ന്യൂഡൽഹി: ദുബായ് ലോക സൂപ്പർ സീരീസ് ഫൈനലിൽ ജപ്പാന്റെ അകാനെ യാമഗുച്ചിയോട് സിന്ധു തോൽവി വഴങ്ങി. ആദ്യ സെറ്റ് സ്വന്തമാക്കിയശേഷം തുടർച്ചയായി രണ്ടു സെറ്റുകൾ നഷ്ടപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ തോൽവി. സ്‌കോർ: 15-21, 21-12, 21-19.

ജയിച്ചാൽ ലോക സൂപ്പർ സീരീസ് ഫൈനൽസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം മുന്നിൽക്കണ്ടാണ് സിന്ധു യാമാഗുച്ചിയെ നേരിടാനിറങ്ങിയത്. ചരിത്ര വിജയമാകുമായിരുന്നു ഇത്്. എന്നാൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം പൊരുതിക്കയറി യാമാഗുച്ചി കിരീടം അടിച്ചെടുക്കുകയായിരുന്നു. മത്സരം ഒന്നരമണിക്കൂറിലേറെ നീണ്ടു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ സിന്ധുവിനോടേറ്റ തോൽവിക്കു പകരം വീട്ടാനും യാമാഗുച്ചിക്കായി. ചൈനയുടെ ചെൻ യുഫേയ്യെ സെമിയിൽ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിൽ ഇടംപിടിച്ചത്.

2011ൽ സൈന നെഹ്വാളും 2009ൽ മിക്‌സഡ് ഡബിൾസിൽ വി.ദിജു-ജ്വാല ഗുട്ട സഖ്യവും സൂപ്പർ സീരിസ് ഫൈനലിൽ കടന്നിരുന്നെങ്കിലും വെള്ളികൊണ്ടു തൃപ്തിപ്പെടാനായിരുന്നു വിധി. സീസണിലെ അവസാന ടൂർണമന്റൊയിരുന്നു ദുബായ് സൂപ്പർ സീരീസ്.