- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ റെയിൽ റെയിൽവേ ഭൂമിയിൽ 178 കിലോമീറ്റർ ദൂരം സർവേ; ഏഴു ജില്ലകളിൽ സർവേക്കായി ടെൻഡർ വിളിച്ചു; കല്ലിടാതെ ജിപിഎസ് മാത്രം മതിയെന്ന് വ്യവസ്ഥ; കെ റെയിലിന്റെയും ദക്ഷിണ റെയിൽവേയുടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വേണം ഏജൻസി സർവേയെന്നും നിർദ്ദേശം
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായ സംസ്ഥാന സർക്കാർ മുന്നോട്ട്. റെയിൽവേ ബോർഡ് ആവശ്യപ്പെട്ട് അഞ്ചു മാസങ്ങൾക്കുശേഷം റെയിൽവേ ഭൂമിയിലെ സർവേക്കു കെറെയിൽ നടപടി തുടങ്ങിയിട്ടുണ്ട്. ഏഴു ജില്ലകളിലായി 178 കിലോമീറ്റർ റെയിൽവേ ഭൂമിയിലാണു സിൽവർ ലൈനിന്റെ ഭാഗമായ സർവേ. രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു സർവേ ഏജൻസിക്കായി ടെൻഡർ വിളിച്ചു.
സ്വകാര്യ ഭൂമിയിൽ കല്ലിടാൻ കഴിയുന്നിടത്ത് കല്ലിടും എന്നു പറയുന്ന കെറെയിലിനു റെയിൽവേ ഭൂമിയുടെ കാര്യത്തിൽ ഈ നിർബന്ധമില്ല. കല്ലിനു പകരം, പൂർണമായി ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ഡിജിപിഎസ്) ഉപയോഗിച്ച് റെയിൽവേ ഭൂമിയിൽ സർവേ നടത്തണമെന്നാണു ടെൻഡർ വിജ്ഞാപനത്തിലെ വ്യവസ്ഥ.
സിൽവർലൈൻ അലൈന്മെന്റിൽ ഉൾപ്പെടുന്ന റെയിൽവേ ഭൂമിയുടെ അളവ്, അതിർത്തി, ഈ ഭൂമിയിലെ റെയിൽവേ സ്വത്തുക്കളുടെ മൂല്യം തുടങ്ങിയവയാണു സർവേയിലൂടെ കണ്ടെത്തേണ്ടത്. കെറെയിലിന്റെയും ദക്ഷിണ റെയിൽവേയുടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വേണം ഏജൻസി സർവേ നടത്തേണ്ടതെന്നു നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ റെയിൽവേ ബോർഡിനു മുൻപിൽ ഡിപിആറിന്റെ വിശദമായ അവതരണം കെറെയിൽ നടത്തിയപ്പോഴാണു റെയിൽവേ ഭൂമി സംബന്ധിച്ച സംശയങ്ങൾ ബോർഡ് ഉന്നയിച്ചത്. സംശയ നിവാരണത്തിനായി ബോർഡ് നിർദേശിച്ച മാർഗമാണു കെറെയിലും ദക്ഷിണ റെയിൽവേയും ചേർന്നുള്ള സംയുക്ത സർവേ. എന്നാൽ സ്വകാര്യ ഭൂമിയിൽ സാമൂഹികാഘാത പഠനം നടത്തുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നതിനാൽ റെയിൽവേ ഭൂമിയിലെ സർവേ കെറെയിൽ നീട്ടിവയ്ക്കുകയായിരുന്നു.
അതേസമയം ഇടതുമുന്നണി തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പ്രഖ്യാപിച്ച പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകില്ല. സിൽവർ ലൈൻ സംബന്ധിച്ച കുപ്രചരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. പദ്ധതിയെ കുറിച്ച് ജനങ്ങളെ പറഞ്ഞു മനസിലാക്കി ജനപങ്കാളിത്തത്തോടെ തന്നെ പദ്ധതി നടപ്പാക്കും. സിൽവർ ലൈൻ വിരുദ്ധർ പദ്ധതിക്കെതിരെ തുടർ സമരം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പോലും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു. ഏറ്റെടുത്ത എല്ലാ കാര്യങ്ങളും നടപ്പാക്കും. അടിസ്ഥാന വികസനത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്.
സ്വയം വിനാശനത്തിലാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ക്യാമ്പയിൻ അവർക്ക് തന്നെയാണ് യോജിക്കുന്നത്. ത്യക്കാക്കരയിൽ ഇടതുമുന്നണി 100 തികയ്ക്കുമെന്നാണ് കാണുന്നത്. സിൽവർ ലൈൻ സാമൂഹിക ആഘാത പഠനവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് വ്യക്തതക്ക് വേണ്ടിയാണ്. കല്ലിടേണ്ട സ്ഥലത്ത് കല്ലിടും. ഏത് പദ്ധതി വന്നാലും ചിലർ കുപ്രചരണങ്ങൾ നടത്തും. ഇവിടെ പ്രതിപക്ഷം അതിന്റെ ഹോൾസയിൽ ഏറ്റെടുത്തിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. അങ്ങനെ കരുതി വികസന പ്രവർത്തനങ്ങൾ വേണ്ടെന് കരുതാനാകില്ല. വികസന പ്രവർത്തനങ്ങളിലൂടെയാണ് സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതെന്നും
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ