- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ പദ്ധതിക്ക് പൂർണ അനുമതി വേണം; അനുമതി വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര റെയിൽവേ ബോർഡിന് കത്തു നൽകി; പുതിയ കത്ത് ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം തുകയുന്ന പശ്ചാത്തലത്തിൽ; സിൽവർ ലൈനിൽ പിന്നോട്ടില്ലെന്ന നിലപാടിൽ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിയിൽ പിന്നോട്ടിലെന്ന നിലപാടുമായി സംസ്ഥാന സർക്കാർ. പദ്ധതിക്ക് പൂർണ അനുമതി തേടി കേന്ദ്രസർക്കാറിനെ സമീപിച്ചിരിക്കയാണ് സംസ്ഥാനം. വിശദ പദ്ധതിരേഖയ്ക്ക് (ഡിപിആർ) അനുമതി വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര റെയിൽവേ ബോർഡിനു കത്തു നൽകി. ഡിപിആർ സമർപ്പിച്ചിട്ട് ഈ മാസം 2 വർഷം തികയുന്ന പശ്ചാത്തലത്തിലാണിത്. 2020 ജൂൺ 17 നാണ് ഡിപിആർ സമർപ്പിച്ചത്.
ഡിപിആറിന് അനുമതി തേടി കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. അനുകൂല പ്രതികരണമാണെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടെങ്കിലും നടപടികളുണ്ടായില്ല. റെയിൽവേ ബോർഡ് കോടതിയിൽ ഉൾപ്പെടെ പ്രതികൂല പരാമർശങ്ങൾ തുടരുകയുമാണ്. കഴിഞ്ഞ ഡിസംബറിൽ റെയിൽവേ ബോർഡുമായി ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചയിൽ, റെയിൽവേ ഭൂമി സംബന്ധിച്ച സംശയങ്ങളുന്നയിച്ചാണ് കേന്ദ്രം ഡിപിആർ മാറ്റിവച്ചത്.
അലൈന്മെന്റിൽ ഉൾപ്പെടുന്ന റെയിൽവേ ഭൂമി സംബന്ധിച്ച കൂടുതൽ സാങ്കേതിക രേഖകൾ ബോർഡ് ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവേയുമായി ചേർന്നു സംയുക്ത സർവേ നടത്താനും നിർദേശിച്ചിരുന്നു. ഈ സർവേയുടെ ടെൻഡർ നടപടികൾ കെറെയിൽ പൂർത്തീകരിച്ച സാഹചര്യത്തിലാണ് അനുമതി തേടി വീണ്ടും കേന്ദ്രത്തെ സമീപിച്ചത്.
തൃക്കാക്കര വോട്ടെടുപ്പിന് ഒരാഴ്ച മുൻപാണു ചീഫ് സെക്രട്ടറി കത്തയച്ചത്. ബോർഡ് നിർദേശിച്ച നടപടിക്രമങ്ങളുടെ തൽസ്ഥിതി വിവരിച്ചും സംയുക്ത സർവേ പൂർത്തിയാകുന്ന മുറയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുമാണു കത്ത്.
സംഘർഷം പരിഹരിക്കുന്നതിനായി, സർവേയ്ക്കു കല്ലിടാതെ ഡിജിപിഎസ് മാർഗം സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഏതു തരം സർവേയിലും സംഘർഷ സാധ്യതയുള്ളതിനാൽ ഡിപിആറിന് അംഗീകാരം ലഭിച്ചാലേ ഭാവി പ്രവർത്തനങ്ങൾ സുഗമമാകൂ എന്നാണു സർക്കാരിന്റെ വിലയിരുത്തൽ. ഡിപിആർ കേന്ദ്രം തള്ളിയാൽ ആ പേരിൽ പദ്ധതി നിർത്തിവയ്ക്കാം. എന്നാൽ തള്ളുകയോ കൊള്ളുകയോ ചെയ്യാത്ത കേന്ദ്ര നിലപാടു മൂലം ഇതൊന്നും സാധ്യമാകുന്നില്ലെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിലും കേന്ദ്രം പിന്നോട്ടില്ലെന്നാണ് ഈ വിഷയത്തിൽ നിന്നും മനസ്സിലാകുന്നത്. സിൽവർലൈൻ സാമൂഹ്യാഘാത പഠനത്തിനായുള്ള സർവേ പതിനൊന്ന് ജില്ലകളിലും അടുത്തയാഴ്ച പുനരാരംഭിക്കാനിരിക്കയാണ് താനും. തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രമാണിച്ച് സർവേ ഒരു മാസമായി നിർത്തിവച്ചിരിക്കുകയായിരുന്നു. തൃക്കാക്കരയിൽ ജനവിധി എതിരായതോടെ, സിൽവർലൈൻ സർവേയ്ക്ക് പോയാൽ വൻ പ്രതിഷേധമുണ്ടാവുമെന്ന് സർക്കാർ ഭയക്കുന്നുണ്ട്. അതിനാൽ വൻ പൊലീസ് സന്നാഹവുമായാവും കെ-റെയിൽ, റവന്യൂ, സർവേ ഉദ്യോഗസ്ഥരടങ്ങിയ സംഘം സർവേയ്ക്കായി വീടുകളിലെത്തുക. ജിയോടാഗിങ് സംവിധാനം ഉപയോഗിച്ചുള്ള സർവേയ്ക്കാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഒരു വിധത്തിലുള്ള സർവേയും അനുവദിക്കില്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ജില്ലകളിൽ വൻ പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുണ്ട്.
ജനങ്ങളുടെ പ്രതിഷേധത്തെ മറികടന്നും സിൽവർലൈൻ അലൈന്മെന്റിൽ മാർക്കിങ് നടത്താൻ അഞ്ച് ഉപഗ്രഹങ്ങളുടെ സഹായം കെ-റെയിൽ തേടിയിട്ടുണ്ട്. ലൊക്കേഷൻ കിറുകൃത്യമായി അറിയാനാവുന്ന ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റമാണ് (ഡി.ജി.പി.എസ്) മാർക്കിംഗിനായി ഉപയോഗിക്കുക. അഞ്ച് ഉപഗ്രഹങ്ങളിലെ വിവരങ്ങളുപയോഗിച്ച് അലൈന്മെന്റിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ അതീവ കൃത്യതയോടെ അടയാളപ്പെടുത്തുന്നതാണ് ഈ സംവിധാനം. ഇതിനായി അലൈന്മെന്റ് കടന്നുപോകുന്ന പ്രദേശങ്ങളിൽ നിശ്ചിത അകലത്തിൽ ഒരു ബേസ് സ്റ്റേഷൻ സ്ഥാപിക്കും. ബേസ് സ്റ്റേഷന്റെ രണ്ടു വശങ്ങളിലേക്കും അഞ്ച് കിലോമീറ്റർ വീതം മൊബൈൽ യൂണിറ്റുപയോഗിച്ച് മാർക്കിങ് നടത്താനാണ് കെ-റെയിലിന്റെ തീരുമാനം.
സിൽവർലൈനിന്റെ 529.45കിലോമീറ്റർ നിർദ്ദിഷ്ട പാതയിലെ അലൈന്മെന്റ് പൂർണമായി നേരത്തേ ജിയോടാഗിങ് നടത്തിയിട്ടുള്ളതിനാൽ, സാമൂഹ്യാഘാത പഠനത്തിനായുള്ള ജി.പി.എസ് മാർക്കിങ് വേഗത്തിൽ നടത്താനാവുമെന്ന് കെ-റെയിൽ പറയുന്നു. കല്ലിടുന്നതിന് ജനങ്ങളുടെ എതിർപ്പുകാരണം മിക്ക ജില്ലകളിലും സാമൂഹ്യാഘാത പഠനം തടസപ്പെട്ടിരുന്നു. ജി.പി.എസ് മാർക്കിങ് നടത്തുന്നതോടെ, പഠനം സുഗമമാവുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നൂറു ദിവസത്തിനകം പഠനം പൂർത്തിയാക്കി, ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം. സിൽവർലൈനിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്ന് സർക്കാരിന്റെ ഒന്നാം വാർഷികത്തിനിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പ്രഖ്യാപനമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ