൻ മതിൽ കെട്ടിനുള്ളിലാണ്. ബത്തേരിയിൽ ഷൈബിന് 2 വീടുകളുണ്ട്. കൂടാതെ താമരശ്ശേരി ഈങ്ങാപ്പുഴയിൽ ബിസിനസ് പ്രൊജക്ടും ഉണ്ട്. ഇതെല്ലാം എത്തിപ്പിടിക്കുന്ന നിലയിലേക്ക് ഇയാൾ വളർന്നത് അതിവേഗമാണ്.

സാധാരണ കുടുംബത്തിലാണ് ഷൈബിൻ ജനിച്ചത്. പിതാവ് മെക്കാനിക്കായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസവും കംപ്യൂട്ടർ ജ്ഞാനവും മാത്രം കൈമുതലുള്ള 32കാരന്റെ സാമ്പത്തിക വളർച്ചക്കുപിന്നിലെ രഹസ്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. 10 വർഷം മുൻപാണ് അബുദാബിയിലെത്തിയത്. ഡീസൽ വ്യാപാരത്തിലാണ് തുടക്കം. അബുദാബിയിൽ സ്വന്തമായി റസ്റ്ററന്റുണ്ട്. ഇപ്പോൾ അബുബാദിയിലേക്ക് പോകാറില്ല. പ്രവേശന വിലക്കുള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയതാണെന്ന സംശയം അടക്കം നിലനിൽക്കുന്നുണ്ട്.

വടംവലി മത്സരവുമായി ബന്ധപ്പെട്ട് ഒരാളെ മർദിച്ചതിന് ഷൈബിൻ, കൂട്ടുപ്രതി ഷിഹാബുദ്ദീൻ എന്നിവർക്കെതിരെ ബത്തേരി പൊലീസിൽ കേസുണ്ട്. അടുത്തിടെ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി. വാഹന അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ കുന്നംകുളം സ്റ്റേഷനിൽ ഷൈബിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ കവർച്ചാ കേസ് പ്രതികൾ ഗൾഫിലെ 2 കൊലപാതകങ്ങളിൽ ഷൈബിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് സംഭവം. ലഭിച്ച വിവരങ്ങൾ പുനരന്വേഷണത്തിന് അബുദാബി പൊലീസിന് കൈമാറും. സംഭവത്തിൽ 5 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ്. നിലമ്പൂർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു. കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയ മൃതദേഹം കണ്ടെത്താൻ ശ്രമം നടത്തും.

മൃതദേഹം ലഭിച്ചില്ലെങ്കിലും സാഹചര്യത്തെളിവുകളുടെയും ഡിജിറ്റൽ തെളിവുകളുടെയും പിൻബലത്തോടെ കൊലപാതകം തെളിയിക്കാനാകുമെന്നും സുപ്രീംകോടതിയുടെ തന്നെ വിധി ഇക്കാര്യത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്റെ(42) സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.

ഷാബാ ഷരീഫിനെ തടവിൽ പാർപ്പിച്ച കാലത്ത് ഷൈബിന്റെ ഭാര്യയും കുട്ടിയും ഈ വീട്ടിലുണ്ടായിരുന്നു. ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. ഇവർക്ക് സംഭവത്തെക്കുറിച്ച് അറിയാമോയെന്നും അന്വേഷിക്കുന്നുണ്ട്. തെളിവ് നശിപ്പിക്കുന്നതിനുൾപ്പെടെ കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റ് മുതൽ ഷൈബിന്റെ മുക്കട്ടയിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി ഷാബാ ഷരീഫിൽനിന്നു മനസ്സിലാക്കി സ്വന്തമായി സ്ഥാപനം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതി. 2020 ഒക്ടോബറിൽ ഇയാൾ കൊല്ലപ്പെട്ടു. അറസ്റ്റിലായ ഷൈബിൻ, ബത്തേരി സ്വദേശികളായ പൊന്നക്കാരൻ ഷിഹാബുദ്ദീൻ, തങ്ങളകത്ത് നൗഷാദ്, ഷൈബിന്റെ ഡ്രൈവർ നടുത്തൊടിക നിഷാദ് എന്നിവർ റിമാൻഡിലാണ്.

ഷൈബിന്റെ വീട്ടിൽ കവർച്ച നടത്തിയെന്ന കേസിലെ പ്രധാന പ്രതിയും ഷൈബിന്റെ ബിസിനസ് പങ്കാളിയുമായ ബത്തേരി കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ ചോദ്യംചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷാബാ ഷരീഫിനെ ഷൈബിൻ കൊലപ്പെടുത്തിയതായി ഇയാൾ പൊലീസിന് മൊഴിനൽകുകയായിരുന്നു. 2020 ഒക്ടോബറിലായിരുന്നു സംഭവം.

മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച്

അതേസമയം ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യൻ ഷാബ ഷെരീഫിനെ മർദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാൽ വർഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറിൽ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ എറിഞ്ഞു.

ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സെക്രട്ടേറിയറ്റിന് മുമ്പിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ശ്രമം നടത്തിയ കവർച്ചക്കേസ് പ്രതികളുടെ വെളിപ്പെടുത്തലിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. കവർച്ച കേസിലെ പരാതിക്കാരൻ കൂടിയാണ് ക്രൂരമായ കൊലക്കേസിലെ മുഖ്യ ആസൂത്രകനായ ഷൈബിൻ അഷ്റഫ്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതി പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫും മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലാണ്.