- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ ഡിപിആറിനു കേന്ദ്രാനുമതി വൈകുന്നു; ഓഹരിത്തുകയുടെ കാര്യത്തിലും അനിശ്ചിതത്വം; സർക്കാർ തലത്തിൽ ചർച്ച നടത്തണമെന്ന് കെ റെയിൽ; പദ്ധതി നടപ്പാക്കുമ്പോൾ യാത്രാനിരക്ക് വർധിക്കുമെന്നും സൂചന; ഭൂമി ഏറ്റെടുക്കലിൽ പ്രതിഷേധം കടുക്കുന്നു
തിരുവനന്തപുരം: സിൽവർ ലൈൻ വേഗ റെയിൽ പദ്ധതിയുടെ ഡിപിആറിന് കേന്ദ്രാനുമതി വൈകുന്നു. പദ്ധതിക്കായി 185 ഹെക്ടർ സ്ഥലം വിട്ടുനൽകുന്നതല്ലാതെ വിശദ പദ്ധതിരേഖയിൽ (ഡിപിആർ) നിർദേശിച്ച ഓഹരിത്തുക നൽകുന്നതിൽ അടക്കം ഇതുവരെ ഉറപ്പ് ലഭിക്കാത്തത് പ്രതിസന്ധിയായിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് നൽകാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാർതലത്തിൽ കൂടുതൽ ചർച്ചകൾ നടത്തണമെന്നാണ് കെ റെയിൽ സർക്കാരിനോട് ആവശ്യപ്പെടുന്നത്. 3125 കോടി രൂപ ആകെ ഓഹരിയായി റെയിൽവേ നൽകണമെന്നാണു കെ റെയിലിന്റെ ആവശ്യം.
അതേ സമയം സാങ്കേതിക വിശദാംശങ്ങൾ നൽകാൻ കെആർഡിസിഎല്ലിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നു കേന്ദ്രസർക്കാർ അറിയിച്ചു. അലൈന്മെന്റ് പ്ലാൻ, റെയിൽവേ ഭൂമി, സ്വകാര്യ ഭൂമി, നിലവിലെ റെയിൽവേ ട്രാക്ക് ക്രോസിങ് തുടങ്ങിയ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിപിആർ വിശദമായി പരിശോധിക്കും. ഇതിന് ശേഷം സാമ്പത്തികമായി സാധ്യമായ പദ്ധതിയാണോ എന്നതടക്കം കേന്ദ്ര ധനമന്ത്രാലയവും നീതി ആയോഗും പരിശോധിക്കുമെന്നാണ്് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം.
ആകെ പദ്ധതിച്ചെലവിന്റെ 24% ആണ് ഓഹരിയിലൂടെ സമാഹരിക്കുന്നത്. റെയിൽവേയുടെ 185 ഹെക്ടർ സ്ഥലത്തിനു 975 കോടി രൂപയാണു വില കണക്കാക്കിയിരിക്കുന്നത്. ശേഷിച്ച 2150 കോടി രൂപ റെയിൽവേ പണമായി നൽകണം. ഇത് ഓഹരിയായി കണക്കാക്കും. ആകെ പദ്ധതിച്ചെലവിന്റെ 4.8% വരും റെയിൽവേയുടെ ഓഹരി.
കേരള സർക്കാർ ഓഹരി എന്ന നിലയ്ക്കു 3252.56 കോടി (5.09%) നൽകും. പൊതു ജനങ്ങളിൽനിന്ന് 4251 കോടിയാണ് (6.65%) ഓഹരിയായി പിരിച്ചെടുക്കുക. പദ്ധതിച്ചെലവിന്റെ 52.70% വായ്പയാണ്. കേന്ദ്രം പ്രത്യേകമായി പണം അനുവദിച്ചാൽ നൽകാമെന്നാണു റെയിൽവേ അറിയിച്ചിരിക്കുന്നത്. അതേസമയം, ഡിപിആറിനു കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ ഈ കേന്ദ്ര ബജറ്റിൽ ഫണ്ട് ലഭിക്കുമെന്നു പ്രതീക്ഷിക്കാനാവാത്ത സാഹചര്യമാണുള്ളത്.
അതേ സമയം സിൽവർലൈൻ പാത യാഥാർഥ്യമാകുമ്പോൾ യാത്രനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ട്രെയിൻ ഓടിത്തുടങ്ങുന്ന വർഷം തന്നെ ടിക്കറ്റ് നിരക്ക് ഉയരുമെന്നു ഡിപിആറിൽ വ്യക്തമാക്കുന്നുണ്ട്. കിലോമീറ്ററിന് 2.75 രൂപയ്ക്കു യാത്ര സാധ്യമാകുമെന്നാണു കെ റെയിലും സർക്കാരും അവകാശപ്പെടുന്നത്. എന്നാൽ ഇതു ഡിപിആർ തയാറാക്കുമ്പോഴുള്ള നിരക്കാണെന്നും 2025'26ൽ കിലോമീറ്ററിനു 3.90 രൂപയാകുമെന്നും ഡിപിആർ പറയുന്നു.
ആകെ 530 കിലോമീറ്ററാണു ദൂരം. കിലോമീറ്ററിന് 2.75 രൂപ വച്ച് തിരുവനന്തപുരം മുതൽ കാസർകോട് വരെ യാത്ര ചെയ്യാൻ 1457 രൂപയെന്നാണു സർക്കാരും കെ റെയിലും പറയുന്നത്. എന്നാൽ നിരക്കിനു വാർഷിക വർധന ബാധകമാണെന്നും പദ്ധതി തുടങ്ങുന്ന 2025'26ൽ നിരക്ക് 3.90 രൂപയാകുമെന്നും ഡിപിആർ വ്യക്തമാക്കുന്നു. അപ്പോൾ, തിരുവനന്തപുരത്തുനിന്നു കാസർകോട്ടെത്താൻ 2067 രൂപയാകും. 2050 ആകുമ്പോഴേക്കും കിലോമീറ്ററിന് 15.79 രൂപയാകും. അന്ന് തിരുവനന്തപുരം കാസർകോട് യാത്രയ്ക്ക് 8368 രൂപയാകുമെന്ന് വ്യക്തം.
ഭൂമി ഏറ്റെടുക്കലിൽ പ്രതിഷേധം കടുക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ് സർക്കാർ. പ്രളയം, ജലമൊഴുക്ക് തുടങ്ങിയവയെക്കുറിച്ച് സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറിൽ ഉന്നയിച്ച സംശയങ്ങൾ പഠനവിധേയമാക്കുന്ന ഹൈഡ്രോളജിക്കൽ റിപ്പോർട്ടിന്റെ ആദ്യഘട്ടം മൂന്ന് ആഴ്ചയ്ക്കകം പൂർത്തിയാകും. അന്തിമ റിപ്പോർട്ട് മെയ് അവസാനത്തോടെ സമർപ്പിക്കും. ഫീൽഡ് സർവേ 70% പൂർത്തിയായി. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് കൺസൽറ്റൻസി കോർപറേഷനായ റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റൈറ്റ്‌സ്) ആണു സർവേ നടത്തുന്നത്.
സമീപപ്രദേശങ്ങളിലെ ജലാശയങ്ങളുടെ സംഭരണശേഷി, ശക്തമായ മഴ പെയ്താൽ ജലനിരപ്പ് എത്ര ഉയരാം എന്നിവയാണു കണ്ടെത്തേണ്ടത്. ഇതിനായി കഴിഞ്ഞ 100 വർഷങ്ങളിലെ ഏറ്റവും ഉയർന്ന മഴയുടെ ശരാശരി നിർണയിക്കും. സർവേക്കു ശേഷമുള്ള രണ്ടാം ഘട്ട പഠനത്തിനു 2 മാസത്തിലേറെ വേണ്ടിവരും. .
ഹൈഡ്രോളജിക്കൽ സർവേക്ക് അനുബന്ധമായി ഹൈഡ്രോഗ്രഫിക് സർവേയും പൂർത്തിയാക്കും. അലൈന്മെന്റ് കടന്നുപോകുന്ന ജലാശയങ്ങളിലെ ആഴം ആണു പഠിക്കുന്നത്. ഈ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാകും പാലങ്ങളുടെയും വയാഡക്റ്റുകളുടെയും രൂപകൽപന.
അതേ സമയം പദ്ധതിക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കന്നതിലുള്ള എതിർപ്പ് ശക്തമാണ്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടുന്ന നടപടി നിയമവിരുദ്ധമാണെന്ന് മാടായിപ്പാറ സംരക്ഷണ സമിതി വ്യക്തമാക്കുന്നു. കെ-റെയിൽ ഉദ്യോഗസ്ഥർക്ക് സ്വകാര്യ ഭൂമിയിൽ കടന്നുകയറി കോർപറേഷന്റെ പേര് കൊത്തിയുള്ള കല്ല് സ്ഥാപിക്കുന്നതിന് നിയമത്തിന്റെ പിൻബലമില്ല. അതു തടയുന്നതിന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമിതി കൺവീനർ കെ പി ചന്ദ്രാംഗദൻ വ്യക്തമാക്കി.
മാടായിപ്പാറ തുരന്ന് ടണൽ നിർമ്മിച്ചാണ് റെയിൽ സ്ഥാപിക്കുന്നത് എന്നത് അപ്രായോഗികവും അശാസ്ത്രീയവുമാണ്. മാടായിപ്പാറയുടെ ഇരട്ടിയെങ്കിലും ഉയരത്തിലുള്ള പ്രദേശത്ത് മാത്രമേ ടണൽ സാധ്യമാവൂ. ഇവിടെ ആഴത്തിലുള്ള കട്ടിങ്ങിനാണ് സാദ്ധ്യത. മാടായിപ്പാറക്ക് അത് വലിയ തോതിൽ ദോഷം ചെയ്യുമെന്നതിനാൽ പ്രതിഷേധം തണുപ്പിക്കുന്നതിനാണ് ടണലാണെന്ന് പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 18ന് പുറത്തുവന്ന സർക്കാർ ഉത്തരവിൽ കേന്ദ്ര സർക്കാറിന്റെയും റെയിൽവേ ബോർഡിന്റെയും പ്രാഥമിക അനുമതിക്ക് ശേഷമേ ധനസമാഹരണം നടത്തുകയുള്ളുവെന്നും അന്തിമാനുമതി ലഭിക്കുന്ന മുറക്ക് മാത്രമെ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങുകയുള്ളു എന്നും പറഞ്ഞിരുന്നു. എന്നാൽ മറ്റൊരു ഉത്തരവ് ഇറക്കിക്കൊണ്ട് ഭൂമി ഏറ്റെടുക്കാൻ ഏകപക്ഷീയമായ അനുമതി നൽകുകയായിരുന്നു. കേന്ദ്ര നിലപാട് പദ്ധതിക്ക് എതിരാകും എന്ന് മുന്നിൽകണ്ടാണ് ഈ ഉത്തരവ് ഇറക്കിയത്. തുടർന്ന് കോർപറേഷൻ ഉദ്യോഗസ്ഥന്മാരെ കല്ല് സ്ഥാപിക്കാൻ അധികാരപ്പെടുത്തുകയും ചെയ്തു. ഈ നടപടി പ്രതിഷേധാർഹമാണെന്നും അത് തടയുന്നതിന്ന് ശക്തമായ സമരം ആരംഭിക്കുമെന്നും ചന്ദ്രാംഗദൻ കൂട്ടിച്ചേർത്തു.
വൻ പൊലീസ് സന്നാഹത്തോടെ കല്ല് സ്ഥാപിക്കാൻ വന്ന ഉദ്യോഗസ്ഥർക്കെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചു. മാടായിപ്പാറ സംരക്ഷണ സമിതി പ്രവർത്തകർ, കെ-റെയിൽ വിരുദ്ധ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് വൻ പ്രതിഷേധമുയർത്തിയത്.
മറുനാടന് മലയാളി ബ്യൂറോ