ന്യൂഡൽഹി: കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബിനീഷ് കോടിയേരി പാർട്ടി അംഗമല്ല. ഇക്കാര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടതിന്റെ ആവശ്യമെന്തെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സർക്കാർ നടപടി എടുത്തെന്നും യച്ചൂരി പറഞ്ഞു.തിരഞ്ഞെടുപ്പിൽ മതേതര പാർട്ടികളുമായി സിപിഎം ധാരണയുണ്ടാക്കുമെന്നും ബംഗാളിൽ കോൺഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ അറസ്റ്റിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റിയിൽ വിമർശനമുയർന്നു.സിബിഐയുടെ പ്രവർത്തനാനുമതി റദ്ദാക്കുന്നതിൽ നിയമവശം പരിശോധിച്ച് കേരള സർക്കാരിനു തീരുമാനമെടുക്കാമെന്ന് കേന്ദ്ര നേതൃത്വം ആവർത്തിച്ചു. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായില്ല.

ബംഗാളിൽ കോൺഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ധാരണ ശനിയാഴ്ച കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരും.അതേ സമയം യുഎഇ കോൺസുലേറ്റിന്റെ മറവിൽ നടത്തിയ സ്വർണക്കടത്തിൽ നിർണായക നീക്കവുമായി എൻഫോഴ്മെന്റ് ഡയറക്റ്റേറ്റ്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച ചില ഉത്തരങ്ങളാണ് അന്വേഷണത്തിന്റെ മുന മുഖ്യമന്ത്രിയിലേക്കും നീങ്ങുന്നത്.

ക്ലിഫ്ഹൗസിൽ ബോസിനെ കാണാൻ പലതവണ സ്വപ്ന പോയിട്ടുണ്ടെന്നും സ്വപ്ന സമ്മാനിച്ച ഐഫോൺ തന്റെ പക്കലായിരുന്നെങ്കിലും ബോസിന്റെ ഉപയോഗത്തിനായിരുന്നു അതെന്നുമാണ് ശിവശങ്കറിന്റെ മൊഴിയെന്നാണ് റിപ്പോർട്ടെന്ന് ജന്മഭൂമി പറയുന്നു ഇതോടെയാണ് ബോസിന്റെ പങ്ക് സംബന്ധിച്ചും ഇഡി അന്വേഷണം നടത്തുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ ആരായാൻ ഇഡി തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടെന്നും ആർഎസ്എസ് പത്രമായ ജന്മഭൂമി പറയുന്നു.

സ്വപ്നയ്ക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്യാൻ എന്തിന് ശിവശങ്കറിന് നിർദ്ദേശം നൽകി, യുഎഇ സന്ദർശനം തുടങ്ങിയ സംഭവങ്ങളിൽ സംശയനിവാരണത്തിനായാണ് മുഖ്യമന്ത്രിയിൽ നിന്ന് വിവരം തേടുന്നത്. എം. ശിവശങ്കറിനെ പ്രതിചേർത്തതോടെ സ്വർണക്കടത്തു കേസിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് ഉറപ്പായിരുന്നു. ഇവരിൽ പ്രധാനി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണെന്ന് വിവരം. ഓഫീസിന്റെ പ്രവർത്തനം സംബന്ധിച്ചും ജീവനക്കാരെക്കുറിച്ചും ഇന്നലെ ശിവശങ്കറിൽ നിന്ന് ഇഡി വിവരങ്ങൾ ശേഖരിച്ചു. രവീന്ദ്രനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും രവീന്ദ്രൻ സമാന്തര ഓഫീസ് പ്രവർത്തനം നടത്തിയെന്ന് സിപിഎമ്മിനുള്ളിലും വലിയ വിമർശനങ്ങളുണ്ട്. ഊരാളുങ്കൽ സൊസൈറ്റിക്കു വേണ്ടി വഴിവിട്ട് സർക്കാർ തലത്തിലും ബിനാമിയായി മറ്റു പല മേഖലകളിലും രവീന്ദ്രന്റെ പ്രവർത്തനങ്ങളുണ്ടെന്നാണ് ചർച്ചകൾ. മുഖ്യമന്ത്രിയുടെ ബന്ധുക്കളെ ഉൾപ്പെടുത്തിയ പ്രത്യേകം സംവിധാനമാണ് രവീന്ദ്രൻ നടത്തുന്നത്.

മുഖ്യമന്ത്രിക്കും രവീന്ദ്രനെ കൈയൊഴിയാൻ പറ്റാത്ത സ്ഥിതിയുണ്ടെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു. മുമ്പ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ, ആ ഓഫീസിൽ പാർട്ടി പ്രതിനിധിയായി കോടിയേരി രവീന്ദ്രനെ നിയോഗിച്ചിരുന്നു.

അതേ സമയം മയക്ക് മരുന്ന് കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ കാണാൻ ബന്ധുക്കളെ അനുവദിക്കാതെയാണ് എൻഫോഴ്സെമെന്റ് നടപടി. ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ ആപ്പിൾ എന്ന സ്ഥാപനവും ഇ.ഡി നിരീക്ഷണത്തിലാണ്. മയക്ക് മരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദിന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു നടനും സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷിന്റെ അറസ്റ്റ്. വരും ദിവസങ്ങളിൽ വിവാദം പുകയുമെന്നാണ് സൂചന