കോഴിക്കോട്: കന്യാസ്ത്രീ  ജീവിതം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് സിസ്റ്റർ ജെസ്മി എഴുതിയ 'ആമേൻ' എന്ന ആത്മകഥ കേരളത്തിലെ കത്തോലിക്ക സഭയെ വലിയ വിവാദങ്ങളിലെത്തിച്ചിരുന്നു. കന്യാസ്ത്രീ ജീവിതത്തിനിടയിലെ പീഡനങ്ങളെയും സ്വവർഗലൈംഗികതയെയും, ലൈംഗിക ചൂഷണങ്ങളെയും കുറിച്ച് തുറന്നെഴുതിയ സിസ്റ്റർ ജെസ്മി പുതിയ പുസ്തകവുമായി എത്തുകയാണ്. നവംബറിൽ അറുപതാം പിറന്നാളിന് തന്റെ ആറാമത്തെ പുസ്തകം, 'പെൺമയുടെ വഴികൾ' ജനങ്ങളിലേയ്ക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് സിസ്റ്റർ.  

നോവൽ പുസ്തകരൂപത്തിൽ പുറത്തിറക്കുന്നത് ഡി സി ബുക്‌സ് ആണ് .പൂമാലയിൽ 'പുനർജ്ജനി ദി അഡിക്ഷൻ സെന്ററ'റിലെ അന്തേവാസികളുടെ സാന്നിധ്യത്തിലായിരിക്കും പുസ്തകം അവതരിപ്പിക്കുന്നത്. സഭയ്‌ക്കെതിരായ നിലപാടുകളിൽ ഒരു മാറ്റവും വന്നിട്ടില്ല. എന്ത് തെറ്റ് കണ്ടാലും സിസ്റ്റർമാരെ എളുപ്പത്തിൽ പുറത്താക്കും. അച്ചന്മാർക്ക് പക്ഷെ മുദ്ര പോകില്ല. അവർക്ക് മരണം വരെ അഭിഷേകമുദ്രയുണ്ടത്രേ. ആ പട്ടം ഒരു ദിവ്യ കൂദാശയാണ്. അതുകൊണ്ട് അവർക്ക് എന്തും ചെയ്യാം. എന്നാൽ കന്യാസ്ത്രീകൾക്ക് അങ്ങനെയല്ല. അതൊരു കൂദാശയല്ല.. അത് പട്ടമല്ല. കുറെ പെണ്ണുങ്ങൾ കൂടി വെറുതെ ജീവിക്കുന്നു എന്നേയുള്ളൂസിസ്റ്റർ ജെസ്മി പറയുന്നത് ഇങ്ങനെയാണ്. ഞാൻ സഭയുടെ പുറത്തിറങ്ങി എന്റെ ഈ പുതിയ ജന്മത്തിലേയ്ക്ക് കടന്നിട്ട് ഏഴുകൊല്ലമാകുന്നു. എഴുകൊല്ലത്തിനിടയിൽ ആറു പുസ്തകങ്ങൾ എന്നു പറയുന്നത് നിസാരമല്ലല്ലോ.അതിന്റെ ആവേശത്തിലാണ് താനെന്നും അവർ വിശദീകരിക്കുന്നു.

നോവലിനെ കുറിച്ച് ജെസ്മി പറയുന്നത് ഇങ്ങനെ കേരളകൗമുദിയിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന നോവലാണ്. മറ്റുള്ളവ പോലെ തന്നെ ആത്മകഥാംശം ഉള്ള അൻപതോളം സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാവും ഈ നോവലിൽ. ഭാവനയല്ല.ഞാൻ കണ്ടറിഞ്ഞ അനുഭവങ്ങളുടെ ഒരു യഥാർത്ഥ ആവിഷ്‌ക്കാരം തന്നെയായിരിക്കും ഈ നോവലും.. ടീച്ചറമ്മ എന്ന വിളിപ്പേരുള്ള അവിവാഹിതയായ ഒരു അദ്ധ്യാപികയാണ് കേന്ദ്രകഥാപാത്രം. അവരുടെ ജീവിതത്തിലെ തിരിച്ചറിവുകളും പ്രതിരോധവുമൊക്കെയാണ് പറയുന്നത്. സ്വാഭാവികമായും സഭയും കന്യാസ്ത്രീകളും മറ്റു സഭാംഗങ്ങളും ഒക്കെ നോവലിന്റെ ഭാഗമായി വരുന്നുണ്ടെന്നും വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ വിവാദങ്ങൾ നോവലിൽ ഉയർത്തുമെന്നും ഉറപ്പാണ്.

സഭയെ നാണം കെടുത്തുന്നെന്നുള്ള പരാതി വീണ്ടും ഉണ്ടാവും. ഭീഷണിയുണ്ടാവും. ഞാൻ കാരണം രണ്ടുപേർ പുറത്തുവന്നു എന്നൊക്കെയാണ്. അതിനുമുൻപും അനുഭവങ്ങൾ ഉണ്ടായിരുന്നില്ലേ? എനിക്ക് അടുപ്പമുള്ള ഒരു മാദ്ധ്യമപ്രവർത്തകൻ ഒരു സംഭവം പറയുകയുണ്ടായി. കോഴിക്കോട് ഭാഗത്ത് ഒരു മഠത്തിൽ സിസ്റ്റർ ആറുമാസം ഗർഭിണിയാണ്. ഒരു അച്ചനാണ് ആളെന്നുള്ളത് തെളിഞ്ഞു. അച്ചനോട് കാര്യമന്വേഷിച്ച ബിഷപ്പ് ഒടുവിൽ പറഞ്ഞത് ഒതുക്കിത്തീർക്കാൻ. കിട്ടിയ വിവരങ്ങൾ വച്ച് ഞാൻ അച്ചനെ വിളിച്ച് കാര്യം ചോദിച്ചു. പുള്ളി പറഞ്ഞത് കേൾക്കണോ? . അച്ഛൻ വണ്ടിയോടിക്കുമ്പോ ആക്‌സിഡന്റ്‌റ് പറ്റിയെന്നുകരുതി ഡ്രൈവിങ് നിർത്താൻ പറ്റുവോ എന്ന് അർത്ഥം.. ആ സിസറ്ററിനെ പുറത്താക്കി. വീട്ടുകാർ പോലും തിരിഞ്ഞു നോക്കിയില്ല. രഹസ്യമായി പ്രസവിക്കാൻ എങ്ങോട്ടോ മാറ്റിയിട്ടുണ്ട് എന്നാണു കേട്ടത്. ഇനി മഠത്തിലേയ്ക്ക് തിരിച്ചു കേറ്റുവോ അതോ അതിന്റെ ജന്മം ഇതോടെ മുട്ടിയോ എന്നൊന്നുമറിയില്ല. തൃശ്ശൂർ ഭാഗത്ത് ഇതുപോലെ വേറൊരു സിസ്റ്ററേയും അറിയാം. കാര്യം അന്വേഷിച്ചാൽ എങ്ങനെയേലും ജീവിച്ച് പൊക്കോട്ടെ എന്ന് പറയും പാവം.

സഭയിൽ ഇപ്പോഴുള്ളതിൽ ഒരു ശതമാനത്തിന് മാത്രമേ സത്യസന്ധമായ ദൈവ വിളിയുള്ളൂ. ബാക്കി ചുമ്മാ ഉടുപ്പുമിട്ട് സഭയ്ക്ക് കളങ്കം വരുത്തുന്നവരാണ്. അവരെ കണ്ടുപിടിച്ച് പറഞ്ഞു വിട്ടാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ. പക്ഷെ അപ്പോഴെന്താ എണ്ണം കുറയും. പോൾ തേലക്കാട്ട് അച്ചൻ എന്നോട് ചോദിച്ചു ജെസ്മി ഇങ്ങനെ തുടങ്ങിയാൽ സഭാപുരോഹിതന്മാരുടെ എണ്ണം കുറയില്ലേ എന്ന്. ഞാൻ പറഞ്ഞു. ക്വാണ്ടിറ്റി എന്തിനാണ്, സഭയ്ക്ക് ക്വാളിറ്റിയാണ് വേണ്ടതെന്ന്. എനിക്ക് ബഹുമാനമുള്ള ഒരു അച്ചൻ പറയാറുണ്ട്. ഒരു സമയത്ത് ജീവിതത്തിൽ ഒരു സന്യാസിയെ ഉണ്ടാവുള്ളൂ എന്ന്. അവരാണ് ആ നല്ല ഒരു ശതമാനം. ബാക്കി ഫെയ്ക്ക് ആണ്. പിന്നെ അവർ എന്തുകൊണ്ടാണ് ഇതിലേയ്ക്ക് വരുന്നത് എന്നതിന് കാരണങ്ങളുണ്ട്. സുരക്ഷിതത്വം ഒന്നാമത്. പിന്നെ ജോലി കിട്ടാൻ ബുദ്ധിമുട്ടില്ല.. പിന്നെ ഒട്ടും മനസ്സാക്ഷിയില്ലാത്തവരാണെങ്കിൽ ഒന്ന് കണ്ണടച്ചാൽ ഇഷ്ടം പോലെ പൈസ ചിലവഴിക്കാം. പിന്നെ സമൂഹത്തിലെ സ്ഥാനം... ഈ അച്ചന്മാർ ഉടുപ്പൂരിയിട്ട് പ്രസംഗിക്കാൻ ഇറങ്ങിയാൽ ആരു കേൾക്കും? ആരു വില വയ്ക്കും? ഈ കുപ്പായമുണ്ടെങ്കിൽ എന്ത് പൊട്ടത്തെറ്റ് പറഞ്ഞാലും അതുകേട്ടു ഭവ്യതയോടെ നിൽക്കാൻ ആളുകളുണ്ടാവുമെന്നും ജെസ്മി പറയുന്നു.