ന്യൂഡൽഹി: സിംഗപ്പൂരിലും സ്വദേശിവത്കരണം. ഇതിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള ഐടി പ്രൊഫഷണലുകൾക്ക് സിംഗപ്പൂർ വിസ നിഷേധിക്കുന്നതായിട്ടാണ് റിപ്പോർട്ട്. സ്വദേശികളായ ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിംഗപ്പൂർ സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്.

സിംഗപ്പൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളോട് സ്വദേശികളായവർക്ക് നിയമനം നൽകാൻ സർക്കാർ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ചില കമ്പനികൾ മറ്റു രാജ്യങ്ങളിലേയ്ക്ക് തങ്ങളുടെ പ്രവർത്തനം മാറ്റുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സ്വദേശികൾക്ക് പരമാവധി തൊഴിലവസരങ്ങൾ നൽകുന്നതിന് മറ്റു രാജ്യങ്ങളിൽനിന്നുള്ളവരെ നിയന്ത്രിക്കുന്ന നിലപാട് അടുത്തിടെ അമേരിക്ക കടുപ്പിച്ചിരുന്നു. സിംഗപ്പൂരും ഈ പാതയിലാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷം ആദ്യം മുതൽ സിംഗപ്പൂരിലെ ഇന്ത്യൻ കമ്പനികൾ ഈ പ്രശ്നം അഭിമുഖീകരിച്ചുവരികയാണ്. 2016ന്റെ തുടക്കത്തിൽത്തന്നെ ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായി നാസ്‌കോം മേധാവി ആർ. ചന്ദ്രശേഖർ പറഞ്ഞു.

ഇന്ത്യയിൽനിന്നുള്ള ഉദ്യോഗാർഥികളെ നിയന്ത്രിക്കുന്നതിന് എക്കണോമിക് നീഡ് ടെസ്റ്റ് എന്ന പേരിൽ സാമ്പത്തിക മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നിതിനുള്ള നടപടിക്രമങ്ങൾ നിർബന്ധമാക്കിയതായും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അടുത്ത കാലത്തായി ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളും പുറത്തുനിന്നുള്ള ഉദ്യോഗാർഥികളെ നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങൾ കർശനമാക്കിയിരുന്നു. ഒരേ യോഗ്യതകളുള്ള സ്വദേശിയുടെയും വിദേശിയുടെയും അപേക്ഷകളിന്മേൽ സ്വദേശിയായ ഉദ്യോഗാർഥിക്ക് മുൻഗണന നൽകണമെന്ന് പല രാജ്യങ്ങളും നിബന്ധന വെച്ചിട്ടുണ്ട്.