കോട്ടയം: പാലാ കർമ്മലീത്താ മഠത്തിൽ സിസ്റ്റർ അമല തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മാഹി പൊലീസിൽ ഒരാൾ കീഴടങ്ങിയെങ്കിലും ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമാകാം ഇതെന്നാണ് പൊലീസിന്റെ സംശയം. പരസ്പര വിരുദ്ധമായ മൊഴിയാണ് ഇയാൾ നൽകുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് മറ്റ് വഴികളിൽ അന്വേഷണം തുടരുന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി കഴിഞ്ഞു. കൊലപാതകമെന്ന് ഉറപ്പിച്ചെങ്കിലും കോൺവന്റുമായി ബന്ധമുള്ളവരുടെയും അവിടെ സ്ഥിരമായി എത്തുന്നവരുടെയും ഫോൺ രേഖകളാണ് പരിശോധിക്കുന്നത്.

കേസിൽ കീഴടങ്ങിയ കോട്ടയം സ്വദേശിക്ക് സംഭവുമായി സംഭവുമായി ബന്ധമില്ലെന്നാണ് പൊലീസ് നിലപാട്. കോയമ്പത്തൂരിൽ കേറ്ററിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾ സംഭവ ദിവസം ജോലി സ്ഥലത്തുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. കമ്പനിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇയാൾ ഇടയ്ക്കിടെ മാനസികാസാസ്ഥ്യം പ്രകടിപ്പിക്കാറുണെന്നും കമ്പനി അധികൃതർ സ്ഥിരീകരിച്ചു. കോട്ടയം കുമ്മനം സ്വദേശി നാസർ എന്നയാളാണ് മാഹി പൊലീസിൽ കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് പത്ത് മണിയോടെയാണ് ഇയാൾ കീഴടങ്ങിയത്. മാഹി പൊലീസ് വിവരം അറിയിച്ചത് പ്രകാരം പാലാ പൊലീസും മാഹിയിലേക്ക് തിരിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും പാലാ പൊലീസിന്റെ കൂടി സാന്നിദ്ധ്യത്തിൽ ഇയാളെ ചോദ്യം ചെയ്ത ശേഷമെ ഇയാളെ വിട്ടയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.

ഈ സാഹചര്യത്തിലാണ് മറ്റ് വശങ്ങളിലേക്കുള്ള അന്വേഷണം തുടരുന്നത്. മോഷണശ്രമത്തിനിടെ തലയ്ക്കടിയേറ്റാണ് സിസ്റ്റർ അമല (69) കൊല്ലപ്പെട്ടതെന്ന അഭ്യൂഹമുണ്ടെങ്കിലും അഞ്ച് തലങ്ങളിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് ജില്ലാ പൊലീസ് ചീഫ് സതീശ് ബിനോ വ്യക്തമാക്കി. കോൺവെന്റുമായി അടുപ്പമുള്ളവരെക്കൂടാതെ അടുത്തകാലത്ത് ജോലിചെയ്യാൻ കോൺവെന്റിൽ എത്തിയവരെയും പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. കോൺവെന്റിൽ സ്ഥിരമായി ജോലിചെയ്യുന്നവരുടെയും അവിടെ താമസിക്കുന്ന കന്യാസ്ത്രീകളുടെയും മൊബൈൽ ഫോൺ കോൾ ഡീറ്റെയിൽസ് പൊലീസ് ശേഖരിക്കും. സംഭവദിവസം രാത്രിയിൽ കോൺവെന്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ മൊബൈൽഫോൺ ടവറിലൂടെ വന്നതും പോയതുമായ കാളുകളുടെ ലിസ്റ്റും പൊലീസ് ശേഖരിച്ചുതുടങ്ങി. പാലാ ഡിവൈ.എസ്‌പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ച സംഘമാണ് അന്വേഷണം നടത്തുന്നത്.

കന്യാസ്ത്രീയെ പുറത്തുനിന്നുള്ള അക്രമി കൊലപ്പെടുത്തിയതാവാമെന്നതിന് കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. തിരിച്ചറിയാനാവാത്ത ഒരു വിരലടയാളം മുറിയിലെ വാതിലിൽ നിന്നു ലഭിച്ചതാണ് ഇതിൽ പ്രധാനം. കോൺവെന്റിന്റെ ഭിത്തിയിലെ പൈപ്പിലൂടെ ആരോ കയറിയ പാടുകൾ ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. കോൺവെന്റിൽ കഴിഞ്ഞദിവസം ജോലിക്കെത്തിയ തൊഴിലാളികളെയടക്കം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെയാണ് മാഹിയിലെ കീഴടങ്ങലും. ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ. അതിനാകും അന്വേഷണ സംഘം ഇനി ശ്രമിക്കുക. ഇയാളുടെ പങ്ക് ഉറപ്പിച്ചാൽ പിന്നെ അന്വേഷണം എളുപ്പമാകും. അല്ലാത്ത പക്ഷം സാഹചര്യ തെളിവുകളിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകേണ്ടിയും വരും.

കന്യാസ്ത്രീ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തിൽ കോൺവെന്റിലെ അന്തേവാസികളും , സ്വകാര്യ സ്ഥാപനത്തിലലെ വിദ്യാർത്ഥികളും പെയിന്റിങ് തൊഴിലാളികളും ഉൾപ്പെടെ 40 ഓളം പേരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. മൊബൈൽ ഫോണുകളും രാവിലെ ബസുകളിൽ യാത്ര ചെയ്തവരെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.അന്യസംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ട് പൊലീസ് കോൺവെന്റിൽ ഡമ്മി പരീക്ഷണം നടത്തി. ഡമ്മി കോൺവെന്റിന്റെ റൂഫിൽ എത്തിച്ച ശേഷം ടെറസിലെ ഹാൾ വഴി കോൺവെന്റിനുള്ളിലേക്ക് കടത്തിയായിരുന്നു പരീക്ഷണം ഇതുവഴിയാണ് പ്രതി അകത്ത് കയറിയതെന്ന് പൊലീസ് സംശയിക്കുന്നു.

സിസ്റ്റർ അമലയെ കൊലചെയ്തത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസിൽ കീഴടങ്ങിയത്. മാഹി പൊലീസിലാണ് ഇയാൾ കീഴടങ്ങിത്. കോട്ടയം സ്വദേശിയായ തന്റെ പേര് നാസർ എന്നാണെന്നും പാലായിൽ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ ശേഷമാണ് താൻ ഇവിടെ എത്തിയതെന്നും പറഞ്ഞാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്. കോട്ടയം കുമരകം ഖദീര മൻസിൽ കെ.പി. നാസർ(48) ആണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ചോദ്യം ചെയ്യുമ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നത്. കോട്ടയത്തു നിന്നുള്ള പൊലീസ് സംഘത്തെ കാത്തിരിക്കുകയാണ് മാഹി പൊലീസ്. അതേസമയം, ഇയാൾക്കു മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും ആദ്യ ചോദ്യം ചെയ്യിലിൽ തന്നെ പൊലീസിനു വ്യക്തമായി. എന്നാൽ കന്യാസ്ത്രീയെ കൊന്നത് താൻ തന്നെയാണെന്ന് ഇയാൾ ഉറപ്പിച്ചു പറയുന്നത്.

കോൺവന്റിന്റെ പിറകിലൂടെ എത്തിയ കൊലയാളി ഗ്രില്ലിന്റെ താഴ് തകർത്താണ് അകത്തുകയറിയത്. കൃത്യത്തിനുശേഷം കൊലയാളി രക്ഷപ്പെട്ടതും ഇതേ വഴിയിലൂടെയാണ്. പിറകിലുള്ള പൊന്തക്കാട്ടിലൂടെ നടന്ന് സ്വകാര്യ ആശുപത്രിയുടെ മുമ്പിലൂടെ റോഡിലെത്തിയാണ് കൊലയാളി മടങ്ങിയത്. പൊലീസ് നായ ജിൽ മണംപിടിച്ച് പാഞ്ഞതും ഇതേ വഴിയിലൂടെയാണ്. നേരെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലെത്തി ജിൽ മടങ്ങുകയും ചെയ്തു. എന്നാൽ കൊലപാതകിയുടെതെന്ന് കരുതുന്ന വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ വിരലടയാളങ്ങളുമായി ഇപ്പോൾ അറസ്റ്റിലായ വ്യക്തിക്ക് ബന്ധമുണ്ടോ എന്ന് പൊലീസിന് പരിശോധിക്കാനാകും. അതുകൊണ്ട് തന്നെ ഈ പരിശോധനയാകും അന്വേഷണത്തിൽ നിർണ്ണായകമാവുക.

അമല മരിച്ച ദിവസം കോൺ വെന്റിലുണ്ടായെന്ന് പറയപ്പെടുന്ന സംഭവങ്ങളാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. ഇവരുടെ മുറിയുടെ എതിർവശത്തെ മുറിയിൽ താമസിച്ചിരുന്ന ഡോ. സിസ്റ്റർ റോബിമരിയ രാത്രി 12.45ന് കാർമൽ ഹോസ്പിറ്റലിൽ പോയി തിരികെ 1.45ന് കോൺവെന്റിൽ എത്തി ലൈറ്റിടാതെ കയറിക്കിടക്കുന്നെന്നാണ് പൊലീസിന് നൽകിയ മൊഴി. പുലർച്ചെ 5.30ഓടെ ഉണർന്ന ഡോക്ടർ മുറിയിൽനിന്ന് പുറത്തേക്ക് ഇറങ്ങവെ കാലിൽ എന്തോ തട്ടിയപ്പോൾ ലൈറ്റിട്ടപ്പോൾ മുറി അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ടു. അപ്പോഴാണ് മുറിയിൽ മോഷണം നടന്നതായി മനസ്സിലായതെന്നും ഇവർ മൊഴി നൽകി. ഉടൻതന്നെ കോൺവെന്റിലെ മദറിനെ വിവരം അറിയിച്ചശേഷം ഇരുവരും ടെറസിൽ ഗേറ്റ് തുറന്നിട്ടുണ്ടോയെന്ന് പരിശോധന നടത്തി. എന്നാൽ, ഗേറ്റ് പൂട്ടിത്തന്നെ എന്ന് ഉറപ്പാക്കിയശേഷം ഇരുവരും തിരികെവന്നു. എന്നാൽ, ഈ വിവരം ഇവർ മറ്റാരോടും പറഞ്ഞിരുന്നില്ല.

അതിനിടെ, സംഭവദിവസം രാത്രി 11.30ന് ഒരാൾ കാർപോർച്ചിന് മുകളിൽ നിൽക്കുന്നതായി കണ്ടെന്ന് കോൺവെന്റിലെ താമസക്കാരിയായ സിസ്റ്റർ ജൂലി പൊലീസിനോട് പറഞ്ഞു. എന്നാൽ, സിസ്റ്റർ ഈ വിവരം ആരോടും പറഞ്ഞില്ലത്രേ. സിസ്റ്റർ അമല മരണപ്പെട്ടതറിഞ്ഞ ശേഷമാണ് ഇവർ വിവരം പുറത്തുപറയുന്നത്. സാധാരണ കോൺവെന്റുകളിലോ വീടുകളിലോ മോഷണമോ അസമയത്ത് അപരിചിതനെ കാണുകയോ ചെയ്താൽ ബന്ധപ്പെട്ടവരെയോ പൊലീസിനെയോ വിവരം അറിയിക്കുന്നതിന് പകരം മൂടിവച്ചതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഒരാഴ്ച മുമ്പ് ഇതേ കോൺവെന്റിൽ 70 വയസ്സുള്ള ഒരു സിസ്റ്റർക്ക് അമലക്ക് സംഭവിച്ചതുപോലുള്ള മുറിവ് തലക്ക് ഏറ്റിരുന്നു. എന്നാൽ, അത് പുറത്ത് പറയാതെ സിസ്റ്ററെ ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നൽകി.

രാമപുരം വാലുമ്മേൽ പരേതരായ വി.ഡി.ആഗസ്തിയുടെയും ഏലിയുടെയും മകളാണ് സിസ്റ്റർ അമല. പന്നിമറ്റം അസീസി മഠത്തിലെ സിസ്റ്റർ ഹിൽഡ, സി.എം.സി. പ്രൊവിൻഷ്യാൾ സിസ്റ്റർ ലൂസി മേരി, പരേതയായ സിസിലി എന്നിവർ സഹോദരങ്ങളാണ്. സഭയിൽ സ്വാധീനമുള്ള വ്യക്തിയാണ് സിസ്റ്റർ അമല. സിസ്റ്റർ അമലയുടെ മൃതദേഹം ഇന്നലെ പാലാ കാർമ്മൽ ആശുപത്രി ചാപ്പലിൽ പൊതുദർശനത്തിന് വച്ചു.സംസ്‌കാരം ഇന്ന് നടക്കും.