മാനന്തവാടി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്തതിന് മാനന്തവാടി അതിരൂപതയിലെ സിസ്റ്റർ ലൂസിക്കെതിരെ കാരക്കാമല പള്ളിവികാരി അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. പള്ളിയിൽ എത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അപ്രഖ്യാപിത വിലക്കിനെതിരെ മാധ്യമങ്ങളിലൂടെ സിസ്റ്റർ ലൂസി തന്നെ രംഗത്ത് വന്നപ്പോൾ സഭ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു. എന്നാൽ സംഭവം വൻ ചർച്ചയായതോടെ എല്ലാം വിശ്വാസികളുടെ തലയിലിട്ട് രക്ഷപ്പെടാനാണ് ശ്രമം.

ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിലെ വിശദീകരണം ഇത് വെളിവാക്കുന്നതാണ്. സിസ്റ്റർക്ക് വിലക്കേർപ്പെടുത്താൻ കാരണം വിശ്വാസികളാണെന്നാണ് കാരക്കാമല പള്ളിവികാരി ഫാ. സ്റ്റീഫൻ കോട്ടക്കൽ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്കെതിരെ പ്രതികാര നടപടി എടുത്തിട്ടില്ലെന്നാണ് വിശദീകരണം. എന്നാൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിലെ എഴുത്തിലൂടെയും മറ്റ് മാധ്യമങ്ങളിൽ സന്നിഹിതയായും സിസ്റ്റർ നടത്തിയ പരാമർശങ്ങൾ ഇടവകയിലെ വിശ്വാസ സമൂഹത്തിനും ആത്മീയ ദർശനത്തിനും പൊരുത്തപ്പെടുന്നതല്ലെന്ന് ആരോപിച്ചാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിവാദങ്ങൾ ഒഴിവാക്കാൻ കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതിനാണ് വിലക്ക് എർപ്പെടുത്തിയതെന്നത് ഒഴിവാക്കിയെങ്കിലും സിസ്റ്റർ ലൂസി ഇതിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതോടെ രൂപതയുടെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു.

ഒരു കത്തോലിക്ക വിശ്വാസി എന്ന നിലയിലും സന്യാസിനി എന്ന നിലയിലും സഭാപരമായ യാതൊരു വിലക്കുകളും സിസ്റ്റർക്ക് ഏർപ്പെടുത്തിയിട്ടില്ല എന്ന് വാർത്താ കുറിപ്പിൽ പറയുമ്പോഴും വേദപാഠം വിശുദ്ധ കുർബാന എന്നിവ നൽകുന്നതിൽ നിന്നും തനിക്ക് വിലക്കേർപ്പെടുത്തിയെന്ന സിസ്റ്ററുടെ ആരോപണം സഭ നിഷേധിച്ചിട്ടുമില്ല. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേദപാഛം ക്ലാസ് നൽകിയിരുന്ന സിസ്റ്ററെ അതിൽ നിന്നും വിലക്കുകയാണ് ചെയ്തത്. തന്നെ ചുമതലയിൽ നിന്നും നീക്കം ചെയ്തതായി ഇടവക വികാരിയണ് ഈ വിവരം ധരിപ്പിക്കാൻ മദർ സുപ്പീരിയറിനെ ചുമതലപ്പെടുത്തിയതെന്നും സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നത് തന്നെയാണ് പത്രക്കുറിപ്പും.

'പള്ളിയിൽ അസാധാരണ ശ്രുശ്രൂഷകരെ നിയമിക്കുന്നതും വിശ്വാസ പരിശീലനം നൽകേണ്ടവരെ നിയമിക്കേണ്ടതും ഇടവകയിലെ വികാരിയച്ചനാണ്. കുർബാന നൽകുന്നതിനും വിശ്വാസ പരിശീലനം നൽകുന്നതിനും നിയോഗിക്കപ്പെടുന്നവർ ഇടവകാ സമൂഹത്തിന് സമ്മതരും തിരുസഭയുടെ നടപടിക്രമങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നവരും ആയിരിക്കണമെന്നാണ് സഭാനിയമപ്രകാരം നിർബന്ധമുള്ള കാര്യമാണ്.'

'എന്നാൽ, അടുത്തിടെയായി സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്തിലൂടെയും മറ്റ് മാധ്യമങ്ങളിൽ സന്നിഹിതയായും സിസ്റ്റർ ലൂസി നടത്തിയ പരാമർശങ്ങൾ ഇടവകയിലെ വിശ്വാസ സമൂഹത്തിനും ആത്മീയ ദർശനത്തിനും പൊരുത്തപ്പെടുന്നതല്ലെന്ന് പറഞ്ഞ് ഇടവക ജനങ്ങളിൽ പലരും ഇത് തന്നെ ഫോണിലൂടെ അറിയിച്ചിരുന്നു. തുടർന്ന് ഇവകയിലെ വിശ്വാസികൾക്ക് സിസ്റ്റർ ലൂസി വിശ്വാസ പരിശീലനം നൽകുന്നതിലും കുർബാന കൊടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടെന്ന് ഇടവക ആലോചന സമിതിയിൽ ചർച്ചയായി. ഇക്കാര്യം മദർ സുപ്പീരിയറുടെ ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും' വാർത്താക്കുറിപ്പിൽ സ്റ്റീഫൻ കോട്ടക്കൽ പറയുന്നു.

സിസ്റ്ററിനെ വിലക്കിയെന്ന വാർത്ത നിഷേധിക്കുന്ന വികാരി നടപടികൾ സ്വീകരിക്കാൻ വികാരിയായ തനിക്ക് അധികാരമില്ലെന്നും വാർത്താ കുറിപ്പിൽ പറയുന്നു. ഇടവകയിൽ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ മാനിച്ചാണ് വിവരം മദർ സുപ്പീരിയറെ അറിയിച്ചതെന്നും എല്ലാം വിശ്വാസികളുടെ തലയിലിട്ടുകൊണ്ടുള്ളവാർത്താ കുറിപ്പിൽ ഫാ. സ്റ്റീഫൻ കോട്ടക്കൽ വിശദീകരിക്കുന്നു.