തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകർ കല്ലിട്ടത് മുഖ്യമന്ത്രിയുടെ വസതിയിൽ അല്ലെന്ന് പൊലീസ്. ബിജെപി പ്രവർത്തകർ കല്ല് സ്ഥാപിച്ചത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പിൻഭാഗത്താണെന്നാണ് പൊലീസ് വിശദീകരണം. ക്ലിഫ് ഹൗസ് കോമ്പൗണ്ടിനുള്ളിൽ തന്നെയാണ് കൃഷി മന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതിയും സ്ഥിതി ചെയ്യുന്നത്.

ക്ലിഫ് ഹൗസ് പരിസരത്ത് തന്നെയാണ് കൃഷി മന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതിയായ ലിന്ററസ്റ്റും. ക്ലിഫ് ഹൗസ് കോമ്പൗണ്ടിനകത്തുള്ള കെട്ടിടത്തിൽ നിർമ്മാണപ്രവർത്തികൾ നടക്കുകയാണ്.

കൃഷി മന്ത്രിയുടെ വസതിയിലാണ് നിലവിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട് വഴി പ്രവർത്തകർ പ്രവേശിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ക്ലിഫ് ഹൗസിൽ ആരും പ്രവേശിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

സിൽവർലൈൻ പദ്ധതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പിൽ അടയാളക്കല്ലിട്ടത്. പ്രവർത്തകർ വസതിയുടെ പിറകിലൂടെ വളപ്പിൽ കടന്ന് കല്ലുകൾ നാട്ടിയശേഷം മുൻവശത്ത് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്. എന്നാൽ ഔദ്യോഗിക കേന്ദ്രങ്ങളോ പൊലീസോ ഈ വിവരം സ്ഥിരീകരിക്കാൻ തയാറായില്ല.

മുൻകൂട്ടി നിശ്ചയിച്ച പരിപാടി നിയന്ത്രിക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കെറെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലാണ്. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

എന്നാൽ, തങ്ങൾ കല്ല് സ്ഥാപിച്ചത് ക്ലിഫ് ഹൗസിൽ തന്നെയാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബിജെപി. കല്ലിട്ടത് കൃഷി മന്ത്രിയുടെ വസതിയിലാണെന്ന് പൊലീസ് കള്ളം പ്രചാരണം നടത്തുകയാണെന്നും ജില്ലാ ബിജെപി നേതൃത്വം ആരോപിക്കുന്നു.

പൊലീസിന്റെ കള്ള പ്രചാരണമാണ് ഇപ്പോഴത്തേത് എന്ന് വി വി രാജേഷ് ആരോപിക്കുന്നു. മുരിക്കുംപുഴയിൽ സ്ഥാപിച്ച കെ റെയിൽ അതിരടയാള കല്ലുമായി ബിജെപി പ്രവർത്തകർ നേരത്തെ ക്ലിഫ് ഹൗസ് മാർച്ച് നടത്തിയിരുന്നു. പിഴുതെടുത്ത കല്ല് വി വി രാജേഷിന്റെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തലസ്ഥാനത്തെത്തിച്ചത്. മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരിൽ ചിലർ ക്ലിഫ് ഹൗസിന്റെ പരിസരത്ത് കടന്ന് കല്ലിട്ടത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ആറ് ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസ് കോമ്പൗണ്ടിൽ കടന്നുകയറി കല്ല് സ്ഥാപിച്ചത്. മുരിക്കുംപുഴയിൽ സ്ഥാപിച്ച അതിരടയാള കല്ലുമായി എത്തിയ ബിജെപി പ്രവർത്തകർ മതിലു ചാടിക്കടന്ന് കല്ലു സ്ഥാപിക്കുകയായിരുന്നു.

ഇരുചക്ര വാഹനങ്ങളിലായായിരുന്നു കല്ല് എത്തിച്ചത്. പ്രതിഷേധമായി എത്തിയ ബിജെപി പ്രവർത്തകരെ ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞെങ്കിലും പ്രതിഷേധക്കാരിൽ ചിലർ ക്ലിഫ് ഹൗസ് കോംബൗണ്ടിനുള്ളിൽ കടന്ന് കല്ലുകൾ സ്ഥാപിക്കുകയായിരുന്നു.

ബിജെപി പ്രവർത്തകരെ ക്ലിഫ്ഹൗസിലേക്കുള്ള റോഡിൽ ബാരിക്കേഡ് വച്ചു നിയന്ത്രിക്കുന്ന ജോലിയിലായിരുന്ന പൊലീസ് പിറകിലൂടെ പ്രവർത്തകർ കടക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടില്ല. പിന്നീടു വലിയ പൊലീസ് സംഘം എത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.

സാധാരണക്കാരുടെ കിടപ്പാടം നഷ്ടപ്പെടുന്ന പദ്ധതി അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. സിപിഎമ്മിനു വലിയ കമ്മിഷൻ കിട്ടുന്ന പദ്ധതിയാണിത്. ഏപ്രിൽ ഒന്നുമുതൽ പഞ്ചായത്തുകളിൽ സ്ഥാപിച്ച കല്ലുകൾ ബൂത്തു തലത്തിലെ ബിജെപി പ്രവർത്തകർ പിഴുതു മാറ്റും. പിഴുതെടുക്കുന്ന കല്ലുകൾ മന്ത്രിമാരുടെയും ജില്ലയിലെ 13 എംഎൽഎമാരുടെയും വീടുകളിൽ സ്ഥാപിക്കുമെന്നും വി.വി.രാജേഷ് പറഞ്ഞു.