കൊച്ചി : കൊല്ലപ്പെട്ട രാജീവ് അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന വിവരം ചാലക്കുടി ഡിവൈ.എസ്‌പി: ഷാഹുൽ ഹമീദിനെ ഫോണിൽ ആദ്യം അറിയിച്ചത് അഭിഭാഷകനായ സി.പി. ഉദയഭാനു. കാണാതായ രാജീവ് അബോധാവസ്ഥയിൽ ആണെന്നും എത്രയും പെട്ടെന്ന് സ്ഥലത്തെത്തിയാൽ രക്ഷപ്പെടുത്താൻ കഴിയുമെന്നുമാണ് അറിയിച്ചത്. രാജീവ് കിടക്കുന്ന സ്ഥലം എവിടെയെന്ന് ഡിവൈ.എസ്‌പി. ചോദിച്ചെങ്കിലും അക്കാര്യത്തിൽ ഉദയഭാനുവിനു വ്യക്തതയുണ്ടായിരുന്നില്ല.

തുടർന്ന്, കേസിലെ മുഖ്യസൂത്രധാരനായ അങ്കമാലിയിലെ പ്രമുഖ റിയൽ എസ്റ്റേറ്റുകാരൻ ചക്കര ജോണിയെ ഉദയഭാനു ഫോണിൽ വിളിച്ച് ഡിവൈ.എസ്‌പിയോട് സ്ഥലം എവിടെയെന്ന് അറിയിക്കാൻ നിർദേശിച്ചു. ഇതനുസരിച്ച് ചക്കര ജോണി അൽപസമയത്തിനകം തന്നെ ഡിവൈ.എസ്‌പിയെ വിളിച്ച് രാജീവ് കിടക്കുന്ന സ്ഥലം അറിയിക്കുകയായിരുന്നു. ചക്കര ജോണിയെ പിടിച്ചാൽ മാത്രമേ കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ ഉദയഭാനു നേരിട്ട് പങ്കാളിയാണോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട രാജീവും ഉദയഭാനുവും ജോണിയും തമ്മിൽ റിയൽ എസ്റ്റേറ്റ് പണമിടപാടുകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

ജോണിക്ക് മൂന്നുകോടിയോളം രൂപയും ഉദയഭാനുവിന് 70 ലക്ഷം രൂപയും രാജീവ് നൽകാനുണ്ടെന്നാണു പ്രാഥമിക നിഗമനം. കേസിലെ ഒളിവിലുള്ള മറ്റൊരു പ്രതിയായ രഞ്ജിത്തിന് 20 ലക്ഷം രൂപ നൽകാനുള്ളതായും പൊലീസ് പറയുന്നു. അതിനിടെ വസ്തു ഇടപാടിലെ പണം തിരികെ ലഭിക്കാനായി പൊലീസിനെ കൂട്ടുപിടിച്ചു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി രാജീവിന്റെ ബന്ധുക്കൾ ആരോപിക്കുനനു. പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മനോരോഗിയെ ഉപയോഗിച്ച് രാജീവിനെ വധിക്കുമെന്നുപോലും ഒരുഘട്ടത്തിൽ ഭീഷണിയുയർന്നതായി കുടുംബാംഗങ്ങൾ പറയുന്നു.

ഹൈക്കോടതിയുടെ സംരക്ഷണ ഉത്തരവുണ്ടായിട്ടും രാജീവിനു പൊലീസ് സംരക്ഷണം ലഭിച്ചില്ല. ഉദയഭാനുവിനെ അഞ്ചാം എതിർകക്ഷിയാക്കിയാണു രാജീവും മകൻ അഖിലും ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. ഉദയഭാനുവുമായി രാജീവ് ഭൂമിക്കച്ചവടത്തിൽ ഏർപ്പെട്ടതിന്റെ വിൽപനക്കരാറും ഹർജിക്കൊപ്പം സമർപ്പിച്ചിരുന്നു. ഏകദേശം നാലുകോടി രൂപയ്ക്കുള്ള രണ്ടു ഭൂമി വാങ്ങാനായിരുന്നു കരാർ. ഇതിനായി 70 ലക്ഷം രൂപ മുൻകൂറായി നൽകിയതായി ഹർജിയിൽ പറയുന്നു. എന്നാൽ, ഉദയഭാനുവിന് പറഞ്ഞ തീയതിക്കുള്ളിൽ വസ്തു വാങ്ങിക്കാൻ കഴിഞ്ഞില്ല.

തുടർന്ന് അദ്ദേഹം ഇടപാടിൽനിന്നു പിന്മാറുകയായിരുന്നു. പിന്നീട് പണം സംബന്ധിച്ച വിഷയത്തിൽ മറ്റൊരു റിയൽ എസ്റ്റേറ്റ് ബ്രോക്കറായ ജോണി, രഞ്ജിത് ആന്റണി, സന്തോഷ് എന്നിവർ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു. ഈ വിഷയമെല്ലാം പൊലീസ് പരിശോധിക്കും. തൃശുർ അഡ്‌മിനിസ്ട്രേഷൻ ഡി.വൈ.എസ്‌പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കൊലപാതകം അന്വേഷിക്കും. ചാലക്കുടി ഡി.വൈ.എസ്‌പി സാക്ഷിയാകാനുള്ള സാഹചര്യം പരിഗണിച്ചാണ് സിബിഐയിൽ പ്രവർത്തിച്ച് പരിചയമുള്ള ഷംസുദ്ദീനെ അന്വേഷണ ചുമതല ഏൽപ്പിച്ചത്. പുതുക്കാട് സി.ഐയും സംഘത്തിലുണ്ടാകും.

നാലു പേർ ഇതിനകം അറസ്റ്റിലായി. രണ്ടു പേർ കൂടി ഇനി പിടിയിലായകാനുണ്ട്. ചക്കര ജോണി, രഞ്ജിത് എന്നിവർക്കെതിരെ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തിരിച്ചറിയൽ പരേഡിനു ശേഷം അറസ്റ്റു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും എസ്‌പി അറിയിച്ചു. ശാസ്ത്രീയവും ഫോറൻസിക് തെളിവുകൾ എല്ലാം സ്വീകരിച്ചുവരികയാണ്. 24 മണിക്കൂറിനുള്ളിൽ നാല് പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ നേട്ടമാണ്. ഹൈക്കോടതിയിലെ അഭിഭാഷകൻ സി.പി ഉദയഭാനുവിനെ കുറിച്ച് ഉയർന്ന ആരോപണവും പൊലീസ് അന്വേഷിക്കും. ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കുമെന്നും റൂറൽ എസ്‌പി അറിയിച്ചു.