കോട്ടയം: പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതത്തിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സിസ്റ്റർ അമലയെ കൂടാതെ മറ്റ് കന്യാസ്ത്രീകളും സതീഷ് ബാബുവിന്റെ ഇരകളായിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യലിനിടെ ലഭിച്ച വിവരം. പാലാ എസ്എച്ച് മഠത്തിലെ സിസ്റ്റർ ജോസ് മരിയയെ കൊന്നത് താനാണെന്ന് സതീഷ് ബാബുവിന്റെ സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് സതീഷ് ബാബു ജോസ് മരിയയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. മഠത്തിൽ നിന്ന് ആറരലക്ഷം രൂപയും മോഷ്ടിചെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 17നാണ് എസ്എച്ച് മഠത്തിലെ അംഗമായ സിസ്റ്റർ ജോസ് മരിയ ഇരുപ്പക്കാട്ടിനെ മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. എന്നാൽ പ്രായമായ കന്യാസ്ത്രീ തെന്നിവീണുണ്ടായ മരണമെന്ന് കരുതി മഠം അധികാരികൾ പരാതികളൊന്നും നൽകിയിരുന്നില്ല. ഇതേ മഠത്തിൽ ഏപ്രിൽ 22ന് 75,000 രൂപയോളം മോഷ്ടിക്കുകയും ചെയ്തു. ഈരാറ്റുപേട്ടയിലെ എഫ്.സി പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും ആറു ലക്ഷം രൂപ മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു.

വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ചേറ്റുതോട് കൊലപാതകത്തിലും മറ്റ് നാലു കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിലും ഇയാൾക്കുള്ള പങ്ക് പുറത്തുവന്നത്. ജോസ് മരിയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ അമല കേസ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ജോസ് മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തലയ്ക്ക് മുറിവേറ്റ് ഒരു കന്യാസത്രീ മരിച്ചിട്ടും സ്വാഭാവിക മരണമാണെന്ന് ധരിച്ചാണ് അന്ന് പരാതി നൽകാതിരുന്നത്.

പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തിൽ ഇനി എന്തുനടപടി വേണമെന്ന കാര്യത്തിൽ നിയമോപദേശം സ്വീകരിക്കാനാണ് പൊലീസ് നീക്കം. സഭാ നേതൃത്വവുമായും പൊലീസ് ചർച്ച നടത്തും. ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും. കന്യാസ്ത്രീ മഠങ്ങൾ മാത്രം കേന്ദ്രീകരിച്ച് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന പ്രതി കൊടുംകുറ്റവാളിയും ക്രൂരകൃത്യങ്ങളിലൂടെ ആനന്ദം കണ്ടത്തെുന്ന മാനസിക വൈകല്യമുള്ളയാളുമാണ്. അതിനാൽ അന്വേഷണം വേഗം പൂർത്തിയാക്കി കേസ് കോടതിയിൽ എത്തിക്കാനാണ് പൊലീസ് ശ്രമം. കേസ് കോടതിയിൽ നൽകുന്നതിനൊപ്പം സ്‌പെഷൽ പ്രോസിക്യൂട്ടറെയും നിയമിക്കും.

അതിനിടെ കേസിലെ പ്രതി സതീഷ് ബാബുവിനെ മഠത്തിലെത്തിച്ച് തെളിവെടുത്തു. ചൊവ്വാഴ്ച രാവിലെ പാലാ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി മഠത്തിലെത്തിയത്. മഠത്തിൽ കയറാൻ ഉപയോഗിച്ച വഴിയും സി.അമലയുടെ മുറിയിലെത്തിയ വിധവും പ്രതി പൊലീസിന് വിവരിച്ചു നൽകി. കൊലനടത്താൻ ഉപയോഗിച്ചത് മഠത്തിനു പരിസരത്തുനിന്ന് ലഭിച്ച വളഞ്ഞ ഇരുമ്പുദണ്ഡാണെന്ന് പ്രതി അറിയിച്ചു. കൊലയ്ക്കു ശേഷം മഠത്തിനു സമീപമുള്ള കുറ്റിക്കാട്ടിലേക്ക് ദണ്ഡ് വലിച്ചെറിഞ്ഞുവെന്നും പ്രതി സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മൺവെട്ടിയാണ് കൊല നടത്താൻ പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഇതിൽ കണ്ട രക്തക്കറ പോലെയുള്ള അടയാളം ഫോറൻസിക് പരിശോധനയ്ക്കും അയച്ചിരുന്നു. ഇത് തന്നെയാകും കൊലപാതകത്തിന് ഉപയോഗിച്ച ആയുധമെന്നാണ് ഇവർ അന്വേഷണ സംഘം പുറയുന്നത്.

മഠത്തിലെ തെളിവെടുപ്പിനു ശേഷം സമീപത്തുള്ള ചെറുപുഷ്പം ആശുപത്രിയിലും പ്രതി സ്ഥിരമായി തങ്ങാറുള്ള മൂന്നാനിയിലെ കള്ളുഷാപ്പിലും തെളിവെടുപ്പ് നടത്തും. ചെറുപുഷ്പം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുഹൃത്തിനെ സന്ദർശിക്കാനെത്തിയ സമയത്താണ് പ്രതി കർമ്മലീത്ത മഠത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.
സെപ്റ്റംബർ 17നാണ് സിസ്റ്റർ അമല കൊല്ലപ്പെട്ടത്. തുടർന്ന് പൊലീസ് അന്വേഷണം തന്റെ നേർക്കാണെന്ന് മനസ്സിലാക്കിയ പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്ത ശേഷം ഹരിദ്വാറിലേക്ക് കടക്കുകയായിരുന്നു. ഹരിദ്വാർ പൊലീസ് കസ്റ്റഡിയിലെത്ത് പാലാ പൊലീസിന് കൈമാറിയ പ്രതിയെ ഇന്നലെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഏഴു ദിവസത്തേക്ക് പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു.

അതേസമയം സിസ്റ്റർ അമല കൊലകേസിൽ യഥാർത്ഥ വസ്തുത പൊലീസ് മറച്ചുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. പത്തു രൂപ പോലും മോഷ്ടിക്കുവാൻ ഇല്ലാത്ത കന്യാസ്ത്രീ മഠത്തിൽ മോഷണ ശ്രമത്തിനിടയിലാണ് കൊലപാതകമെന്ന് പൊലീസ് ആദ്യം പറഞ്ഞു. പിന്നീട് മനോ വൈകല്യമാണെന്ന് പറഞ്ഞു. ഇതുരണ്ടും വിശ്വാസയോഗ്യമല്ലെന്നാണ് ജോമോൻ പുത്തൻപുരയ്ക്കലിന്റെ വാദം.

മാനസിക രോഗിയായ ഒരാൾ കൊല നടത്തിയ ആയുധം കഴുകി കോണിപ്പടിക്കടുത്ത് വയ്ക്കില്ല. അതുപോലെ തന്നെ തൊട്ടടുത്ത് പൊലീസ് സ്‌റ്റേഷൻ ഉണ്ടായിരുന്നിട്ടും അവിടെ കൊലപാതക വിവരം അറിയിക്കാതെ മൃതദേഹത്തിലെ വസ്ത്രം മാറ്റിയിട്ടതും രക്ത കറ കഴുകിതുടച്ചു കളഞ്ഞതുമെല്ലാം മറ്റാർക്കോ വേണ്ടിയാണെന്നും ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിക്കുന്നു. ഈരാറ്റുപേട്ടയ്ക്കടുത്ത് ഒരു വീട് എടുത്ത് മേക്കപ്പണിഞ്ഞ് സുന്ദരനായി നടക്കുന്ന സതീഷ്ബാബു മോഷ്ടിക്കാനാണ് മഠങ്ങളിൽ കയറുന്നത് എന്നു പറഞ്ഞാൽ വിശ്വസനീയം അല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.