തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ നിർത്തിവച്ചുകൊണ്ടുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവിൽ കെ-റെയിൽ ഭിന്നസ്വരം ഉയർത്തുമ്പോഴും ചർച്ചയാകുന്നത് പദ്ധതിക്കായി സാമൂഹികാഘാത പഠനത്തിന്റെ പേരിൽ സർക്കാർ പാഴാക്കി കളഞ്ഞ ലക്ഷങ്ങളെപ്പറ്റിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം തുടരുമ്പോഴും പൊലീസ് സഹായത്തോടെ ബലപ്രയോഗം നടത്തി കല്ലിടൽ നടത്തി മുന്നോട്ട് പോകാനായിരുന്നു സർക്കാർ തീരുമാനം.

955.13 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. സാമൂഹിക ആഘാത പഠനം നടത്തുന്നതിനു കല്ലിടുന്നതിനായി ലക്ഷങ്ങൾ ഇതിനോടകം ചെലവാക്കി കഴിഞ്ഞു. സിൽവർലൈനിന്റെ ആകെ ദൂരം 530 കിലോമീറ്ററാണ്. ഇതിൽ 190 കിലോമീറ്ററിലാണ് കല്ലിടൽ പൂർത്തിയായത്.

ആകെ 20,000 കല്ലുകൾ സ്ഥാപിക്കാനാണ് ആലോചിച്ചത്. ഇതുവരെ 6020 കല്ലുകൾ സ്ഥാപിച്ചതായി കെ റെയിൽ കോർപറേഷൻ പറയുന്നു. ഇതിൽ പലതും ഭൂമി ഉടമകളും പ്രതിഷേധക്കാരും പിഴുതുമാറ്റി. ആയിരം രൂപയ്ക്കാണ് കെ റെയിൽ കോർപ്പറേഷന് അതിരടയാളക്കല്ല് സ്വകാര്യ കമ്പനികൾ നൽകുന്നത്. ഇത് ഒരു പ്രദേശത്ത് സ്ഥാപിക്കാനുള്ള ചെലവ് 5000 രൂപയാണ്. പൊലീസിനു നൽകുന്ന തുകയും ഗതാഗത ചെലവുമെല്ലാം ഇതിൽ ഉൾപ്പെടും. ഇപ്രകാരം ലക്ഷങ്ങൾ ചെലവഴിച്ച ശേഷമാണ് ജിയോടാഗ് സംവിധാനം വഴി അതിരടയാളം രേഖപ്പെടുത്താനും സാമൂഹികാഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനും റവന്യൂ വകുപ്പ് തീരുമാനം എടുത്തത്.

ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലാണ് സിൽവർലൈൻ പദ്ധതിക്കായി കല്ലിടുന്ന നടപടികളിൽനിന്നു സർക്കാർ പിന്നോട്ടു പോകുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണു പിന്മാറ്റമെന്നും സിൽവർലൈൻ ഒന്നാംഘട്ട സമരം വിജയിച്ചെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. പദ്ധതി വേഗത്തിലാക്കാനാണ് മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നതെന്നാണ് കെ റെയിൽ വിശദീകരണം. മുൻപു തന്നെ ഈ രീതി സ്വീകരിച്ച് വിവാദങ്ങൾ ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യം നിലനിൽക്കുന്നു. കല്ലിടൽ നിർത്തിവെക്കണമെന്ന നിർദേശമില്ലെന്നും കെ-റെയിൽ റവന്യൂ വകുപ്പിന്റെ ഉത്തരവിനെ വ്യാഖ്യാനിക്കുന്നു.

കല്ലിടൽ ആരംഭിച്ചതോടെയാണ് പദ്ധതിക്കെതിരെ പ്രതിഷേധമുയർന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ചോ ജിയോ ടാഗ് വഴിയോ സർവേ നടത്താമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയെങ്കിലും കല്ലിടലുമായി മുന്നോട്ടു പോകാനായിരുന്നു സർക്കാർ തീരുമാനം. ബലപ്രയോഗം വർധിച്ചതോടെ കോൺഗ്രസ് ബിജെപി പ്രവർത്തകർ കല്ലുകൾ പിഴുതെറിഞ്ഞു. പ്രതിഷേധം രൂക്ഷമായതോടെ സർവേ നടപടികൾ തടസ്സപ്പെട്ടു. സർവേ നടത്തുന്ന കമ്പനി റിപ്പോർട്ടു സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു.

തൃക്കാക്കരയിൽ പ്രധാന പ്രചാരണ വിഷയം സിൽവർലൈൻ ആയിരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കല്ലിടൽ നടപടികൾ നിർത്തിവച്ചു. ഭൂമിയുടെ ഉടമകൾക്കു താൽപര്യമുള്ള സ്ഥലങ്ങളിൽ കല്ലിടാമെന്നും മറ്റിടങ്ങളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നും കെ റെയിൽ കോർപറേഷൻ നിർദേശിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല.

കല്ലിടലിനു പകരം ജിയോടാഗ്, ജിപിഎസ് സംവിധാനങ്ങളെ ആശ്രയിക്കാനാണ് റവന്യൂ വകുപ്പ് നിർദേശിച്ചത്. കല്ലിടൽ നിർത്താൻ തീരുമാനിച്ചതോടെ തൃക്കാക്കരയിൽ പ്രധാന പ്രചാരണ വിഷയം സിൽവർലൈനാകും. എന്നാൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമോയെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തുന്നില്ല.

കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കല്ലിട്ടത്. 14 വില്ലേജുകളിലായി 42.6 കിലോമീറ്റർ ദൂരം 1651 കല്ലുകളിട്ടു. കണ്ണൂർ ജില്ലയിൽ 12 വില്ലേജുകളിലായി 36.9 കിലോമീറ്റർ നീളത്തിൽ 1,130 കല്ലുകൾ സ്ഥാപിച്ചു. കോഴിക്കോട് ജില്ലയിലെ 3 വില്ലേജുകളിലായി 9.8 കിലോമീറ്ററോളം ദൂരം 302 കല്ലുകളിട്ടു. കോട്ടയം ജില്ലയിലെ 4 വില്ലേജുകളിൽ 8.8 കിലോമീറ്റർ ദൂരം 427 കല്ലുകൾ സ്ഥാപിച്ചു.

ആലപ്പുഴയിൽ മുളക്കുഴ വില്ലേജിൽ 6 കിലോമീറ്റർ ദൂരം 35 കല്ലുകളിട്ടു. തിരുവനന്തപുരത്ത് ഏഴു വില്ലേജുകളിലായി 12 കിലോമീറ്ററോളം ദൂരത്തിൽ 623 കല്ലുകൾ സ്ഥാപിച്ചു. കൊല്ലം ജില്ലയിലെ എട്ടു വില്ലേജുകളിലായി 16.7 കിലോമീറ്റർ ദൂരത്തിൽ 873 കല്ലുകളാണ് സ്ഥാപിച്ചത്. എറണാകുളം ജില്ലയിലെ 12 വില്ലേജുകളിലായി 26.80 കിലോമീറ്ററോളം ദൂരത്തിൽ 949 കല്ലുകൾ സ്ഥാപിച്ചു. തൃശൂർ ജില്ലയിലെ 4 വില്ലേജുകളിൽ രണ്ടര കിലോമീറ്റർ ദൂരം 68 കല്ലുകൾ സ്ഥാപിച്ചു. മലപ്പുറം ജില്ലയിലെ 7 വില്ലേജുകളിൽ 24.2 കിലോമീറ്ററോളം ദൂരത്തിൽ 306 കല്ലുകൾ സ്ഥാപിച്ചു.

കെ-റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിരടയാളം നിശ്ചയിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മെയ് അഞ്ചിന് കെ-റെയിൽ എംഡി റവന്യൂ വകുപ്പിന് കത്ത് നൽകിയിരുന്നു.

ഭൂമിയുടെ ഉടമകൾ അനുവദിക്കുന്ന സ്ഥലങ്ങളിൽ കല്ലിടാമെന്നും മറ്റുള്ള സ്ഥലങ്ങളിൽ ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളിലൂടെ സർവേ നടത്താമെന്നുമാണ് കെ-റെയിൽ കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.

കെ-റെയിൽ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടൽ നിർത്തി പകരം ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താൻ റവന്യൂ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് സർക്കാരിന്റെ തീരുമാനം വന്നത്.