- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ പദ്ധതി പിപിപി മോഡൽ പദ്ധതിയാണോ? സർക്കാർ പദ്ധതി എന്ന പ്രചാരണം നൽകി സ്വകാര്യ മൂലധനം കൊണ്ടുവരുന്നത് ജനത്തെ കബളിപ്പിക്കലല്ലേ? പാനൽ ചർച്ചയിൽ നിന്ന് തന്നെ ഒഴിവാക്കിയതോടെ ചോദ്യങ്ങളുമായി ജോസഫ് സി മാത്യു; ജോസഫിന് പകരമാവില്ല താനെന്നും രാഷ്ട്രീയ പ്രേരിതമായ തീരുമാനമെന്നും ശ്രീധർ രാധാകൃഷ്ണൻ
തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ നിന്ന് സാമൂഹിക നിരീക്ഷകനും ഐടി വിദഗ്ധനുമായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് വിവാദമായിരിക്കുകയാണ്. ചീഫ് സെക്രട്ടറി ക്ഷണിച്ച ശേഷം ഔദ്യോഗികമായി അറിയിക്കുക പോലും ചെയ്യാതെയാണ് അദ്ദേഹത്തെ പദ്ധതിയെ എതിർക്കുന്നവരുടെ പാനലിൽ നിന്ന് മാറ്റിയത്. പകരം പരിസ്ഥിതി പ്രവർത്തകനും, തണൽ സംഘടനയുടെ ഭാരവാഹിയുമായ ശ്രീധർ രാധാകൃഷ്ണനെയാണ് തിരഞ്ഞെടുത്തത്.
അതേസമയം, സിൽവർലൈൻ സംവാദത്തിൽ നിന്ന് ജോസഫ് സി.മാത്യുവിനെ ഒഴിവാക്കിയത് അപലപനീയമെന്നും ഔചിത്യരഹിതമെന്നും ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു. ഞായറാഴ്ച കെ-റെയിൽ ഉദ്യോഗസ്ഥൻ തന്നെ ക്ഷണിച്ചപ്പോഴാണ് ഇതിൽ നടന്ന ഗൂഢാലോചന മനസ്സിലായത്. താൻ ജോസഫ് സി.മാത്യുവിന് പകരമാവില്ല.
പദ്ധതിക്കെതിരെ നിൽക്കുന്നവരുമായും ജോസഫ് സി.മാത്യുവുമായും സംസാരിച്ചപ്പോൾ പങ്കെടുക്കണം എന്ന പൊതു അഭിപ്രായമാണ് വന്നത്. അതിനാലാണ് ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും ശ്രീധർ ഫേസ്‌ബുക് പോസ്റ്റിൽ പറഞ്ഞു
ശ്രീധർ രാധാകൃഷ്ണന്റെ കുറിപ്പ്:
ജോസഫ് സി മാത്യൂ ന് പകരം വക്കാൻ പറ്റില്ല.
കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർലൈൻ പാനൽ ചർച്ചയിൽ നിന്നും ജോസഫ് സി മാത്യൂസിനെ ഒഴിവാക്കി പാനൽ പ്രഖ്യാപിച്ചത് അങ്ങേയറ്റം ഔചിത്യരഹിതവും അപലപനീയവും വെറും രാഷ്ട്രീയ പ്രേരിതവുമായ തീരുമാനമാണ്. ഇന്നലെ കെ റെയിൽ ഉദ്യോഗസ്ഥൻ എന്നെ ക്ഷണിക്കുകയും ചെയ്തു. അപ്പോഴാണ് ഇതിൽ നടന്ന ഗൂഢാലോചന എനിക്ക് മനസ്സിലായതും.
സിൽവർലൈൻ പദ്ധതിക്കെതിരെയുള്ള വിമർശനങ്ങളിൽ എന്നോടൊപ്പം നിൽക്കുന്ന മറ്റ് എൻജിനീയർ, പരിസ്ഥിതി പ്രവർത്തകരുമായി ചർച്ച ചെയ്യുകയും ഞാൻ പങ്കെടുക്കണം എന്നു പൊതു അഭിപ്രായം വരുകയും, ശ്രീ ജോസഫ് മാത്യൂവിനോടും സംസാരിച്ചു ഞാൻ ചർച്ചയിൽ പങ്കെടുക്കാം എന്നു തീരുമാനിക്കുകയും ചെയ്തു.
പങ്കെടുക്കൽ താഴെ പറയുന്ന (കമന്റ് ബോക്‌സിൽ) ഉപാധികൾ അംഗീകരിച്ചാൽ മാത്രമേയുള്ളൂ എന്ന് കെ റെയിലിനേ അറിയിക്കുകയും അവർ ഇന്ന് രാവിലെ അത് അംഗീകരിക്കുന്നു എന്ന് എനിക്ക് മെസ്സേജ് ചെയ്യുകയും ചെയ്തു.
ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. ഇപ്പൊൾ വിഷയം ഇവരുടെ കയ്യിലൊന്നുമല്ല. അത് ജനങ്ങളുടെ സമരവും ഇന്ത്യൻ റെയിൽവേ ബോർഡിന്റെയും കയ്യിലാണ്. അവിടെയാണ് ഇതിന്റെ ഭാവി നിശ്ചയിപെടുക. അപ്പോൾ ഇത്തരം അർത്ഥശൂന്യമായ പാനൽ ചർച്ച നാടകങ്ങൾ നടക്കട്ടെ. കാര്യങ്ങൾ പറയാൻ പറ്റുന്ന ഒരു ഇടവും നമ്മളും വിടില്ല. കേരളത്തിനെ ഈ ദുർഗതിയിൽ നിന്നും രക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്
അതേസമയം, സിൽവർ ലൈൻ പദ്ധതി പിപിപി ( പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്) മോഡൽ പദ്ധതിയാണോ എന്ന് സർക്കാർ വിശദീകരിക്കണമെന്ന് ജോസഫ് സി.മാത്യു. പദ്ധതി സംബന്ധിച്ച് ജോസഫ് സി.മാത്യു ചോദിക്കാനിരുന്ന ചോദ്യങ്ങൾ
1.സിൽവർ ലൈൻ പദ്ധതി പിപിപി മോഡൽ പദ്ധതിയാണോ? 74% ഓഹരി സ്വകാര്യ മേഖലയ്ക്കും 26% ഓഹരി സർക്കാരിനുമെന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. ഇത് വസ്തുതയാണോ? ഇതാണോ സർക്കാർ നയം?
2.പിപിപി പദ്ധതിയാണെങ്കിൽ ജനത്തെ മുൻകൂട്ടി അറിയിക്കണമെന്നാണ് 2013ലെ കേന്ദ്രസർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ പറയുന്നത്. നിയമം അനുസരിച്ച് 70 ശതമാനത്തിൽ കൂടുതൽപേർ എതിർത്താൽ പദ്ധതി നടപ്പിലാക്കാനാകില്ല. സർക്കാർ പദ്ധതി എന്ന പ്രചാരണം നൽകി സ്വകാര്യ മൂലധനം കൊണ്ടുവരുന്നത് ജനത്തെ കബളിപ്പിക്കലല്ലേ?
3. 2018ലെ പ്രളയത്തിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായ സ്ഥലമാണ് പത്തനംതിട്ട. അവിടെ ചില സ്ഥലങ്ങളിൽ 17 മീറ്റർ ഉയരത്തിലാണ് എംബാഗ്മെന്റ് കടന്നു പോകുന്നത്. പ്രളയം വീണ്ടും ആവർത്തിച്ചാൽ ജലം എങ്ങനെ ഒഴുകി പോകും?
4. ഈ പ്രദേശങ്ങളിലെ ജലം എങ്ങനെ ഒഴുകിപോകുമെന്ന് സ്റ്റിമുലേഷൻ സോഫ്റ്റുവെയറിന്റെ സഹായത്തോടെ ജനങ്ങളെ ബോധ്യപ്പെടുത്തുമോ?
5. വിഴിഞ്ഞം പദ്ധതിക്കായി കല്ലു കൊണ്ടുവരേണ്ട ചുമതല പദ്ധതി നടത്തിപ്പു കമ്പനിക്കാണ്. എന്നാൽ, എട്ടു ക്വാറികൾ സർക്കാർ ഇതിനായി തുറന്നു കൊടുത്തു. സിൽവർലൈൻ പദ്ധതിക്കായി കൂടുതൽ ക്വാറികൾ തുറക്കേണ്ട സാഹചര്യം ഉണ്ടോ? അതിനെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ?
6. സിൽവർലൈൻ മറ്റു ഗതാഗത സംവിധാനങ്ങളെയും പൊതുഗതാഗതത്തെയും എങ്ങനെ ബാധിക്കുമെന്ന് പഠിച്ചിട്ടുണ്ടോ?
7. ലോകത്ത് എല്ലായിടത്തും വേഗം വർധിക്കുന്നത് അനുസരിച്ച് ഗേജ് വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ നേരെ തിരിച്ചാണ് ചെയ്യുന്നത്. ഇതിന്റെ ശാസ്ത്രീയത എന്താണ്?
8. ജനശതാബ്ദിയുടെ സ്റ്റോപ്പുകൾ മൂന്നായി ചുരുക്കിയാൽ രണ്ടേകാൽ മണിക്കൂറിൽ എറണാകുളത്ത് എത്താൻ കഴിയും. ഇതിന്റെ സാധ്യത പരിശോധിക്കുമോ. 15 മിനിട്ട് ലാഭിക്കാനാണ് ശതകോടികൾ മുടക്കുന്നത്.
9. റെയിൽവേ വികസനത്തിനായി റെയിൽവേ മന്ത്രാലയം ബഫർ സോൺ എടുത്തിട്ടുണ്ട്. അതിനു പുറമേയാണ് മറ്റൊരു പാതയ്ക്കായി ബഫർ സോൺ എടുക്കുന്നത്. നിലവിലെ റെയിൽ പാത വികസിപ്പിച്ച് സഞ്ചാരം മെച്ചപ്പെടുത്താനുള്ള വഴികൾ സ്വീകരിക്കാത്തതെന്ത്?
മറുനാടന് മലയാളി ബ്യൂറോ