- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണമൊഴിയായി ജില്ലാ ജഡ്ജിക്ക് പരസ്യമായ കത്തെഴുതി മതിലിൽ ഒട്ടിച്ചു; ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി; കെ-റെയിൽ സർവേക്കെതിരേ കൊട്ടിയം തഴുത്തല വില്ലേജിൽ പ്രതിഷേധം; ജീവൻ പോയാലും കല്ലിടാൻ അനുവദിക്കില്ലെന്ന് നാട്ടുകാരും
കൊല്ലം: കെ-റെയിൽ സർവേയ്ക്കെതിരേ കൊല്ലം തഴുത്തലയിൽ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തുറന്ന് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം. പ്രദേശത്ത് ഇന്നുരാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി, യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി.
കല്ലിടൽ നടപടി തുടങ്ങുന്നതിന് മുമ്പായി അജയ് കുമാർ എന്ന പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഉടൻതന്നെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടർ പൂട്ടി ഇയാളെ പിന്തിരിപ്പിച്ചു.
ഇതോടെ വീട്ടിന് മുന്നിലെ മരത്തിൽ കയർ കെട്ടിയും അജയ് കുമാർ ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന്റെ ഭിത്തിയിൽ ജില്ലാ ജഡ്ജിക്ക് തന്റെ മരണമൊഴിയെന്ന പേരിൽ ആത്മഹത്യാ കുറിപ്പും എഴുതി ഒട്ടിച്ചിട്ടുണ്ട്. തഴുത്തലയിൽ കഴിഞ്ഞ തവണ ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോഴും ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ഇവിടെ സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയിരുന്നു. അന്ന് ഒരു കുടുംബം ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പിന്തിരിഞ്ഞു പോയത്. അതിനു ശേഷം ഇപ്പോൾ വീണ്ടു പ്രദേശത്ത് പ്രതിഷേധം ഉയരുകയാണ്.
എന്ത് കാരണം വന്നാലും കല്ലിടാൻ സമ്മതിക്കില്ല. ജീവൻ പോയാലും കല്ലിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവും ഇവർ ഉന്നയിക്കുന്നു. നേരത്തെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ സർവെ നിർത്തിവച്ചിരുന്നു.
സർവേ നടത്താൻ എത്തുന്ന ഉദ്യോഗസ്ഥരെ കല്ലിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തേക്ക് കെ-റെയിൽ കല്ലുമായി എത്തിയ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിട്ടിരിക്കുകയാണ്. വാഹനം കടത്തിവിടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടെ അനുകൂല വിധിയെ തുടർന്നാണ് സർക്കാർ വീണ്ടും സർവേ നടപടികൾ പുനരാരംഭിക്കുന്നത്.
പണിമുടക്കിനെ തുടർന്ന് രണ്ടുദിവസം കല്ലിടൽ നടന്നിരുന്നില്ല. പത്തനംതിട്ട ഒഴികെ സിൽവർലൈൻ കടന്നുപോകുന്ന ജില്ലകളിലെല്ലാം ഇന്ന് കല്ലിടുമെന്നാണ് കെ റെയിൽ അധികൃതർ പറയുന്നത്. കല്ലിടൽ പുനരാരംഭിക്കുന്നതോടെ പ്രതിഷേധങ്ങളും ഉയരും.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കല്ലിടലുമായി പൂർവാധികം ശക്തിയോടെ മുന്നോട്ടുപോകാനാണ് തീരുമാനം. പ്രതിഷേധം കടുക്കുന്നയിടങ്ങളിൽ തൽക്കാലം സർവേ നടപടികൾ നിർത്തിവയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കോട്ടയത്തിന് പിന്നാലെ എറണാകുളം മാമലയിലും കെ റെയിലിനെചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം ഉണ്ടായി. കല്ലിടാൻ മാമലയിലെത്തിയ സിൽവർലൈൻ സർവേ സംഘത്തെ നാട്ടുകാർ തടഞ്ഞു. പിന്നാലെ പൊലീസുകാരും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഗോ ബാക്ക് വിളികളുമായി യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കല്ലുകൾ പിഴുത് നാട്ടുകാർ തോട്ടിലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ സർവ്വേ നടപടികൾ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു.
കോട്ടയം നട്ടാശ്ശേരിയിൽ പ്രതിഷേധക്കാർ കല്ലുകൾ പിഴുത് സർവെ ഏജൻസികളുടെ വാഹനത്തിൽ തിരികെ കൊണ്ടിട്ടു. രണ്ടു കല്ലുകളുമായി പ്രദേശത്തെ വില്ലേജ് ഓഫീസിലേക്ക് മാർച്ച് ചെയ്‌തെത്തിയ പ്രതിഷേധക്കാർ വില്ലേജ് വളപ്പിൽ കുഴികുത്തി കല്ലിട്ടു. കനത്ത പ്രതിഷേധത്തെ തുടർന്ന് കോട്ടയത്ത് സർവ്വേ നടപടികൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ