മാവേലിക്കര: ഒരു വീട്, അതിലുണ്ടായിരുന്ന സകല സാധനങ്ങളും സഹിതം സമ്പൂർണമായി കൊള്ളയടിക്കുന്നു. വീടിന്റെ ഉടമ പരാതിയുമായി സ്റ്റേഷനിൽ ചെല്ലുന്നു. കേസ് എടുക്കുന്നില്ല. ഡിവൈഎസ്‌പി മുതൽ ഡിജിപി വരെയുള്ളവർക്ക് പരാതി അയയ്ക്കുന്നു. കേസ് എടുക്കുന്നില്ല. സഹികെട്ട് പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയെ സമീപിച്ചപ്പോൾ നാലു വർഷത്തിന് ശേഷം കേസ് എടുക്കാൻ ഉത്തരവിട്ടു.

സ്റ്റേഷൻ ഹൗസ് ഓഫീസറായ എസ്ഐക്ക് അത് തന്നെ അപമാനിക്കലായി. മോഷണക്കേസ് എടുത്തതിന് പിന്നാലെ പരാതിക്കാരനെ കൊടുംക്രിമിനലായി വിശേഷിപ്പിച്ച്, എസ്ഐ സ്വമേധയാ അയാൾക്കെതിരേ നല്ല നടപ്പിന് കേസെടുത്തു. പഴയ പട്ടാളവീര്യം സിരകളിലുള്ള പരാതിക്കാരൻ കോടതിയെ സമീപിച്ചു. 14 സാക്ഷികളെ വിസ്തരിച്ച ശേഷം എസ്ഐ കുറ്റക്കാരനെന്ന് കണ്ട് കോടതി കേസ് എടുത്തു. കേൾക്കുമ്പോൾ കഥയാണെന്ന് തോന്നാം. പക്ഷേ, നൂറനാട് പൊലീസ് സ്റ്റേഷനിൽ സംഭവിച്ച കഥയാണിത്.

നൂറനാട് മുൻ എസ്എച്ച്ഓയും ഇപ്പോൾ ഫോർട്ട് കൊച്ചിയിൽ എസ്.ഐയുമായ ദ്വിജേഷിനെതിരേയാണ് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് ഐ.പി.സി. 167 വകുപ്പിട്ട് കേസെടുത്തിരിക്കുന്നത്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. അധികാര ദുർവിനിയോഗമാണ് വകുപ്പ്. വിമുക്തഭടനായ നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനിൽ വി. ഷാജി നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് നടപടി. 2011 മെയ് 15 ന് ഷാജിയുടെ അമ്മയുടെ കുടുംബവീടാണ് കൊള്ളയടിക്കപ്പെട്ടത്.

മുത്തച്ഛൻ മാധവന്റെ മരണശേഷം പൂട്ടിയിട്ടിരുന്ന കുടുംബവീട്ടിൽ നിന്ന് 15 പവൻ സ്വർണവും ഗൃഹോപകരണങ്ങളുമെല്ലാം അപ്പാടെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. അന്ന് തന്നെ ഷാജി നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷിക്കാനോ കേസ് രജിസ്റ്റർ ചെയ്യാനോ ഉദ്യോഗസ്ഥർ തയാറായില്ല. മോഷ്ടാക്കളെന്ന് താൻ സംശയിക്കുന്നവരുടെ പേരുവിവരവും ഷാജി നൽകിയിരുന്നു. ലോക്കൽ സ്റ്റേഷനിൽ കേസ് എടുക്കാതെ വന്നപ്പോൾ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി ഷാജി മടുത്തു. എന്നിട്ടും പൊലീസ് അനങ്ങിയില്ല. ഒടുവിൽ പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിക്ക് നൽകിയ പരായിൽ ചെയർമാൻ ജസ്റ്റിസ് നാരായണകുറുപ്പ്, പൊലീസ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തി കേസെടുക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് 2015 ൽ നിർദ്ദേശം നൽകി.

അന്ന് എസ്എച്ച്ഒ ആയിരുന്ന ദ്വിജേഷ് കേസെടുത്തെങ്കിലും തുടരന്വേഷണം നടത്താതെ പരാതിക്കാരനായ ഷാജിക്കെതിരേ തിരിയുകയായിരുന്നു. പൊലീസ് അഥോറിറ്റിക്ക് മുന്നിൽ നേരിട്ട അപമാനത്തിന് പകരം വീട്ടാൻ ഷാജിയെ കള്ളക്കേസിൽ കുടുക്കാനാണ് എസ്ഐ ശ്രമിച്ചത്. ഇതിനായി വ്യാജരേഖ ചമയ്ക്കുകയും ഷാജി സമൂഹത്തിന് ഭീഷണിയായ ക്രിമിനൽ ആണെന്നും അതിനാൽ നല്ല നടപ്പിന് ശിക്ഷിക്കണമെന്നും റിപ്പോർട്ട് തയാറാക്കി എസ്ഐ സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. ഇതിനെതിരേ ഷാജി വീണ്ടും പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയെ സമീപിച്ചു. എസ്ഐ അധികാര ദുർവിനിയോഗം നടത്തി നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയെന്നും ഇയാൾക്കെതിരേ നടപടി എടുക്കണമെന്നും അഥോറിറ്റി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു.

ഷാജിക്കെതിരായി എസ്ഐ എടുത്ത കേസ് റദ്ദാക്കുകയും ചെയ്തു. എസ്ഐയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ഷാജി ആഭ്യന്തരവകുപ്പിന് പരാതി നൽകി. ഇതിന്മേൽ ആലപ്പുഴ എസ്‌പി നൽകിയ റിപ്പോർട്ടിൽ എസ്ഐ അധികാര ദുർവിനിയോഗം നടത്തിയെന്ന് പരാമർശിക്കുക കൂടി ചെയ്തതോടെ പ്രോസിക്യൂഷന് അനുവാദം ലഭിച്ചു. തുടർന്ന് ഷാജി അഡ്വ. ഹരികൃഷ്ണൻ മുഖേനെ മാവേലിക്കര കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിന്മേൽ കോടതി വാദം കേട്ടു. 14 സർക്കാർ രേഖകളും 14 സർക്കാർ ഉദ്യോഗസ്ഥരെയും വിസ്തരിച്ച കോടതി എസ്ഐ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്. 26 ന് കോടതിയിൽ ഹാജരാകാൻ എസ്ഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ഇതിന് പുറമേ എസ്ഐയ്ക്കെതിരേ താക്കീത് അടക്കം വകുപ്പു തല നടപടിയും സ്വീകരിച്ചിട്ടുണ്ട്. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം നാട്ടിൽ പൊതുപ്രവർത്തകനായി കഴിയുന്ന ഷാജി നിരവധി സർക്കാർ-പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വിവിധ വിഷയങ്ങളിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ ഷാജിക്കെതിരേയും നിരവധി വ്യാജപരാതികളും കേസും സ്റ്റേഷനിൽ ഉണ്ടായിരുന്നു. മേൽകോടതികളെ സമീപിച്ചപ്പോൾ ഈ കേസുകൾ എല്ലാം ഒന്നൊഴിയാതെ റദ്ദാക്കിയിരുന്നു. ആ വിവരം മറച്ചു വയ്ക്കുകയും എന്നാൽ കേസുകളുടെ നമ്പർ ഉപയോഗിച്ചുമാണ് എസ്ഐ ദ്വിജേഷ് ഷാജിക്കെതിരേ ക്രിമിനലാണെന്ന തരത്തിൽ കേസ് എടുത്തത്.

ഇതിന് ഇൻസ്പെക്ടറുടെയും ചെങ്ങന്നൂർ ഡിവൈഎസ്‌പിയുടെയും അനുവാദം വേണമായിരുന്നു. മാവേലിക്കര സിഐക്കും അന്നുണ്ടായിരുന്ന ചെങ്ങന്നൂർ എഎസ്‌പിക്കും എസ്ഐ നൽകിയതാകട്ടെ വ്യാജരേഖകളായിരുന്നു. ഷാജിക്കെതിരേയുണ്ടായിരുന്ന കേസുകൾ റദ്ദ് ചെയ്തിരുന്നത് മറച്ചു വച്ച് ആ കേസുകളുടെ നമ്പരിട്ട് തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ക്രിമിനൽ കേസ് എടുക്കുന്നതിന് രണ്ട് ഉദ്യോഗസ്ഥരും അനുവാദം നൽകുകയായിരുന്നു. ഇതാണ് കോടതിക്ക് മുന്നിൽ തെളിയിക്കപ്പെട്ടതും എസ്ഐയുടെ ഭാഗത്ത് വീഴ്ചയുള്ളതായി കണ്ടെത്തിയതും.

പണി പാളുമെന്ന് കണ്ടതോടെ ഷാജിക്ക് പിന്നാലെ മാപ്പ് അപേക്ഷയുമായി കൂടിയിരിക്കുകയാണ് എസ്ഐ. എന്നാൽ, തന്നെ സമൂഹമധ്യത്തിൽ നാണം കെടുത്തിയ എസ്ഐക്കെതിരേ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല എന്നാണ് ഷാജിയുടെ നിലപാട്.