കൊല്ലം: ആ പൊലീസ് കുടുംബത്തിന് റോഡിൽ ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനം. വാഹനം മറികടക്കുന്നതുമായി ബന്ധപ്പെട്ടു കാർ യാത്രികരായ എസ്‌ഐയും കുടുംബവും ബൈക്ക് യാത്രികരായ യുവാക്കളും തമ്മിലുണ്ടായ തർക്കവും വാക്കേറ്റവും നടുറോഡിൽ സംഘട്ടനത്തിൽ കലാശിച്ചു. യൂണിഫോമിലായിരുന്നില്ല പൊലീസുകാരൻ. അതുകൊണ്ട് തന്നെ ആളറിയാതെ കുടുംബത്തിനെതിരെ അതിക്രൂര ആക്രമണമാണ് നടത്തിയത്.

കാർ യാത്രികരായ കുണ്ടറ സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ പേരയം അമ്പിയിൽ വൈഷ്ണവത്തിൽ എസ്.സുഗുണൻ (55), മകൻ അമൽ (23) എന്നിവരും ബൈക്ക് യാത്രികരായ എസ്എൻപുരം ബഥേൽ ഹൗസിൽ ജിബിൻ ജോൺസൺ (29), തെക്കുംപുറം കെ.ജെ.ഭവനിൽ ജിനു ജോൺ (25) എന്നിവരും തമ്മിലാണു വാക്കേറ്റവും സംഘർഷവുമുണ്ടായത്. സംഘട്ടനത്തിൽ തലയ്ക്കു ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റു പരുക്കു പറ്റിയ അമലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്‌ഐ സുഗുണനും മർദനമേറ്റു.

വാഹനം അമിത വേഗതയിൽ ഓട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നത്തിന് കാരണം. ആദ്യം എസ് ഐ സുഗുണനെയാണ് മറുഭാഗം മർദ്ദിച്ചത്. ഇത് കണ്ടതോടെ മകൻ പ്രകോപിതനായി. പിന്നീട് മകനേയും ഭാര്യയേയും വളഞ്ഞിട്ടു തല്ലി. പിടിച്ചു മാറ്റാൻ ശ്രമിക്കുന്ന എസ് ഐയേയും വെറുതെ വിട്ടില്ല. നാട്ടുകാർ രണ്ടു പക്ഷത്തുമായി പിടിച്ചു മാറ്റാനും ശ്രമിച്ചു. സുഗുണന്റെ ഭാര്യ പ്രീത (45)യെ നടുറോഡിൽ തള്ളിവീഴ്‌ത്തുകയും ചെയ്തു. അതിക്രൂര മർദ്ദനാണ് നടന്നത്.

യുവാക്കൾക്കും മർദനമേറ്റതായി പരാതിയുണ്ട്. തുടർന്നു യുവാക്കളെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എസ്‌ഐയെയും കുടുംബത്തെയും ആക്രമിച്ചു പരുക്കേൽപിച്ചതിന് ഇവർക്കെതിരെയും യുവാക്കളെ ആക്രമിച്ചതിന് എസ്‌ഐക്കും മകനുമെതിരെയും പൊലീസ് കേസ് എടുത്തു. എന്നാൽ ആദ്യം പ്രകോപനമുണ്ടാക്കിയത് യുവാക്കളാണെന്ന് വ്യക്തമാണ്.

ഇന്നലെ രാവിലെ ഒൻപതോടെ പുത്തൂർ ചന്തമുക്കിലായിരുന്നു സംഭവം. ഇരുവാഹനങ്ങളും ചീരങ്കാവ് റോഡിലൂടെ പുത്തൂർ ഭാഗത്തേക്കു വരികയായിരുന്നു. ഇടയ്ക്കു പവിത്രേശ്വരം ഭാഗത്തു വച്ചു കാർ ബൈക്കിനെ ഓവർടേക്ക് ചെയ്തപ്പോൾ ബൈക്ക് യാത്രികർ എസ്‌ഐയെയും കുടുംബത്തെയും അസഭ്യം പറഞ്ഞതായി പറയുന്നു. തുടർന്ന് എസ്‌ഐയുടെ മകൻ യുവാക്കളുടെ ചിത്രം മൊബൈലിൽ പകർത്തി. ഇതാണ് പ്രകോപനമായത്.

പുത്തൂർ ചന്തമുക്കിലെത്തിയപ്പോൾ യുവാക്കൾ, ഫോട്ടോ എടുത്തതിനെ ചോദ്യംചെയ്യുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. പൊലീസുകാരനും കുടുംബവുമാണ് യാത്ര ചെയ്യുന്നതെന്ന് അക്രമികൾ മനസ്സലാക്കിയിരുന്നില്ല. ശാസ്താംകോട്ട സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ആണ് സുഗുണൻ. സുഗുണന്റെ മകൻ അമലിന്റെ തലയിൽ യുവാക്കൾ കൈയിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് നിരന്തരം മർദ്ദിക്കുകയും നിലത്തുവീണപ്പോൾ ചവിട്ടുകയും ചെയ്തു.

എസ്‌ഐയും കുടുംബവും അടുത്തുള്ള സ്വകാര്യ ആശുപത്രിയി ചികിത്സ തേടി.മർദ്ദനമേറ്റ അമലിന്റെ പരിക്ക് ഗൗരവകരമാണ്. തലയിൽ ഏഴ് തുന്നലുകളുണ്ട്. ഇരുവിഭാഗവും രമ്യതയിലെത്തിയതായാണ് വിവരങ്ങൾ. സമൂഹമാധ്യമങ്ങളിൽ തല്ല് ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.