കൊളംബിയയിലെ മെഡലിനിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ വിമാനതത്തിന്റെ കോ-പൈലറ്റിന്റേത് കന്നിയാത്രയായിരുന്നുവെന്ന് റിപ്പോർട്ട്. ബ്രസീൽ ഫുട്‌ബോൾ ക്ലബ് ഷെപ്പെകോയൻസെയുടെ താരങ്ങളും ടീമധികൃതരുമായി പറന്നുയർന്ന വിമാനം തകർന്നുവീണ് 71 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആറുപേർ മാത്രമാണ് രക്ഷപ്പെട്ടത്.

വിമാനം ബൊളീവിയയിൽനിന്ന് പറന്നുയരുന്നതിന് മണിക്കൂറുകൾമുമ്പ് തന്റെ കന്നിയാത്രയുടെ ആവേശം കോ-പൈലറ്റായ സിസി അരിയാസ് മാദ്ധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. മോഡൽകൂടിയായ സിസിയുടെ വ്യോമജീവിതം മാദ്ധ്യമങ്ങൾ ആഘോഷിച്ചിരുന്നു. എന്നാൽ, കന്നിയാത്ര തന്നെ ദുരന്തത്തിലേക്ക് പറന്നിറങ്ങിയതിന്റെ നടുക്കത്തിലാണ് കൊളംബിയൻ മാദ്ധ്യമങ്ങൾ.

കൊളംബിയയിൽ മോഡലിങ് രംഗത്ത് ഏറെ പ്രശസ്തയാണ് സിസി. കോപ്പ സുഡാമേരിക്കാന ഫൈനലിന് പോകുന്ന ഷെപ്പെകോയൻസെ ടീമിനെ തന്റെ ആദ്യയാത്രയിൽ വഹിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്ന് സിസി അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിസിയുടെ അച്ഛൻ യോർഗെ അരിയാസ് കൊളംബിയയിൽ പത്രപ്രവർത്തകനാണ്. സോഷ്യൽ മീഡിയയിലൂടെയാണ് വിമാനദുരന്തവും മകളുടെ മരണവും അദദ്ദേഹമറിഞ്ഞത്.

മുമ്പ് കൊളംബിയയിൽ കളിക്കാൻ പോയപ്പോഴും ഇതേ വിമാനത്തിലാണ് ഷെപ്പെകോയൻസെ ടീം യാത്ര ചെയ്തത്. ഈ വിമാനം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് ബ്രസീൽ ടീമായിട്ടുകൂടി, ബൊളീവിയൻ വിമാനം ടീം തിരഞ്ഞെടുത്തത്. ചാർട്ടർ സേവനങ്ങളിൽ ഏറെ കൃത്യത പുലർത്തുന്നുവെന്നതും ഈ വിമാനം തിരഞ്ഞെടുക്കാൻ മറ്റൊരു കാരണമായി.