ന്യൂഡൽഹി: അങ്ങനെ കേരളത്തിലെ ഭീഷണിയും വാഷിങ്ടൺ പോസ്റ്റിന് വാർത്തയായി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം അസഹിഷ്ണുതയെ കുറിച്ച് മലയാള മാദ്ധ്യമങ്ങൾ ഏറെ റിപ്പോർട്ട് ചെയ്തു. ഒടുവിൽ അതേ അസഹിഷ്ണുത കേരളവും തിരിച്ചറിഞ്ഞുവെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ വിലയിരുത്തൽ. മാദ്ധ്യമ പ്രവർത്തകയായ സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാർ അണികളുയർത്തിയ ഭീഷണിയെ അസഹിഷ്ണുതയുടെ ഇന്ത്യയിലെ അവസാന ഉദാഹരണമായി ചൂണ്ടിക്കാട്ടുകയാണ് വാഷിങ്ടൺ പോസ്റ്റ്. അങ്ങനെ സിന്ധു സൂര്യകുമാറും ആഗോള പ്രശസ്തയാവുകയാണ്. കേരളാ പത്രപ്രവർത്തക യൂണിയന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി റഹിം, മനോരമ ന്യൂസിലെ ആശാ ജാവേദ് തുടങ്ങിയവരുടെ പ്രതികരണങ്ങളുമായാണ് സിന്ധു സൂര്യകുമാർ വിഷയം വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തിന്റെ ഗൗരവം അണുകിട ചോരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ദുർഗ്ഗാ ദേവിയെ സെക്‌സ് വർക്കറായി നോട്ടീസ് പ്രചരിക്കുന്നു. ചർച്ചയ്ക്കിടയിൽ ഇത് ഗസ്റ്റായി എത്തിയ ആൾ ഉയർത്തിക്കാട്ടുന്നു. അതുമായി ബന്ധപ്പെട്ട് സിന്ധു സൂര്യകുമാർ ഒരു പരാമർശവും ചെയ്തില്ല. എന്നിട്ടും ദുർഗ്ഗാ ദേവിയെ അപമാനിച്ചെന്ന ആരോപണവുമായി 2500 ഭീഷണി സന്ദേശം ഏഷ്യാനെറ്റിലെ അവതാരക സിന്ധു സൂര്യകുമാറിന് കിട്ടിയെന്നാണ് വാർത്ത. ആസിഡുപയോഗിച്ച് ആക്രമിക്കുമെന്ന് പോലും സിന്ധു പറഞ്ഞതായി വാഷിങ്ടൺ പോസ്‌റ്റെന്ന അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്യുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ വിമർശനം ഉന്നയിക്കുന്നവർക്ക് നേരിടേണ്ടി വരുന്ന അവസ്ഥയാണ് സിന്ധു സൂര്യകുമാറിനും ഉണ്ടായതെന്ന് അമേരിക്കൻ പത്രം വിശദീകരിക്കുന്നു. സ്മൃതി ഇറാനിയുടെ പ്രസ്താവനയും മറ്റും ഉദ്ദരിച്ചാണ് ഈ വാർത്ത ഈ നിലപാട് എടുക്കുന്നത്. ബർക്ക ദത്തിനെ പോലുള്ള മാദ്ധ്യമ പ്രവർത്തകർ നൽകിയ പൊലീസ് പാരതികളും ഉയർത്തിക്കാട്ടുന്നു. ജെഎൻയു പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ബർക്കയ്ക്ക് ഭീഷണിയുണ്ടായതെന്നും പറയുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന രഹസ്യ വധശിക്ഷയെ വിദ്യാർത്ഥികൾ ചോദ്യം ചെയ്താണ് ജെഎൻയുവിലെ പ്രശ്‌നമെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അഫ്‌സൽ ഗുരുവിനെ കുറിച്ചോ പാർലമെന്റ് ആക്രമണത്തേ കുറിച്ചോ ഒന്നും പറയുന്നുമില്ല.

ഇന്ത്യയിൽ മാദ്ധ്യമ പ്രവർത്തകർ ഒട്ടു സുരക്ഷിതമല്ലെന്നും 2010ന് ശേഷം 11 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും പറയുന്നു. അടിയന്തരാവസ്ഥയുമായെല്ലാം സാഹചര്യത്തെ വിലയിരുത്തി പോകുന്ന റിപ്പോർട്ടിൽ ദേശീയതലത്തിലെ നിരവധി മാദ്ധ്യമ പ്രവർത്തകരുടെ പ്രതികരണവുമുണ്ട്. എല്ലാം താൽകാലികം മാത്രമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ആരും മോദിയെ അനുകൂലിക്കുകയോ അസഹിഷ്ണുതയില്ലെന്നോ വിശദീകരിക്കുന്നില്ല. വാർത്തയുടെ അവസാന ഭാഗത്ത് വീണ്ടും സിന്ധു സൂര്യകുമാർ. സിന്ധുവിനെ ഭീഷണിപ്പെടുത്തിയ മിലറ്റന്റ് സ്വഭാവമുള്ള ഹിന്ദു സംഘടനയായ ആർഎസ്എസിന്റെ ആറു പേരെ അറസ്റ്റ് ചെയ്തുവെന്നും പറയുന്നു. സോഷ്യൽ മീഡിയയിൽ സിന്ധുവിന്റെ ഫോൺ നമ്പർ പോസ്റ്റ് ചെയ്തായിരുന്നു ആർഎസ്എസ് ഇടപെടൽ. ഇതാണ് കൂടുതൽ ഭീഷണികളെത്താൻ കാരണമെന്നും വിശദീകരിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകളും വാർത്തയിലുണ്ട്. ആർഎസ്എസിന് സംഭവത്തിൽ പങ്കില്ലെന്ന് കുമ്മനം പറഞ്ഞതായാണ് റിപ്പോർട്ടിങ്.

കേരളാ യൂണിയൻ ഓഫ് ജേർണലിസ്റ്റ് യൂണിയന്റെ തലവൻ എന്നാണ് കെയുഡബ്ലുജെ ജില്ലാ പ്രസിഡന്റ് സി റഹിമിനെ വിശേഷിപ്പിക്കുന്നത്. സമൂഹത്തിന്റെ പിന്തുണയോടെ മാത്രം മറികടക്കാവുന്ന സാമൂഹിക പ്രശ്‌നമായി ഈ ഭീഷണിയെ റഹിം വിശേഷിപ്പിക്കുന്നു. സിന്ധുവിനെതിരായ ഭീഷണിയെ ഒറ്റപ്പെട്ട സംഭവമായി റഹിം കാണുന്നുമില്ല. ടിവി ന്യൂസ് ചാനലായ മനോരമയുടെ പ്രതിനിധിയെന്നാണ് ആശാ ജാവേദിനെ വാഷിങ്ടൺ പോസ്റ്റ് വിശേധിപ്പിക്കുന്നത്. അസഹിഷ്ണുതയെ കുറിച്ച് തന്നെയാണ് ആശാ ജാവേദും വാഷിങ്ടൺ പോസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്. അങ്ങനെ കേരളത്തേയും മലയാള മാദ്ധ്യമ പ്രവർത്തകരുടെ വാക്കിനേയും മോദി സർക്കാരിനെതിരായ വികാമാക്കി മാറ്റുകയാണ് വാഷിങ്ടൺ പോസ്റ്റ്.

മാദ്ധ്യമ പ്രവർത്തക സിന്ധു സൂര്യകുമാറിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുവരുന്ന വ്യക്തിഹത്യയും ദുഷ്പ്രചരണവും വധഭീഷണിയും മാദ്ധ്യമലോകത്തെയെന്നപോലെ പൊതുസമൂഹത്തെയും സ്തബ്ധരാക്കിയിരിക്കുന്നു. ഏഷ്യാനെറ്റ് ചാനലിൽ ഒരു ചർച്ച നടത്തുന്നതിനിടെ അവതാരിക എന്ന നിലയിൽ സിന്ധു സൂര്യകുമാർ, ദുർഗയെ വേശ്യയെന്ന് വിളിച്ചു എന്ന വ്യാജ ആരോപണമുയർത്തിയാണ് അവർക്കെതിരെ സംഘടിത ആക്രമണം ഉണ്ടായത്. ദുർഗയെ വേശ്യയെന്നാക്ഷേപിക്കുന്ന ഒരു ലഘുലേഖ ജെഎൻയുവിൽ നിന്ന് ലഭിച്ചു എന്നൊരു കാര്യം ഉയർത്തിക്കാട്ടി ഹിന്ദു വികാരങ്ങൾ വ്രണപ്പെടുത്തുന്ന ചരിത്രം ജെഎൻയുവിനുണ്ടെന്ന് സ്ഥാപിക്കാൻ പാർലമെന്റിൽ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി ശ്രമിച്ചതായിരുന്നു ചർച്ചാവിഷയം. ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് ദുർഗയെ വേശ്യയാക്കിയവരല്ലേ ജെഎൻയു വിദ്യാർത്ഥികളെന്ന് പലതവണ പറഞ്ഞപ്പോഴും അത്തരമൊരു ലഘുലേഖ ഉയർത്തി ഇത്തരം വൈകാരിക വിഷയങ്ങളിൽ നിലപാടെടുത്തത് ശരിയാണോ എന്ന് സിന്ധു ചോദിക്കുകയാണുണ്ടായത്.

എന്നാൽ ചർച്ച കഴിഞ്ഞ് താമസിയാതെ സിന്ധുവിന്റെ മൊബെയിൽ ഫോണിലേയ്ക്ക് ഭീഷണിയും തെറിവിളിയും വന്നുതുടങ്ങി. ദുർഗയെ വേശ്യയെന്ന് വിളിച്ച നിന്നെ വെറുതെ വിടില്ലെന്ന തരത്തിൽ ഫോൺവിളികൾ കൂടിക്കൂടി വന്നു. വിളിച്ചവരാരും തന്നെ പരിപാടി കണ്ടില്ലെന്നത് വ്യക്തമായിരുന്നു. ഏതോ ഒരജ്ഞാത കേന്ദ്രത്തിൽ നിന്നും കിട്ടിയ നിർദ്ദേശം പലരും പ്രാവർത്തികമാക്കുകയാണെന്ന് വ്യക്തമായതോടെ സിന്ധു പൊലീസിൽ പരാതി കൊടുത്തു. ഇതിനെതുടർന്ന് അറസ്റ്റും നടന്നു. ഇതാണ് വാഷിങ്ടൺ പോസ്റ്റ് ഇപ്പോൾ വാർത്തയാക്കുന്നത്.