കോട്ടയം: സിൽവർ ലൈനുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴും ജനങ്ങളെ വശത്താക്കാൻ മുന്നോട്ട് വെക്കുന്നത് നഷ്ടപരിഹാരത്തിലെ കണക്കുകളാണ്.അതുകൊണ്ട് തന്നെ സിൽവർലൈനിൽ നഷ്ടപരിഹാരത്തിൽ അന്തിമരൂപം എങ്ങനെയെന്നതിൽ ആകാംക്ഷ വർധിക്കുകയാണ്. നാലിരട്ടിവരെ നഷ്ടപരിഹാരം കൂടുതൽ ഭൂമിക്ക് ബാധകമാക്കുക, ബഫർസോണിലെ ഭൂമിക്കും നഷ്ടപരിഹാരം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയെ അനുകൂലിക്കുന്നവരും ആവശ്യപ്പെടുന്നത്.

ഭരണമുന്നണിയിലെ സിപിഐ.യുംമറ്റും ഇക്കാര്യത്തിൽ ജനങ്ങളുടെ ആധി മാറ്റി ആകർഷകതീരുമാനം ഉണ്ടാകണമെന്ന അഭിപ്രായക്കാരാണ്.ഭൂമിയേറ്റെടുപ്പിൽ എതിർപ്പ് കുറയ്ക്കാൻ നഷ്ടപരിഹാരപാക്കേജിൽ കൂടുതൽ മിനുക്കുപണികൾ വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.

* ബഫർസോണായി ഇരുവശത്തും മാറ്റിയിടുന്ന 10 മീറ്ററിൽ നിലവിലെ ചട്ടപ്രകാരം നഷ്ടപരിഹാരം ലഭിക്കില്ല. അതിനും നഷ്ടപരിഹാരം പരിഗണിക്കണമെന്നതാണ് ഒരു നിർദ്ദേശം. ഇതിൽ അലൈന്മെന്റിനോട് ചേർന്ന അഞ്ചുമീറ്ററിൽ നിർമ്മാണവിലക്കുണ്ട്. ബാക്കി അഞ്ചിൽ അനുമതിയോടെ പണികൾ ചെയ്യാം. ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് പാതയുടെ മൊത്തം ദൂരമായ 530 കിലോമീറ്ററിൽ ഇരുവശത്തുമായി 20 മീറ്റർ വെറുതേയിട്ടാൽ വലിയൊരളവ് ഭൂമി നഷ്ടമാകും. കൂടംകുളം ലൈനിലുംമറ്റും ചെയ്തതുപോലെ പദ്ധതിപരിധിയിലേക്ക് സാങ്കേതികമായി വന്നുചേരുന്ന ഈ ഭൂമിക്കും നഷ്ടപരിഹാരം നൽകുകയും ഉടമതന്നെ ഭൂമി കൈവശംവെക്കുകയും ചെയ്യുക എന്ന സമവായവഴി പരിഗണിച്ചേക്കാം.

* നഗരപരിധിക്ക് പുറത്ത് നാലിരട്ടി നഷ്ടപരിഹാരം എന്ന വ്യവസ്ഥ വളരെക്കുറച്ചുപേർക്കേ ഗുണംചെയ്യൂ. ഗ്രാമങ്ങളായി പരിഗണിക്കുന്നത് കോർപ്പറേഷൻ, മുനിസിപ്പൽ പരിധിയിൽനിന്ന് 40 കിലോമീറ്ററിനപ്പുറം ദൂരെയുള്ള പ്രദേശങ്ങളാണ്. നിലവിലെ അലൈന്മെന്റ് പ്രകാരം ഇത്തരം ഗ്രാമമേഖല വളരെ കുറച്ചേയുള്ളൂ. 40 കിലോമീറ്ററെന്ന പരിധി കുറച്ച്, കൂടുതൽ ഭൂമി നാലിരട്ടി നഷ്ടപരിഹാരത്തിന് അർഹമാക്കണമെന്ന നിർദേശമുണ്ട്.

* വിലയാധാരങ്ങളിലെ വിപണിവില അടിസ്ഥാനമാക്കി നഷ്ടപരിഹാരം നിശ്ചയിച്ചാൽ ഭൂമിയുടെ കച്ചവടമൂല്യം കിട്ടാതെപോകുമോ എന്ന ആശങ്കയുണ്ട്. ആധാരങ്ങളിൽ വില കുറച്ചുകാണിക്കുന്ന രീതിയുള്ളതിനാൽ, ആധാരവില പരിഗണിക്കാതെ ഭൂമിയുടെ മൂല്യം ഉടമയ്ക്ക് ഉറപ്പാക്കേണ്ടതുണ്ട്.

* കെട്ടിടം, മരം, കൃഷി, കിണർ എന്നിവയ്ക്കും നഷ്ടപരിഹാരമുണ്ട്. കോൺക്രീറ്റ് കെട്ടിടത്തിന് ചതുരശ്രമീറ്ററിന് 10,000 രൂപവരെ കിട്ടാം. പഴക്കമനുസരിച്ച് ഇത് കുറയും. ദേശീയപാതാ വികസനത്തിന് ഭൂമി എടുത്തപ്പോൾ നിലവിലെ വില കൊടുത്തു. പഴക്കം കണക്കാക്കാതെയായിരുന്നു ഇത്. ഇവിടെയും അത് പരിഗണിച്ചേക്കും.

* ഭൂമിയും കെട്ടിടവും വിട്ടുകൊടുക്കുന്നവരുടെ തുടർജീവിതം മോശമാകാതെയിരിക്കാൻ നഷ്ടപരിഹാരത്തുകയിൽ 100 ശതമാനം വർധന വരുത്തുന്ന രീതിയുമുണ്ട്. നിശ്ചയിച്ച നിരക്കുപ്രകാരം ഒരാൾക്ക് കിട്ടേണ്ടതിന്റെ അത്രയും തുകകൂടി ഈ രീതിയിൽ അധികം നൽകണമെന്ന നിർദേശവും പരിഗണിക്കുന്നുണ്ട്.