പത്തനാപുരം: സിസ്റ്റർ സൂസന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ. സിസ്റ്ററിന് നാളുകളായി മാനസിക വിഷമമുണ്ടായിരുന്നുവെന്ന് സഹോദരി ലാലി മൊഴി നൽകിയിരിക്കുകയാണ്. തൈറോയിഡുമായി ബന്ധപ്പെട്ട് സിസ്റ്റർ സൂസൻ നാളുകളായി ചികിത്സയിലായിരുന്നു. ഇതേ തുടർന്ന് സൂസന് ഭയമുണ്ടായിരുന്നുവെന്നായിരുന്നു സഹോദരി ലാലി മൊഴി നൽകി്. സിസ്റ്റർ സൂസന്റെ മൃതദ്ദേഹത്തിലെ ഇൻക്വസ്റ്റ് നടപടകൾ പൂർത്തിയായി. ഇവരുടെ രണ്ട് കൈത്തണ്ടകളും മുറിച്ച നിലയിലാണ് കതണ്ടെത്തിയത്. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു.

കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ രാവിലെ ഒൻപത് മണിയോടെയാണ് കണ്ടെത്തിയത്. ഓർത്തഡോക്സ് സഭ മൗണ്ട് താബോർ ദയറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യു(54)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിലെ അദ്ധ്യാപികയായ ഇവർ കൊല്ലം കല്ലട സ്വദേശിയാണ്. കോൺവെന്റിനോട് ചേർന്ന കിണറിന് സമീപത്ത് രക്തപ്പാടുകളും ഉണ്ട്. സിസ്റ്ററെ അന്വേഷിക്കുന്നതിനിടയിൽ സിസ്റ്റർമാർ രക്തം കണ്ടു.

തുടർന്ന് കിണറ്റിൽ നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. പൊലീസും ഫയർഫോഴ്സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം സിസ്റ്റർ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയിൽ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തി. സിസ്റ്ററിന്റെ മുറിയിൽ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ട്.

പ്രാർത്ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സി.സൂസനെ കോൺവെന്റിൽ കണ്ടില്ല. തുടർന്ന് അന്വേഷിച്ചപ്പോളാണ് കിണറ്റിന് സമീപം ചോരപ്പാടുകൾ കണ്ടെത്തുകയും കിണറ്റിൽ മൃതദേഹം കണ്ടതുമെന്നുമാണ് മൊഴി. പൊലീസ് കൂടുതൽ പരിശോധന നടത്തി വരികയാണ്. മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. പുനലൂർ ഡി.വൈ.എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മൃതദേഹത്തിന്റെ മുടി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. മുടിയുടെ മുറിച്ച ഭാഗം മുറിയിലും കണ്ടെത്തിയിട്ടുണ്ട്. മുറിയിൽ ഒറ്റയ്ക്കാണ് കന്യാസ്ത്രി താമസിച്ചിരുന്നത്. മുറിയിലും കിണറിന്റെ പാടുകളും രക്തക്കറ പറ്റിയിട്ടുണ്ട്.