ഗ്ലാസ്ഗോ: സൈന തോറ്റിടത്ത് ജയിച്ച് കയറുകയാണ് സിന്ധു. ഇന്ത്യൻ പ്രതീക്ഷ അമിതമായപ്പോൾ ആ പ്രതീക്ഷകാക്കാൻ സൈനയ്ക്കായില്ല. സൈനയാകട്ടെ, ജപ്പാന്റെ നസോമി ഒകുഹറയ്ക്കു മുന്നിൽ കീഴടങ്ങി. എന്നാൽ ആരാധകരുടെ ആവേശം നെഞ്ചിലേറ്റിയ സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. ലോക ജൂനിയർ ചാംപ്യൻ ചൈനയുടെ ചെൻ യുഫെയിയെ നേരിട്ടുള്ള സെറ്റുകൾക്ക് കെട്ടുകെട്ടിച്ചാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശം.

കേവലം 48 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 21-13, 21-10 എന്ന സ്‌കോറിനാണ് സിന്ധു അനായാസം ഫൈനൽ ബർത്ത് ഉറപ്പാക്കിയത്.മത്സരത്തിന്റെ ഒരു ഘട്ടത്തിലും സിന്ധുവിന് ലോക ജൂനിയർ ചാമ്പ്യൻ കൂടിയായ യൂഫെയിക്ക് വെല്ലുവിളി ഉയർത്താനായില്ല. ലോക ചാംപ്യൻഷിപ്പിൽ കന്നിക്കിരീടം ലക്ഷ്യമിടുന്ന സിന്ധു, സൈനയെ തകർത്തെത്തുന്ന ഒകുഹറയെ കലാശപ്പോരിൽ നേരിടും. 2015ൽ ജക്കാർത്തയിൽ നടന്ന ചാംപ്യൻഷിപ്പിൽ സൈന വെള്ളി നേടിയിരുന്നു. 2013ലും 2014 ലും പി.വി. സിന്ധു വെങ്കലം നേടി.

ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പം മുന്നേറിയ സിന്ധുവും യുവേഫയും സ്‌കോർ 8-8 വരെ ഒപ്പം പിടിച്ചു. ഇടയ്ക്ക് സിന്ധുവിനെ ഞെട്ടിച്ചുകൊണ്ട് യൂഫെയി നീണ്ട ഒരു റാലിയും നേടി. 8-8 ൽ നിന്ന് സിന്ധു കത്തിക്കയറി നേരെ 11-8. പിന്നെ 13-8, 15-9 പിഴവൊന്നും വരുത്താതെ സിന്ധു പോയന്റുകൾ വാരി.

പിന്നീട് കാര്യമായ എതിർപ്പില്ലാതെ 21-13 ന് ആദ്യ ഗെയിം. രണ്ടാം ഗെയിമിൽ സിന്ധു അക്ഷരാർഥത്തിൽ യുഫെയിയെ കാഴ്ചക്കാരിയാക്കി മുന്നേറുകയായിരുന്നു. 8-0 ത്തിന്റെ ലീഡ് പിടിച്ച സിന്ധു നയം വ്യക്തമാക്കി. ഒടുവിൽ 21-10 ഗെയിമും ഫൈനൽ ബർത്തും.
സെമിയിൽ ഇന്ത്യയുടെ സൈന നെഹ്വാളിനെ പരാജയപ്പെടുത്തിയ ജപ്പാന്റെ നൊസോമി ഒകുഹരയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി. സെമിയിൽ പോരാട്ടം അവസാനിച്ചെങ്കിലും സൈനയ്ക്ക വെങ്കലം ലഭിക്കും.

2013 ലും 2014 ലും സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. ആറ് തവണ ഒകുഹരയുമായി ഏറ്റുമുട്ടിയപ്പോൾ മൂന്നു തവണ സിന്ധുവും മൂന്നു തവണ ഒകുഹരയുമാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ ഫൈനൽ തുല്യശക്തികളുടെ പോരാട്ടമാകുമെങ്കിലും ഏറ്റവും ഒടുവിൽ നടന്ന രണ്ട് മത്സരങ്ങളിലും വിജയം സിന്ധുവിനൊപ്പമായിരുന്നു.