തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയിൽ ആത്മഹത്യ ചെയ്ത എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഗോപകുമാറിനെ നിരന്തരം പീഡിപ്പിച്ചിരുന്നത് സിഐ പീറ്റർ, എസ്ഐ വിപിൻദാസ് എന്നിവർ തന്നെയാണെന്ന് ഗോപകുമാർ വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ ബാച്ചിലെ ചില എസ്ഐ മാരോടും കാര്യ സൂചിപ്പിച്ചെങ്കിലും പ്രൊബേഷൻ പിരീഡ് കഴിയുമ്പോൾ മാറും എന്ന് ഉപദേശമാണ് ഏവരും നൽകിയത്. എന്നാൽ ഡ്യൂട്ടി സമയത്ത് പോലും കടുത്ത മാനസിക ശാരീരിക പീഡനമാണ് ഗോപകുമാർ നേരിട്ടിരുന്നത്. ഡ്യൂട്ടി സമയത്ത് പരിക്കേറ്റപ്പോൾ പോലും വീട്ടുകാരെ അറിയിക്കാതെ മറച്ച് വെച്ചുവെന്ന ഉൾപ്പടെയുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

മൂന്ന് മാസം മുൻപ് ഒരു കഞ്ചാവ് കേസിലെ പ്രതികളെ പിടികൂടുന്നതിനായി ഓടിക്കുന്നതിനിടയിൽ ഗോപകുമാർ വീഴുകയും രണ്ട് കാൽമുട്ടുകളിലും പൊട്ടലുൾപ്പടെ പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് പൊലീസ് ഉദ്യോഗസ്ഥരോ ബന്ധപ്പെട്ടവരോ വീട്ടിൽ അറിയിച്ചില്ല. പിന്നീട് ഡോക്ടറെ കണ്ടപ്പോൾ രണ്ട് മാസം വിശ്രമം നിർദ്ദേശിച്ചെങ്കിലും അത് പോലും വീട്ടിൽ അറിയിച്ചില്ല. പിന്നീട് ഗോപകുമാർ തന്നെ നേരിട്ട് വീട്ടിൽ വിളിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളാണ് കൊച്ചിയിലെത്തി നാട്ടിലേക്ക് കൊണ്ട് പോയത്. നാട്ടിൽ ഒന്നര മാസകാലം വിശ്രമിച്ച ശേഷമാണ് തിരികെ പോയത്.

വീട്ടിൽ വിശ്രമിക്കുന്ന സമയത്ത് പോലും ഗോപകുമാറിന്റെ കാര്യങ്ങൾ വിളിച്ച് തിരക്കാൻ മേലുദ്യോഗസ്ഥർ മിനക്കെട്ടില്ല. വീട്ടിൽ ഗോപകുമാറിനെ പരിചരിക്കാനാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ ജോലി പോലും ഉപേക്ഷിച്ചത്. ഈ സമയത്താണ് താൻ ജോലിയിൽ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് ഗോപകുമാർ മറ്റുള്ളവരോട് പറഞ്ഞത്. വിശ്രമ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഗോപകുമാറിന് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടി വന്നു. ഒരു മാസം മുൻപാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത് എന്നും ഗോപകുമാറിന്റെ ബന്ധു മറുനാടൻ മലയാളിയോട് പറഞ്ഞു.

തിരികെ ജോലിയിൽ പ്രവേശിച്ച് ശേഷവുൂം മേലുദ്യോഗസ്ഥരായ പീറ്ററും വിബിനും മാനസികമായി പീഡനം തുടർന്നു. വളരെ കഷ്ടപ്പാടുണ്ടാക്കുന്ന രീതിയിലാണ് ഡ്യൂട്ടികൾ ക്രമീകരിച്ച് നൽകിയിരുന്നതും. സഹിക്കാവുന്നതിലപ്പുറമായതോടെയാണ് ആത്മഹത്യയിലേക്ക് എത്തിയത്. എസ്‌ഐ ഗോപകുമാറിന്റെ കഥ ആരുടെയും കരളലിയിക്കുന്നതാണ്. അഞ്ചു ഡിപ്പാർട്ടുമെന്റുകളിൽ തനിക്ക ലഭിച്ച ജോലി ഉപേക്ഷിച്ചാണ് സ്വപ്ന സാക്ഷാത്കാരമായ എസ്‌ഐ ജോലി ഗോപകുമാർ തിരഞ്ഞെടുത്തത്. എം.കോം പാസ്സായ വ്യക്തിയാണ് ഗോപകുമാർ.

പഠിക്കാൻ മിടുക്കനായിരുന്ന ഗോപകുമാർ തനിക്ക് കിട്ടിയ മറ്റു ജോലികൾ ഉപേക്ഷിച്ച് ഒന്നര വർഷം മുൻപാണ് എസ്‌ഐ പോസ്റ്റ് തിരഞ്ഞെടുക്കുന്നത്. ജയിലറായിട്ടായിരുന്നു ആദ്യ ജോലി. അതു കഴിഞ്ഞ് ഫോറൻസ്റ്ററായി ജോലി കിട്ടി. പിന്നെ അഗ്രികൾച്ചർ ഡപ്പാർട്ടമെന്റിലും ജോലി ലഭിച്ചു. പിന്നീട് എക്സൈസ് വകുപ്പിൽ പ്രിവന്റീവ് ഓഫീസറായിരിക്കെയാണ് എസ് ഐ സെലക്ഷൻ കിട്ടിയത്. ഇതോടെ നല്ല പോസ്റ്റിൽ തന്നെ ഇരുന്നിട്ടും ഇഷ്ടപ്പെട്ട ജോലി എസ്‌ഐയുടേത് ആയതിനാൽ തിരഞ്ഞെടുക്കുകയായിരുന്നു.ഇപ്പോൾ സെക്രട്ടേറിയറ്റ് റാങ്കി ലിസ്റ്റിലും ഗോപകുമാർ ഉൾപെട്ടിട്ടുണ്ട്.

ഊരൂട്ടംമ്പലം ഗോവിന്ദമംഗലത്ത് തട്ടാം വിളയിലാണ് ഗോപകുമാർ കുടുംബ സമേതം കഴിഞ്ഞിരുന്നത്. ഗോപകുമാർ-വിജിത ദമ്പതികളുടെ ഇളയ കുട്ടിക്ക് എട്ടു മാസമാണ് പ്രായം. തന്റെ മക്കളെ അവസാനമായി ഒന്നു കാണണമെന്ന ആഗ്രഹം ബാക്കി വച്ചാണ് ഗോപകുമാർ യാത്രയായത്. അത്രമേലുണ്ടായിരുന്നു ഇദ്ദേഹത്തിനു മേൽ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം. പഠനത്തിൽ മിടുക്കനായിരുന്ന ഗോപകുമാർ എസ്ഐ ആകണമെന്ന ആഗ്രഹം ചെറുപ്പം മുതൽ വെച്ച് പുലർത്തിയിരുന്നു. മണൽവാരി വിറ്റ് പുസ്തകങ്ങൾ വാങ്ങി പഠിച്ചാണ് അഞ്ച് ഡിപ്പാർട്ടുമെന്റുകളിൽ ജോലി നേടിയതും അവസാനം എസ്‌ഐ പോസ്റ്റ് തിരഞ്ഞെടുത്തതു. പ്രൊബേഷൻ പീരിയഡ് പൂർത്തിയാക്കാൻ രണ്ടര മാസം ബാക്കിയിരിക്കവേ ആണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഏഴിനു ഗോപകുമാർ വീട്ടിലെത്തിയിരുന്നു. ഞായറാഴ്‌ച്ച വൈകിട്ടോടെയാണ് തിരികെ പോയത്. അഞ്ചു വർഷം മുമ്പാണ്് വിജയൻ നായരുടെ മകൾ വിജിതാനായരെ(സൗമ്യ) വിവാഹം ചെയ്തത്. ഇരുവരുടെയും പുനർവിവാഹം ആയിരുന്നു. ഗോപകുമാറിന് ആദ്യ ഭാര്യയിൽ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് വിജിതയെ വിവാഹം ചെയ്തത്. ഗോപകുമാർ-വിജിത ദമ്പതികൾക്ക് രണ്ട് ആൺ മക്കളാണ്. നന്ദഗോപൻ(4) അന്തഗോപൻ(8 മാസം). എത്ര വൈകിയാലും ഗോപകുമാർ വീട്ടലേക്ക് ഫോൺ വിളിക്കുമായിരുന്നുവെന്ന വിജയൻ നായർ പറഞ്ഞു.

എല്ലാവരോടും നല്ല സൗഹൃദം മാത്രം നിലനിർത്തിയിരുന്ന വ്യക്തിയാണ് ഗോപകുമാർ. താൻ ജോലി ചെയ്തിരുന്ന സ്റ്റേഷനിലും വലിയ സൗഹൃദവലയമുണ്ടായിരുന്നു. പ്രദേശത്തെ രാഷ്ട്രീയക്കാരും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ഓട്ടോ ഡ്രൈവർമാരും വരെ ചുരുങ്ങിയ കാലത്തെ സർവ്വീസ് കൊണ്ട് ഗോപകുമാറിനോട് അടുത്ത സൗഹൃദത്തിലായിരുന്നു.