തിരുവനന്തപുരം : കാസർകോട് സെമി ഹൈസ്പീഡ് സിൽവർ ലൈനിനായി 33,700കോടി വിദേശവായ്പയെടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം കേരളം ഗാരന്റി നിൽക്കുകയാണ്. വിദേശവായ്പയുടെ ബാദ്ധ്യത സംസ്ഥാനം ഏറ്റെടുക്കുന്നതായി സർക്കാർ കേന്ദ്രധനകാര്യ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് വായ്പാബാദ്ധ്യത കേന്ദ്രമേൽക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സംസ്ഥാനം ബാധ്യതയേറ്റത്.

ഇത്രയും വായ്പയ്ക്ക് പ്രതിവർഷം 1946കോടി തിരിച്ചടവുണ്ടാവും. പദ്ധതി ചെലവ് 63,940കോടിയാണെങ്കിലാണ് ഇത്രയും വിദേശവായ്പ വേണ്ടിവരിക. ചെലവുകൾ കൃത്യമായി ചേർത്താൽ 2.25ലക്ഷം കോടിയായി പദ്ധതിച്ചെലവുയരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അങ്ങനെയെങ്കിൽ ഒന്നേകാൽ ലക്ഷം കോടിയുടെ വിദേശവായ്പ വേണ്ടിവരും. 8000കോടിയോളം വായ്പാ തിരിച്ചടവിന് സംസ്ഥാനം കണ്ടെത്തണം. ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ കടമെടുത്ത് നട്ടംതിരിയുന്ന കേരളത്തിന് ഇത്രയും ഭീമമായ വായ്പാ തിരിച്ചടവ് സാദ്ധ്യമാവില്ല. ചുരുക്കത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയെപ്പോലെ കേരളവും ഭാവിയിൽ നട്ടംതിരിയും.

ചെലവ് 1.20ലക്ഷം കോടിയാവുമെന്നാണ് നീതിആയോഗ് വിലയിരുത്തിയിട്ടുണ്ട്. പാലങ്ങൾ, കലുങ്കുകൾ, ടണലുകൾ എന്നിവയ്‌ക്കെല്ലാമുള്ള ചെലവ് ഡി.പി.ആറിൽ കുറച്ചുകാട്ടിയിരിക്കുകയാണെന്നും ചെലവുകൾ കൃത്യമായി ചേർത്താൽ 2.25ലക്ഷം കോടിയായി പദ്ധതിച്ചെലവുയരുമെന്നും പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു. പാലങ്ങൾ, ടണലുകൾ എന്നിവയ്‌ക്കെല്ലാം 75ശതമാനം ചെലവ് കുറച്ചു കാട്ടിയിരിക്കുകയാണ്. 93ശതമാനം പാതയും ഉറപ്പില്ലാത്ത മണ്ണിലായിട്ടും അവിടത്തെ നിർമ്മാണങ്ങൾക്ക് ഉറപ്പുള്ള മണ്ണിൽ വേണ്ടത്ര തുകയാണ് വകയിരുത്തിയത്. ഭൂമിയേറ്റെടുക്കലിന് ആറായിരം കോടിയും പുനരധിവാസത്തിന് 13000 കോടിയുമുണ്ട്. സെന്റിന് 16ലക്ഷം കൊടുക്കുമെന്നാണ് സർക്കാർ വാഗ്ദാനം. അങ്ങനെയങ്കിൽ ഭൂമിവില 48,000കോടിയാവും. ഭൂമിവിലയും കുറച്ചു കാട്ടിയിരിക്കുകയാണ്.- അദ്ദേഹം പറഞ്ഞു.

വിദേശവായ്പാ തിരിച്ചടവിന് 49%ഗാരന്റി കേന്ദ്രസർക്കാരും 51%ഗാരന്റി സംസ്ഥാനവും നൽകാമെന്നായിരുന്നു പ്രാഥമികധാരണ. കേന്ദ്രഗാരന്റിയില്ലാതെ വിദേശവായ്പ ലഭിക്കില്ല. വൻകിട പദ്ധതികൾക്ക് വായ്പനൽകാൻ ജപ്പാനും ഇന്ത്യയും കരാറുണ്ട്. സംസ്ഥാനഗാരന്റി വാങ്ങിവച്ച ശേഷം, വായ്പയ്ക്ക് 100ശതമാനം തിരിച്ചടവ് ഗാരന്റി കേന്ദ്രസർക്കാരാണ് ജപ്പാൻ ബാങ്കിന് നൽകാറുള്ളത്. ഈ ബാധ്യത വഹിക്കാനാവില്ലെന്നറിയിച്ച് കേന്ദ്രം പിന്മാറിയതോടെയാണ്, തിരിച്ചടവ് ബാധ്യത പൂർണമായി സംസ്ഥാനം ഏറ്റെടുത്തത്. റെയിൽവേയ്ക്കും സംസ്ഥാനസർക്കാരിനും ഓഹരിയുള്ള കേരളാ റെയിൽ വികസന കോർപറേഷനാണ് (കെ.ആർ.ഡി.സി.എൽ) സെമി-ഹൈസ്പീഡ് റെയിലിന്റെ നിർമ്മാണവും നടത്തിപ്പും.

വായ്പ തിരിച്ചടയ്‌ക്കേണ്ടതും കെ.ആർ.ഡി.സി.എൽ ആണ്. കെ.ആർ.ഡി.സി.എൽ തിരിച്ചടവ് മുടക്കിയാൽ സംസ്ഥാനം ആ ബാധ്യതയേൽക്കുമെന്നാണ് സർക്കാർ കേന്ദ്രത്തെ അറിയിച്ചത്. കേരളം ഉറപ്പുനൽകിയെങ്കിലും സംസ്ഥാനത്തിന്റെ ഗാരന്റിയിൽ വിദേശബാങ്കുകൾ വികസനപദ്ധതികൾക്ക് വായ്പ നൽകില്ല. കേന്ദ്രസർക്കാരിന്റെ ഗാരന്റിയേ അവർ സ്വീകരിക്കൂ. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ, സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽ നിന്ന് കുറവുചെയ്യുന്ന തുക ബാങ്കിന് കൈമാറും. അതായത് കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടാനുള്ള സാമ്പത്തിക സഹായം കിട്ടില്ല. ഇതോടെ ക്ഷേമ പദ്ധതികൾക്കും ശമ്പളത്തിനും പെൻഷനുമൊന്നും പണമില്ലാതെ സംസ്ഥാനം നട്ടംതിരിയും.

അതിവേഗ റെയിലിന് തത്വത്തിലുള്ള അനുമതിയേ ലഭിച്ചിട്ടുള്ളൂ. റെയിൽവേ, ധനമന്ത്രാലയങ്ങളുടയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്രകാബിനറ്റിന്റെയും അനുമതി ലഭിക്കണം. 975കോടി മൂല്യമുള്ള റെയിൽവേ ഭൂമിക്ക് പുറമെ 2150കോടി കേന്ദ്രഓഹരിയും സംസ്ഥാനം തേടുന്നുണ്ട്. ഇതിനുപുറമെയാണ് വിദേശവായ്പയെടുക്കാൻ കേന്ദ്രഗാരന്റിയും. തിരിച്ചടവിന് സംസ്ഥാനം പരാജയപ്പെട്ടാൽ കേന്ദ്രം ബാദ്ധ്യതയേൽക്കുമെന്ന് എല്ലാ വിദേശവായ്പകൾക്കും രേഖാമൂലം ഉറപ്പുനൽകേണ്ടതുണ്ട്. ഇതാണിപ്പോൾ കേരളം ഏറ്റെടുക്കണമെന്ന് കേന്ദ്രധനമന്ത്രാലയം നിഷ്‌കർഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വായ്പാ ബാദ്ധ്യത കേന്ദ്രമേൽക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇവിടെ നടപടികൾ വേഗത്തിലാക്കിയത്.

സെമി-ഹൈസ്പീഡ് റെയിൽ മൂന്നാംവർഷത്തിൽ ലാഭകരമാവുമെന്നാണ് കണക്കുകൂട്ടൽ. ടിക്കറ്റ് വരുമാനത്തിൽ നിന്ന് പലിശയും മുതലും തിരിച്ചടയ്‌ക്കേണ്ടതിലധികം പണംകിട്ടും. മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടുമെന്നും നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനമാവാമെന്നും പദ്ധതിനടത്തിപ്പിനുള്ള കെ.ആർ.ഡി.സി.എൽ പറയുന്നു. വായ്പാബാദ്ധ്യത റെയിൽവേ ഏൽക്കാത്തത് കേരളത്തിന്റെ പദ്ധതിക്ക് മാത്രമല്ല. സെമി-ഹൈസ്പീഡ് റെയിൽ പദ്ധതികളായ അഹമ്മദാബാദ്-രാജ്‌കോട്ട് (320കി.മി), പൂണെ-നാസിക് (250 കി.മി) എന്നിവയ്ക്കുള്ള വായ്പാബാദ്ധ്യതയും റെയിൽവേ ഏറ്റില്ല. സംസ്ഥാനം ഏൽക്കണമെന്നായിരുന്നു നിലപാട്. പൂണെ-നാസിക് പദ്ധതിയുടെ 16,000കോടി ബാധ്യതയേറ്റെടുത്തതായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

സിൽവർ ലൈനിന് ഭൂമിവിലയടക്കം 2.5ബില്യൺ ഡോളർ വരെ ഒറ്റ വായ്പനൽകാൻ ജപ്പാനിലെ ജൈക്ക സന്നദ്ധതയറിയിച്ചിട്ടുണ്ട്. പലിശ 0.2- 0.5 ശതമാനമാണ്. എ.ഡി.ബി വായ്പയ്ക്ക് ഒന്നര ശതമാനം വരെയാണ് പലിശ. പരിസ്ഥിതി ആഘാത പഠനം, പരിസ്ഥിതി ആഘാത ലഘൂകരണം, പുനരധിവാസം, സാമൂഹ്യ ആഘാത പഠനം എന്നിവയെല്ലാം കൃത്യമായി നടത്തണമെന്നാണ് എ.ഡി.ബിയുടെ വ്യവസ്ഥ. ഹൈസ്പീഡ് റെയിലിനായി ഈ പഠനങ്ങൾ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശുപാർശയോടെയാവും എ.ഡി.ബി വായ്പാ നടപടികൾ തുടങ്ങുക. പദ്ധതിയെക്കുറിച്ച് പഠിക്കാൻ എ.ഡി.ബി കൺസൾട്ടന്റുമാരെ നിയോഗിക്കും. അവർ കേരളത്തിലെത്തിയ ശേഷം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും വായ്പ അനുവദിക്കുക. ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, ജർമ്മൻബാങ്ക് എന്നിവയെയും വായ്പയ്ക്കായി സമീപിച്ചിട്ടുണ്ട്. 66,405 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിക്കായി 33,700കോടി രൂപയാണ് വിദേശവായ്പയെടുക്കുക.

കർശന വ്യവസ്ഥകളുള്ള വിദേശവായ്പയ്‌ക്കെതിരെ വിദഗ്ദ്ധർ രംഗത്തുവന്നിട്ടുണ്ട്. സിൽവർലൈനിന് ജപ്പാൻ കടംതരുന്നത് നമ്മളെ നന്നാക്കാനല്ലെന്ന് പ്രൊഫ.ആർ.വി.ജി മേനോൻ പറഞ്ഞു. എല്ലാം വിപണിക്കു വിട്ടാൽ അവർ ഹ്രസ്വകാല ലാഭമുണ്ടാക്കാൻ ചിന്താഗതികളെ തിരിച്ചുവിടും. അമേരിക്കയിലെ റെയിൽവേ വികസനം ഓട്ടോമൊബൈൽ ലോബിയാണ് നശിപ്പിച്ചത്. ധാരാളം പണമുണ്ടെങ്കിൽ എവിടെ നിന്നുവേണമെങ്കിലും സാധനങ്ങൾ വാങ്ങാം. എന്നാൽ തൊഴിൽ സൃഷ്ടിക്കുന്നതും സാമ്പത്തിക വളർച്ചയുമായിരിക്കണം പദ്ധതികളുടെ ലക്ഷ്യം. പുതിയ വികസന മോഡൽ ഇതാണ്. ആർ.വി.ജി മേനോൻ പറഞ്ഞു.

എന്നാൽ പത്തുവർഷം മൊറട്ടോറിയവും 25വർഷം തിരിച്ചടവുമുള്ള വായ്പ രാജ്യത്ത് കിട്ടില്ലെന്നും വിദേശബാങ്കുകളേ നൽകൂവെന്നുമാണ് കെ-റെയിൽ പറയുന്നത്. ഇവിടെ പരമാവധി 15വർഷം തിരിച്ചടവും 5വർഷം മൊറട്ടോറിയവുമേ കിട്ടൂ. റെയിൽവേ എൽ.ഐ.സിയിൽ നിന്ന് 8.5ശതമാനം പലിശയ്ക്കാണ് വായ്പയെടുക്കുന്നത്. കുറഞ്ഞ പലിശയുള്ള വായ്പ പദ്ധതിയെ ലാഭകരമാക്കും. ലോകബാങ്ക് വായ്പയ്ക്ക് സാങ്കേതികവിദ്യ ഏതായാലും മതി. ആഗോള ടെൻഡറാവാം. എ.ഡി.ബി, കെ.എഫ്.ഡബ്ല്യു വായ്പകൾക്ക് പരിസ്ഥിതി, സാമൂഹ്യാഘാത പഠനങ്ങൾ നിർബന്ധമാണ്.

ജപ്പാനിലെ ജൈക്ക വായ്പയ്ക്ക് ജപ്പാനിൽ നിന്ന് കോച്ചുകളും സാമഗ്രികളും വാങ്ങണമെന്ന നിബന്ധനയുണ്ട്. സാങ്കേതികവിദ്യ ജപ്പാനിലേതാണെങ്കിൽ വായ്പാ നിബന്ധനകളിൽ ഇളവുകിട്ടും. അവർക്ക് പരിസ്ഥിതി, സാമൂഹ്യാഘാത പഠനം നിർബന്ധമില്ല. പരിസ്ഥിതിയെ നശിപ്പിച്ചല്ല വൻ പദ്ധതികൾ നടപ്പാക്കുന്നതെന്നും കെ-റെയിൽ വ്യക്തമാക്കി.