കൊച്ചി: പൊലീസിൽ പ്രതികൾക്ക് മാത്രമല്ല പീഡനം. എസ് ഐമാർ പോലും പീഡനത്തിന് ഇരയാകുന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ട് എസ് ഐമാരാണ് കൊച്ചിൽ മാത്രം ആത്മഹത്യ ചെയ്തത്. മേൽ ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ഉയരുന്ന ആരോപണം.

നോർത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ് ഐ ടി.ഗോപകുമാറിനെയാണ് നഗരത്തിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് മൃതദേഹത്തിൽ നിന്ന് ലഭിച്ചു. നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ലോഡ്ജ് മുറിയിലാണ് ഗോപകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

അഞ്ചു പേജുള്ള ആത്മഹത്യാ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തി. മാനസികമായി പീഡിപ്പിച്ച ഒരു സി ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേര് കത്തിൽ പരാമർശിച്ചിട്ടുണ്ട് .എന്നാൽ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല. മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ പൊലീസ് മാധ്യമങ്ങളെയും അനുവദിച്ചില്ല. കഴിഞ്ഞയാഴ്ച കടവന്ത്ര പൊലീസ് സ്റ്റേഷനിലും ഗ്രേഡ് എസ്.ഐ.ആത്മഹത്യ ചെയ്തിരുന്നു. പുതിയ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിൽ നഗരത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

എറണാകുളം ജില്ലയിൽ പൊലീസുകാരുടെ ആത്മഹത്യ തുടർക്കഥയാകുകയാണ്. ദിവസങ്ങൾക്കിടെ രണ്ട് പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. കടവന്ത്രയിൽ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടൽ മാറുംമുമ്പാണ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ ആത്മഹത്യ ചെയ്തിരിക്കുന്നത്. എന്താണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാകാൻ കാരണം. കടുത്ത സമ്മർദ്ദം പൊലീസുകാർ നേരിടുന്നുവെന്ന ആക്ഷേപം നിലനിൽക്കവെയാണ് ദുരൂഹമായ തുടർസംഭവങ്ങൾ.

ഇന്നലെ മരിച്ച ഗോപകുമാർ തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശിയാണ്. എക്‌സൈസിൽ പ്രിവന്റീവ് ഓഫിസറായിരുന്ന ഗോപകുമാർ അടുത്തിടെയാണ് പൊലീസിൽ ചേർന്നത്. എസ് ഐയാകാനുള്ള മോഹം കൊണ്ടാണ് പൊലീസിലെത്തിയത്. എന്നാൽ ഇവിടെ പീഡനം തുടങ്ങിയപ്പോൾ ഗോപകുമാർ നിരാശരായി. പലപ്പോഴും ഡബിൾ ഡ്യൂട്ടിയും ത്രിബിൾ ഡ്യൂട്ടിയുമെല്ലാമായി. ഇതോടെ ജോലി സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് തന്നെയാണ് പ്രൊബേഷനറി എസ് ഐമാരുടെ പൊതു പ്രശ്‌നങ്ങൾ. മേൽ ഉദ്യോഗസ്ഥർ എല്ലാ തരത്തിലും ഇവരെ പീഡിപ്പിക്കും. അച്ചടക്കത്തിന്റെ പേരിലാണ് പീഡനമെന്നതിനാൽ ആർക്കും ഒന്നും ചെയ്യാനാകില്ല.

നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ. ജെ.പീറ്റർ, എസ്‌ഐ വിപിൻദാസ് എന്നിവർക്കെതിരെയാണ് ഗോപകുമാറിന്റെ ആത്മഹത്യാ കത്തിൽ പരാമർശമുള്ളത്. തന്റെ മൃതദേഹം പോലും ഇവരെ കാണിക്കരുതെന്നാണ് കുറിപ്പിൽ പറയുന്നത്. ഔദ്യോഗിക ജീവിതത്തിൽ താങ്ങാൻ കഴിയാത്ത സമ്മർദ്ദത്തിലാണെന്ന് മൃതേദേഹത്തിൽ നിന്ന് കണ്ടെടുത്ത കത്തിൽ പറയുന്നു. എസ്എച്ച്ഓ കെ.ജെ.പീറ്ററും എസ്.ഐ.വിപിൻ ദാസും ചേർന്ന് തുടർന്ന് ജീവിക്കാൻ കഴിയാത്തത്ര മാനസിക സമ്മർദ്ദത്തിൽ ആക്കുന്നുവെന്നു കത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ കുറ്റക്കാർക്ക് ശിക്ഷ വാങ്ങി കൊടുക്കും വരെ നിയമപോരാട്ടം നടത്തുമെന്ന് ഗോപകുമാറിന്റെ അമ്മാവനും ജേഷ്ഠനും പറഞ്ഞു. പ്രത്യേക അന്വേഷണത്തിന് ഡിജിപിയും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇത് പ്രഹസനമാകുമെന്ന ആശങ്കയും ശക്തമാണ്.

ഒരു മാസത്തിനിടെ കൊച്ചി നഗരത്തിലെ രണ്ടാമത്തെ പൊലീസ് ആത്മഹത്യയാണിത്. കടവന്ത്ര സ്റ്റേഷനിലെ എഎസ്‌ഐ ഈ മാസം ആദ്യം ആത്ഹത്യ ചെയ്തിരുന്നു. ഗോപകുമാറിന്റെ മരണത്തെ കുറിച്ച് ഡിസിപിയാണ് അന്വേഷിക്കുന്നത്. വിഷയം ഗൗരവത്തിലാണെടുക്കുന്നതെന്ന് ഡിജിപിയും പ്രതികരിച്ചു. ഇന്നലെയാണ് ഗോപകുമാർ നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുന്നത്. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് പൊലീസ് എത്തി പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഗോപകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഗോപകുമാറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

കടവന്ത്ര ജനമൈത്രി സ്റ്റേഷനിൽ എഎസ്ഐ പിഎം തോമസ് തൂങ്ങിമരിച്ചിരുന്നു. വല്ലാർപാടം സ്വദേശിയായിരുന്നു തോമസ്. കൈക്കൂലി കേസ് 2008ൽ തോമസ് ഒരു കൈക്കൂലി കേസിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ വിചാരണ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ആരംഭിക്കുന്ന ദിവസമാണ് തോമസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൊഴിൽ സമ്മർദ്ദമാണ് ഇതിനും കാരണമായി പറയപ്പെടുന്നത്. കടുത്ത സമ്മർദ്ദം വിജിലൻസ് കോടതിയിൽ വിചാരണ ആരംഭിക്കുന്നതും തോമസിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നുവെന്ന് പറയപ്പെടുന്നു.