അമൃത്സർ: നാല് സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷാവലയത്തിലായിരുന്നു വെള്ളിയാഴ്ച വരെ സിദ്ദു മൂസേവാല. അക്രമികൾ വെടി വയ്ക്കുമ്പോൾ രണ്ടുസുരക്ഷാ ഉദ്യോഗസ്ഥർ ഒപ്പം ഉണ്ടായിരുന്നെങ്കിലും ചെറുത്തുനിൽക്കാനായില്ല. തന്റെ സുഹൃത്തിനെ കാണാനായി വൈകുന്നേരം ഗ്രാമത്തിലേക്ക് പോകവേയാണ് അജ്ഞാതരുടെ ആക്രണണം.

28 വയസുള്ള പഞ്ചാബി ഗായകനും, കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ സുരക്ഷ ഇന്നലെയാണ് ആംആദ്മി സർക്കാർ വെട്ടിക്കുറച്ചത്. സിദ്ദുവിന്റെ മാത്രമല്ല മറ്റ് 423 വിഐപികളുടെ സുരക്ഷയും വെട്ടിക്കുറച്ചിരുന്നു. വിഐപി സംസ്‌കാരത്തിന് അറുതി വരുത്തുക എന്ന നയത്തിന്റെ ഭാഗമായിരുന്നു സുരക്ഷ വെട്ടിക്കുറയ്ക്കൽ. എന്നാൽ, അവസരം മുതലെടുത്ത ശത്രുക്കൾ സിദ്ദു മൂസേവാലയെ വെറുതെ വിട്ടില്ല.

പഞ്ചാബിന്റെ ഗ്രാമീണ മേഖലകളിലായിരുന്നു സിദ്ദു മൂസേവാല പ്രശസ്തൻ. പഞ്ചാബിലെ ജവഹർകേയിലെ മാൻസയിൽ വച്ചാണ് സിദ്ദുവിന് വെടിയേറ്റത്. വെടിവെപ്പിൽ സിദ്ദു ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിന്റെ മരണം സ്ഥിരീകരിച്ചു.

മാനസയിൽ വെച്ച് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ രക്ഷപ്പെട്ടെന്നു പൊലീസ് പറഞ്ഞു. കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുമ്പോളായിരുന്നു ആക്രമണം. 30 റൗണ്ടാണ് അക്രമികൾ വെടിയുതിർത്തത്. സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആരാണ് ഇവർക്കുനേരെ വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. തുടർന്ന് മാൻസയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാർട്ടിയുടെ ഡോ. വിജയ് സിങ്‌ലയോട് പരാജയപ്പെട്ടു.

സുരക്ഷ വെട്ടിക്കുറച്ച വിഐപികളുടെ കൂട്ടത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും, മത-രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു. നേരത്തെ സർക്കാർ, 184 മുൻ മന്ത്രിമാരുടെയും, എംഎൽഎമാരുടെയും സുരക്ഷ പിൻവലിച്ചിരുന്നു. മുന്മന്ത്രിമാരായ മൻപ്രീത് സിങ് ബാദൽ, രാജ് കുമാർ വെർക, ഭരത് ഭൂഷൺ ആഷു , മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ കുടുംബം എന്നിവരെല്ലാം സുരക്ഷ പിൻവലിച്ചവരിൽ ഉൾപ്പെടുന്നു,

വിഐപികളുടെ സുരക്ഷ പിൻവലിക്കുന്ന കാര്യം ആംആദ്മി സർക്കാർ പരസ്യമാക്കിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. അരവിന്ദ് കെജ്രിവാളിന്റെയും ഭഗവന്ത് മന്നിന്റെയും വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഫലമായാണ് സിദ്ദു മൂസേവാലയ്ക്ക് ജീവൻ നഷ്ടമായതെന്ന് ബിജെപി നേതാവ് മൻജിന്ദർ സിങ് സിർസ കുറ്റപ്പെടുത്തി. സുരക്ഷ ഇല്ലാതാക്കിയ വിഐപികളുടെ പേരുകൾ ചോർത്തിയത് അപകടമാണെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു അതുകൊണ്ട് തന്നെ സിദ്ദുവിന്റെ കൊലപാതകത്തിന് ഇരുവരുമാണ് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു.

അകാലിദൾ നേതാവ് മഹേഷിന്ദർ സിങ് ഗ്രെവാളും സർക്കാരിനെ പഴിച്ചു. എന്തടിസ്ഥാനത്തിലാണ് സിദ്ദുവിന്റെ സുരക്ഷ പിൻവലിച്ചതെന്ന് കോൺഗ്രസ് നേതാവ് ചരൺ സിങ് ചപ്ര ചോദിച്ചു. സർക്കാർ ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.