- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ ഇന്ത്യക്കു പിന്തുണയുമായി സിലിക്കൺ വാലി; മോദിക്ക് ഊഷ്മള സ്വീകരണം; സാങ്കേതിക രംഗത്തു കുതിച്ചു ചാട്ടമൊരുക്കാൻ പദ്ധതികൾ വരും; രാജ്യത്തെ 500 റെയിൽവെ സ്റ്റേഷനിൽ സൗജന്യ വൈഫൈ സ്‌പോട്ടുകൾ
കലിഫോർണിയ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി സിലിക്കൺ വാലി. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ ഇന്ത്യ പദ്ധതിക്കു സഹകരണം വാഗ്ദാനം ചെയ്താണ് പ്രമുഖ കമ്പനികളുടെ സാരഥികൾ മോദിയെ കണ്ടത്. ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റാൻ സാങ്കേതിക വിദ്യയ്ക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര
കലിഫോർണിയ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി സിലിക്കൺ വാലി. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ ഇന്ത്യ പദ്ധതിക്കു സഹകരണം വാഗ്ദാനം ചെയ്താണ് പ്രമുഖ കമ്പനികളുടെ സാരഥികൾ മോദിയെ കണ്ടത്.
ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റാൻ സാങ്കേതിക വിദ്യയ്ക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്നുണ്ടായിരിക്കുന്ന മാറ്റം കാലങ്ങൾക്കു മുൻപ് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. പ്രതീക്ഷകൾക്കും അവസരങ്ങൾക്കുമിടയ്ക്കുള്ള ഒരു പാലമാണു സാങ്കേതിക വിദ്യയെന്നും മോദി പറഞ്ഞു.
അമേരിക്കൻ സന്ദർശനത്തിനിടെ സിലിക്കൺ വാലിയിൽ എത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സിലിക്കൺ വാലിയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാർ മോദിയെ കാണാൻ ഒത്തുകൂടി. മോദി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് സിലിക്കൺ വാലി സിഇഒമാർ പിന്തുണ പ്രഖ്യാപിച്ചു. സാൻഹോസെയിൽ നരേന്ദ്ര മോദി രണ്ട് ദിവസമാണ് ചെലവഴിക്കുന്നത്. അമേരിക്കയുടെ സാങ്കേതികവിദ്യ ഹബ്ബായ സിലിക്കൺ വാലിയിലെ സന്ദർശനം ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്കും നേട്ടമുണ്ടാക്കുമെന്നാണു പ്രതീക്ഷ.
ഇന്ത്യയിൽ പൊതു വൈഫൈ പ്രദേശങ്ങൾ കൂടുതൽ കൊണ്ടുവരാനുള്ള പദ്ധതിയുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗൂഗിളുമായി ബന്ധപ്പെട്ട് 500 ഓളം റയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സംവിധാനം കൊണ്ടുവരും. ഓഫിസുകളിലെല്ലാം വിവരങ്ങൾ കംപ്യൂട്ടറുകളിൽ സൂക്ഷിക്കുന്ന സംവിധാനം കൊണ്ടുവരും. പേപ്പർ വിമുക്തമായ ഓഫിസുകളായിരിക്കും ജനങ്ങൾക്ക് ഉപകാരപ്രദമാകുക. അതിനായുള്ള മാറ്റങ്ങൾക്കു ശ്രമിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
30 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സിലിക്കൺ വാലി സന്ദർശിക്കുന്നത്. ആപ്പിൾ സിഇഒ ടിം കുക്കുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ആപ്പിളിന്റെ മുൻ മേധാവിയായിരുന്ന അന്തരിച്ച സ്റ്റീവ് ജോബ്‌സിന്റെ ഇന്ത്യാ സന്ദർശനങ്ങളെ കുറിച്ചുള്ള ഓർമകൾ കൂടിക്കാഴ്ചയിൽ ടിം കുക്ക് മോദിയുമായി പങ്കുവച്ചു.
ഇന്ത്യയുമായി അതുല്യമായ ബന്ധമാണ് തങ്ങൾക്കുള്ളതെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നാടെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരും മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം ഇന്ത്യയിലെ 125 കോടി ജനങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുകയാണെന്നും സാൻ ജോസിൽ വിവിധ കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങൾ സമൂഹത്തിലെ അതിരുകൾ ഇല്ലാതാക്കി. എല്ലാവരെയും നവമാദ്ധ്യമങ്ങൾ റിപ്പോർട്ടർമാരാക്കി.
ഡിജിറ്റൽ ഇന്ത്യ ഭരണത്തിനെ സുതാര്യവും, സേവനങ്ങൾ എളുപ്പത്തിൽ കിട്ടുന്ന തരത്തിലുമാക്കും. വിദ്യാലയങ്ങളിൽ വൈ ഫൈ സ്ഥാപിക്കും. റെയിൽവേ സ്‌റ്റേഷനുകളിൽ ഗൂഗിളിന്റെ സഹായത്താലാകും വൈഫൈ സ്‌പോട്ടുകൾ സ്ഥാപിക്കുക. സോഷ്യൽ മീഡിയ സാമൂഹ്യ പ്രതിബന്ധങ്ങളെ കുറക്കാൻ സഹായിച്ചു. സാങ്കേതിക വിദ്യയുടെ വളർച്ച ജനകീയ പ്രശ്‌നങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ ഭരണകൂടങ്ങളെ നിർബന്ധിതമാക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.
മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി സമ്പദ് വ്യവസ്ഥയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയും എന്ന വിഷയത്തിൽ ചർച്ച നടന്നു. സാങ്കേതിക രംഗത്തെ പ്രശ്‌നങ്ങൾ പരിഹാരം കാണുന്നതിന് ഡിജിറ്റൽ ഇന്ത്യ പദ്ധതി സഹായകമാകുമെന്ന് സത്യ നാഡെല്ല പറഞ്ഞു. സിസ്‌കോ, ക്വാൽകം കമ്പനി മേധാവികളുമായും മോദി ചർച്ച നടത്തി. ഊർജസ്വലനും വ്യക്തമായ വികസന കാഴ്ചപ്പാടുള്ള വ്യക്തിയുമാണ് നരേന്ദ്ര മോദിയെന്ന് ശന്തനു നാരായൺ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ പദ്ധതി ഏറെ താൽപര്യമുണ്ടാക്കുന്ന ഒന്നാണെന്ന് ക്വാൽകം എക്‌സിക്യൂട്ടീവ് ചെയർമാൻ പോൾ.ഇ.ജേക്കബ്‌സ് പറഞ്ഞു. ടെസ് ല മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാർ പ്ലാന്റും മോദി സന്ദർശിച്ചു.
കാലിഫോർണിയയിലെ പ്രവാസി ഇന്ത്യക്കാരുമായും മോദി കൂടിക്കാഴ്ച നടത്തി. ലോകത്തിന്റെ ഐടി കേന്ദ്രമായി അറിയപ്പെടുന്ന സിലിക്കൺ വാലിയിൽ സാപ് സെന്റർ എന്ന പടുകൂറ്റൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇന്ന് മോദിക്ക് വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. 20,000 പേർ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. അഞ്ഞൂറോളം ഇന്ത്യൻ-അമേരിക്കൻ സംഘടനകളാണ് പ്രധാനമന്ത്രിക്ക് ആതിഥ്യമരുളുന്നത്. കാലിഫോണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിലും മോദി പ്രഭാഷണം നടത്തും.