തിരുവനന്തപുരം: സിപിഎം രാഷ്ട്രീയത്തിൽ സുപ്രധാന കോളിളക്കങ്ങൾക്ക് ഇടയാക്കുന്ന സംഭവ വികാസങ്ങളാണ് ഏതാനും ദിവസങ്ങളായി നടക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സിപിഎമ്മിനെ രണ്ട് തട്ടിലാക്കിയിരുന്നു. ബംഗാളിൽ സിപിഎമ്മിന്റെ അവസാന പ്രതീക്ഷ കോൺഗ്രസുമായുള്ള സംഖ്യമായിരുന്നു. എന്നാൽ, ആ നീക്കത്തിന് പ്രകാശ് കാരാട്ടിനെ മുന്നിൽ നിർത്തി പിണറായി വിജയനു കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന കേരള ലോബി സമർത്ഥമായി കളിച്ചതായിരുന്നു. കോൺഗ്രസുമായി നീക്കുപോക്ക് വേണമെന്ന സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആവശ്യം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വോട്ടെടുപ്പിലൂടെ പരാജയപ്പെടുകയാണ് ഉണ്ടായത്.

ഇതോടെ ജനറൽ സെക്രട്ടറി സ്ഥാനം യെച്ചൂരി രാജിവെക്കാൻ ഒരുങ്ങിയെന്നാണ് പുറത്തു വന്ന വാർത്തകൾ. ഈ സംഭവങ്ങൾക്ക് പിന്നാലെ സിപിഎം രാഷ്ട്രീയം ഇളകി മറിയുന്നു എന്ന വിധത്തിലാണ് കാര്യങ്ങലുടെ പോക്ക്. കേരള ഘടകവുമായുള്ള അതൃപ്തി വാർത്താസമ്മേളനത്തിൽ തന്നെ സീതാറാം യെച്ചൂരി പരസ്യമാക്കിയിരുന്നു. കോൺഗ്രസ് ബന്ധം വേണ്ടെന്ന തീരുമാനമെടുത്ത ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളത്തിലെ സർക്കാറിനേക്കാൾ മികച്ച പ്രവർത്തനം ത്രിപുരയിലെ മാണിക് സർക്കാറിന്റേതാണെന്ന് തുറന്നു പറഞ്ഞ് ഒളിയമ്പെയ്തു യെച്ചൂരി.

ഭാവിയിൽ കോൺഗ്രസുമായുള്ള സഖ്യസാധ്യതകളിലേക്കുള്ള ചർച്ച പാർട്ടി കോൺഗ്രസിലേക്കും നീങ്ങുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ തന്നൈ സിപിഎമ്മിന്റെ തീരുമാനങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കൂടാതെ തന്റെ നിലപാട് പരാജയപ്പെട്ടതോടെ അദ്ദേഹം രാജിക്കൊരുങ്ങിയെന്ന വാർത്തകളും പുറത്തുവന്നു. എന്നാൽ, കേന്ദ്ര കമ്മിറ്റിയിൽ പരാജയം രുചിച്ച യെച്ചൂരി രണ്ടും കൽപ്പിച്ച് ഇറങ്ങിത്തിരിച്ചോ എന്ന ചോദ്യം ഉയർത്തുന്ന നടപടികളാണ് ഏതാനും ദിവസങ്ങളായി ഉണ്ടാകുന്നത്.

ദേശീയ തലത്തിൽ സിപിഎമ്മിന്റെ ഭാവി നിർണയിക്കുന്ന കേസാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ ലാവലിൻ കേസ്. ഈ കേസ് സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കയാണ്. ഇതിനിടെയാണ് സുപ്രധാന പ്രസ്താവന സീതാറം യെച്ചൂരിയിൽ നിന്നും ഉണ്ടായത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആലോചിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. ജസ്റ്റിസ് ചെലമേശ്വറും കൂട്ടരും ഉയർത്തിവിട്ട ആരോപണങ്ങളെ പിന്തുടർന്നാണ് യെച്ചുരി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാൻ ആലോകിക്കുന്നതായി യെച്ചൂരി പറഞ്ഞത്.

സുപ്രധാനമായി കേസിൽ സിപിഎം മുഖ്യമന്ത്രിക്കെതിരായ ആരോപണം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ സിപിഎം ജനറൽ സെക്രട്ടറി നടത്തിയ ആരോപണത്തിന്റെ ഉദ്ദേശ ലക്ഷ്യം സിപിഎമ്മിനുള്ളിൽ തന്നെ ചർച്ചയായിട്ടുണ്ട്. കാരാട്ട് പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന പിണറായി വിജയനെ ഒതുക്കാൻ പോന്ന പ്രസ്താവനയായി ഇതിനെയും വ്യാഖ്യാനിക്കുന്നുണ്ട്. ലാവലിൻ കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി അനാവശ്യമായി ജസ്റ്റിസുമാരെ പ്രകോപിപ്പിക്കേണ്ടിയിരുന്നില്ലെന്നാണ് കേരള നേതാക്കൾ പറയുന്നത്. ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിഎമ്മിന് സാധിക്കില്ലെന്നിരിക്കെ യെച്ചൂരി നടത്തിയത് അനാവശ്യ പ്രസ്താവനയാണെന്നാണ് കാരാട്ട് പക്ഷം പറയുന്നത്.

വിവാദമായ ഈ പ്രസ്താവനക്ക് ശേഷമാണ് ഇന്ന് മനോരമ ഡൽഹി ബ്യൂറോയിൽ നിന്നും സിപിഎം സംസ്ഥാന നേതാവിന്റെ മകൻ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതി ലഭിച്ചെന്ന വാർത്ത പുറത്തുവന്നത്. ജോമി തോമസ് പുറത്തുവിട്ട ഈ വാർത്തയിൽ കോടിയേരിയുടെ മകന്റെ പേര് പറഞ്ഞില്ലെങ്കിലും ഇന്ന് മറുനാടൻ പേര് പുറത്തുവിട്ടതും പരാതിയുടെ പകർപ്പ് പുറത്തുവരികയും ചെയ്തതോടെ അതിവേഗം വിവാദം കത്തിപ്പടർന്നു.

ബിനോയ് കോടിയേരി നടത്തിയ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതി സിപിഎം പോളിറ്റ് ബ്യൂറോക്കാണ് ലഭിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് പരാതി നൽകിയത്. അതിന് ശേഷമാണ് സിപിഎമ്മിൽ കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള നിർണായ തീരുമാനങ്ങൾ എടുക്കുന്നതും കേരള-ബംഗാൾ ഘടകങ്ങൾ വ്യത്യസ്ത ധ്രുവങ്ങളിൽ ആയതും. ഈ വിഷയത്തിൽ തീരുമാനമായതിന് പിന്നാലെയാണ് കോടിയേരിയുടെ മകനെതിരായ പരാതി മാധ്യമങ്ങൾക്ക് ലഭിക്കുന്നതും. യെച്ചൂരിയോട് അടുപ്പം പുലർത്തുന്ന സിപിഎം ബീറ്റ് സ്ഥിരമായി കൈകാര്യ ചെയ്യുന്ന മനോരമ ഡൽഹി ലേഖകൻ ജോമി തോമസിന് പരാതിയുടെ പകർപ്പ് ലഭിച്ചത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നു.

യെച്ചൂരിയുടെ കാര്യങ്ങൾ നോക്കുന്ന എകെജി സെന്ററിലെ മലയാളിയായ സ്റ്റാഫ് മുഖേനയാണ് ബിനോയിക്കെതിരായ പരാതി മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയത് എന്നതാണ് ലഭിക്കുന്ന വിവരം. തട്ടിപ്പു സംബന്ധിച്ച മനോരമ വാർത്ത പുറത്തു വന്നതിന് പിന്നാലെ ആരാണ് സിപിഎം നേതാവെന്ന ചോദ്യം എളുപ്പത്തിൽ തന്നെ ബിനോയ് കോടിയേരിയിൽ പോയി നിന്നു. ഇതോടെ സിപിഎം എല്ലാ അർത്ഥത്തിലും പ്രതിരോധത്തിലായി. സൈബർ ലോകത്ത് പോലും സംസ്ഥാന സെക്രട്ടറിയെ പ്രതിരോധിക്കാനായി ആരും വന്നില്ലെന്നതും ശ്രദ്ധേയമായി. കാരണം 13 കോടിയുടെ ഇടപാടു നടത്താൻ മാത്രം എന്ത് ബിസിനസ് ബന്ധമാണ് ബിനോയിക്ക് ഉള്ളത് എന്ന ചോദ്യം സിപിഎം അണികൾക്കിടയിൽ ശക്തമായിട്ടുണ്ട്.

അതേസമയം വിഷയം പുറത്തുവന്നപ്പോൾ യെച്ചൂരി പ്രതികരിച്ചതും ശ്രദ്ധേയമായി. ആരോപണം പാർട്ടി നേതാവിനെതിരെയല്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം വിലയിരുത്തിയെങ്കിലും ഇക്കാര്യം പാർട്ടി അന്വേഷിക്കുകയുമില്ലെന്നാണ് നിലപാട്. പാർട്ടിതലത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടില്ലെന്ന് സീതാറാം യച്ചൂരി വ്യക്തമാക്കുകയും ചെയ്തു. സിപിഎം ജില്ലാ സമ്മേളനങ്ങൾ അന്തിമ ഘട്ടത്തിലെത്തിനിൽക്കെയാണ് നേതാവിന്റെ മകനെ പ്രതിക്കൂട്ടിലാക്കി കോടികളുടെ തട്ടിപ്പുകേസ് പുറത്തുവരുന്നത്. കേസിന് പാർട്ടിയുമായി ബന്ധമില്ലെങ്കിലും പല ആരോപണ പ്രത്യാരോപണങ്ങളാൽ കലുഷിതമായ അന്തരീക്ഷത്തിൽ നേതൃത്വം കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും.

ദുബായിലാണ് പതിമൂന്നുകോടിയുടെ പണം തട്ടിപ്പുകേസ്. ടൂറിസംമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ പിടികൂടാൻ യുഎഇ സർക്കാർ ഇന്റർപോളിന്റെ സഹായം തേടുമെന്നാണ് വിവരം. ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ ഇതിനുള്ള നിർദ്ദേശം നൽകിയതായും പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നു. മകന്റെ നടപടിയെക്കുറിച്ച് നേതാവിനെ ചില ഇടനിലക്കാർ അറിയിച്ചിരുന്നു. ചർച്ചകളിൽ പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്തതാണ് പാളിയത്.

ദുബായ് കമ്പനിയുടെ അക്കൗണ്ടിൽനിന്നു പണം ലഭ്യമാക്കാൻ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകൻ നടത്തിയ 'വഞ്ചന'യും കേസുകളുടെ കാര്യവും ചർച്ച ചെയ്തുവത്രെ. ഉടനെ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നൽകിയ ഉറപ്പ്. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടേതാണു പരാതി. നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

ആരോപണം തള്ളി കോടിയേരിയും മകനും രംഗത്തുണ്ടെങ്കിലും സിപിഎമ്മിന് വിഷയം തലവേദനയാകുമെന്നത് ഉറപ്പാണ്. വിഷയത്തിന്റെ ഗൗരവം ചർച്ച ചെയ്യാൻ വേണ്ടിയാണ് ഇന്ന് പിണറായിയും കോടിയേരിയും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. പല കേരള നേതാക്കൾക്കും വിഷയം എന്താണെന്ന് ബോധ്യമായിട്ടില്ല. എന്നാൽ, യെച്ചൂരിയുടെയും ബംഗാൾ നേതാക്കളുടെയും ഇടപെടലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് പിന്നിലെന്ന സൂചനയും പലരും നൽകുന്നുണ്ട്.