കൊച്ചി: ഇസ്ലാം സ്വീകരിച്ച് മുഹമ്മദ് ഹാജി എന്ന് പേരുമാറ്റിയ ബൈബിൾ പണ്ഡിതൻ കൂടിയായ ഇ.സി സൈമൺ മാസ്റ്ററുടെ മൃതദേഹം ഇനി മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിന് തന്നെ. ഇസ്ലാം സ്വീകരിച്ചതിനാൽ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം മൃതദേഹം ഖബറടക്കാൻ വിട്ടുതരണമെന്ന മഹല്ല് കമ്മിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് രണ്ടരമാസത്തിലേറെ നീണ്ട അനിശ്ചിതത്വം അവസാനിക്കുന്നത്. അദ്ദേഹത്തിന്റെ ബന്ധുക്കൾ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിന് കൈമാറിയിരുന്നു.

കഴിഞ്ഞ ജനുവരി 27നാണ് സൈമൺ മാസ്റ്റർ മരിച്ചത്. സ്‌കൂൾ അദ്ധ്യാപകനും ബൈബിൾ പണ്ഡിതനുമായ സൈമൺ മാസ്റ്റർ മതതാരതമ്യ പഠനത്തിലും അറിയപ്പെട്ടിരുന്നു. ഈ വിഷയത്തിൽ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഇസ്ലാം സ്വീകരിച്ച അദ്ദേഹം ഇ.സി മുഹമ്മദ് എന്ന പേര് സ്വീകരിച്ചെന്നും ഹജ്ജ് തീർത്ഥാടനത്തിന് ശേഷം മുഹമ്മദ് ഹാജിയെന്നാണ് അറിയപ്പെട്ടിരുന്നതെന്നും മഹല്ല് കമ്മിറ്റി വിശദീകരിച്ചിരുന്നു. തന്റെ മൃതദേഹം ഇസ്ലാമിക ആചാര പ്രകാരം മഹല്ല് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കണമെന്ന അഭിലാഷം അദ്ദേഹം 2000 സെപ്റ്റംബർ എട്ടിന് രേഖാമൂലം വ്യക്തമാക്കിയിരുന്നുവെന്നും അതിനാൽ മൃതദേഹം വിട്ടുകിട്ടണമെന്നും കാണിച്ച് തൃശൂർ ജില്ലയിലെ കാര കാതിയാളം മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ മജീദ്, ശമീർ മുളക്കപറമ്പിൽ തുടങ്ങിയവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ചികിത്സയിലിരിക്കെയുള്ള ഓർമക്കുറവ് മുതലെടുത്ത് വ്യാജരേഖയുണ്ടാക്കി എതിർകക്ഷികളായ ഭാര്യയും മക്കളും മൃതദേഹം തൃശൂർ മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കാനായി വീട്ടുകാർ വ്യാജ രേഖയുണ്ടാക്കിയതിന് തെളിവില്ലെന്ന് കോടതി ചൂണ്ടികാട്ടി. സൈമൺ മാസ്റ്റർ എന്ന പേര് തന്നെയാണ് ഔദ്യോഗിക രേഖകളിലെല്ലാം ഇപ്പോഴുമുള്ളത്. ഇതുവരെ പേര് മാറ്റിയിട്ടില്ല.

മൃതദേഹം മെഡിക്കൽ കോളജുകൾക്ക് കൈമാറാൻ അനാട്ടമി ആക്ട് പ്രകാരം അടുത്ത ബന്ധുക്കളുടെ സമ്മതം മാത്രം മതിയെന്നും ഈ സാഹചര്യത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹരജികൾ തള്ളിയത്. തന്റെ വിശ്വാസമനുസരിച്ച് ഇസ്ലാമിക ആചാരപ്രകാരം ഭൗതികദേഹം പള്ളി കബർസ്ഥാനിൽ മറമാടണമെന്ന് 2000 സെപ്റ്റംബർ എട്ടാം തിയ്യതി മക്കളെ സാക്ഷിനിർത്തി ഒസ്യത്ത് എഴുതി ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വിശദീകരണം. ബന്ധുക്കളെ സ്വാധീനിച്ച് ക്രൈസ്തവ സഭയിലുള്ളവരാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന ആക്ഷേപമാണ് ഒരു വിഭാഗം ഉയർത്തുന്നത്.

ഹെഡ്‌മാസ്റ്ററായിട്ടാണ് സൈമൺ മാസ്റ്റർ വിരമിച്ചത്. ക്രിസ്തുമത പണ്ഡിതനായിരുന്ന അദ്ദേഹം പിന്നീട് ഇസ്ലാമിനെ പറ്റി പഠിക്കുകയും ആകൃഷ്ടനായി മുഹമ്മദായി മാറി മതപരിവർത്തനം നടത്തുകയുമായിരുന്നു. 2000 ഓഗസ്റ്റ് 18ന് മതംമാറി മുസ്ലിമായി. പിന്നീട് ഇസ്ലാംമത പ്രചാരകനായി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയ അദ്ദേഹം ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.

ബൈബിളും ഖുർആനും, യേശുവും മറിയമും ബൈബിളിലും ഖുർആനിലും, യേശുവിന്റെ പിൻഗാമി, ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും, എന്റെ ഇസ്ലാം അനുഭവങ്ങൾ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. ഇസ്ലാംമത വിശ്വാസിയായപ്പോഴും തന്റെ കുടുംബക്കാരുമായി സഹകരിച്ചുപോന്നിരുന്നു അദ്ദേഹം. 2000 സെപ്റ്റംബർ എട്ടാം തിയ്യതിയാണ് ഒസ്യത്ത് എഴുതുന്നത്. കൊടുങ്ങല്ലൂർ കാതിയാളം ജമാഅത്ത് പള്ളിയിൽ വെച്ച് മുസ്ലിമായ വിവരം സൂചിപ്പിച്ചിട്ടുള്ള ഒസ്യത്തിൽ, എപ്പോൾ മരണപ്പെട്ടാലും തന്നെ ഇസ്ലാമിക ആചാപ്രകാരം കാതിയാളം ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യത്തിൽ തന്റെ മക്കൾ പൂർണമായി സഹകരിക്കേണ്ടതാണെന്നും അദ്ദേഹത്തിന്റെ ഒപ്പോടു കൂടി സ്വന്തം കൈപ്പടയിൽ തീർത്ത എഴുത്തിൽ വ്യക്തമാക്കുന്നു ഇതിനു താഴെ സാക്ഷികളായി മക്കൾ ഒപ്പിട്ടുനൽകിയിട്ടുമുണ്ട്. ഈ ഒസ്യത്ത് പൗരപ്രമുഖനും ജമാഅത്തെ ഇസ്ലാമി നേതാവുമായ എൻ എം അബ്ദുറഹ്മാന്റെ കൈവശമാണ് ഏൽപ്പിച്ചത്. മരണവാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ കാതിയാളം മഹല്ല് ഭാരവാഹികൾ മയ്യിത്ത് മറമാടുന്നതിനെ പറ്റി അന്വേഷിച്ചു. അപ്പോൾ പിതാവിന്റെ ആഗ്രഹപ്രകാരം എല്ലാം ചെയ്യുമെന്ന് മക്കൾ അറിയിച്ചു. അതിൻപ്രകാരം മരണാനന്തര ചടങ്ങുകൾക്ക് തയ്യാറെടുക്കുമ്പോഴാണ് മയ്യിത്ത് മെഡിക്കൽ കോളേജിനു കൈമാറി എന്ന വിവരം അറിയുന്നത്. ഇതേ ചൊല്ലിയുള്ള വിവാദത്തിനാണ് വിധിയോട് കൂടി അവസാനം ആകുന്നത്.