ഗ്രഹിച്ചെടുത്ത് ചെറു പുഞ്ചിരിയുമായി സീതാറം യെച്ചൂരി എത്തി. മനസ്സിലുള്ളത് തുറന്ന് പറഞ്ഞും ബദൽ രേഖകൾ അവതരിപ്പിച്ചും സിപിഎമ്മിൽ നിറഞ്ഞ സീതാറം യെച്ചൂരിക്ക് ഇനി ഔദ്യോഗിക മുഖമാണ്. വിമത ശബ്ദമല്ല ഇനി ഈ നേതാവിൽ നിന്ന് ഉയരുക. അത് പാർട്ടിയുടെ ശബ്ദമായി മാറുമ്പോൾ വലിയ പ്രതീക്ഷകളാണ് കമ്മ്യൂണിസ്റ്റുകൾക്കുള്ളത്. വർഗ്ഗീയഫാസിസ്റ്റ് ശക്തികൾക്കെതിരെ പട നയിച്ച് പാർട്ടിയെ മുന്നോട്ട് നയിക്കാൻ യെച്ചൂരിക്ക് കഴിയുമെന്നാണ് ഏവരുടേയും പ്രതീക്ഷ. നടന്നു വന്ന വഴിയും അനുഭവ സമ്പത്തും കണ്ടും കേട്ടും മനസ്സിലാക്കിയതുമെല്ലാം യെച്ചൂരിയെന്ന നേതാവിന് കരുത്ത് പകരാൻ പോന്നതാണ്.

ആന്ധ്രയിൽ നിന്ന് സിപിഎമ്മിന്റെ അമരത്തെത്തുന്ന രണ്ടാമത്തെയാളാണ് അറുപത്തിരണ്ടുകാരനായ സീതാറാം യെച്ചൂരി. ആദ്യ സെക്രട്ടറിയായ പി.സുന്ദരയ്യയാണ് ആന്ധ്രയിൽ നിന്നെത്തി പാർട്ടിയെ നയിച്ച യെച്ചൂരിയുടെ മുൻഗാമി. പാർട്ടി രൂപവത്കരിച്ച 1964 മുതൽ 78 വരെയാണ് സുന്ദരയ്യ പാർട്ടിയെ നയിച്ചത്. മുപ്പത്തിയേഴ് കൊല്ലത്തിനുശേഷമാണ് പാർട്ടിയുടെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായി യെച്ചൂരി എത്തുന്നത്. തെലങ്കാനയിലെ കർഷക പ്രക്ഷോഭം നയിച്ചുകൊണ്ടാണ് സുന്ദരയ്യ പാർട്ടിയുടെ തലപ്പത്തെത്തിയതെങ്കിൽ സ്വന്തം നാട്ടിൽ വലിയ പ്രവർത്തന പാരമ്പര്യമില്ലാത്തയാളാണ് യെച്ചൂരി. ഡൽഹിയായിരുന്നു യെച്ചൂരിയുടെ രാഷ്ട്രീയ തട്ടകം.

കേരളത്തിൽ നിന്നു മാത്രമാണ് ഇതിന് മുൻപ് രണ്ടു ജനറൽ സെക്രട്ടറിമാർ ഉണ്ടായത്. സുന്ദരയ്യയുടെ പിൻഗാമിയായി 1978 മുതൽ 1992വരെ പാർട്ടിയെ നയിച്ച ഇ.എം.എസും 2005 മുതൽ പത്ത് വർഷം അരത്തിരുന്ന പ്രകാശ് കാരാട്ടും. 1992 മുതൽ 2005 വരെ പഞ്ചാബിൽ നിന്നുള്ള ഹർകിഷൻ സിങ് സുർജിത്തായിരുന്നു ജനറൽ സെക്രട്ടറി. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തശേഷമാണ് പാർട്ടിയുടെ നേതൃനിരയിലേക്ക് യെച്ചൂരി ഉയരുന്നത്. യെച്ചൂരിയുടെ മുൻഗാമിയായ പ്രകാശ് കാരാട്ടും ജെ.എൻ.യു.വിന്റെ കണ്ടെത്തലാണ്.

1952 ഓഗസ്റ്റ് 12ന് സോമയാജലു യെച്ചൂരിയുടെയും കൽപകം യച്ചൂരിയുടെയും മകനായി തെലുങ്ക് ഭാഷ സംസാരിക്കുന്ന കുടുംബത്തിൽ ചെന്നൈയിൽ ആയിരുന്നു സീതാറാം യച്ചൂരിയുടെ ജനനം. വേദമന്ത്രങ്ങൾ ഉരുവിട്ട്, ബ്രാഹ്മണ്യത്തിന്റെ തഴക്കവഴക്കങ്ങൾ ആചരിച്ചു കഴിയുന്നവരായിരുന്നു സോമയാജലു യെച്ചൂരിയും കൽപ്പകവും. മകനും ചൊല്ലി പഠിപ്പിച്ചത് വേദമന്ത്രങ്ങളാണ്. കമ്മ്യൂണിസ്റ്റായി മകൻ മാറുമെന്നും അവർ ചിന്തില്ല. എന്നിട്ടും യെച്ചൂരി എത്തിച്ചേർന്നത് സിപിഐ(എം) എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരത്താണ്. പഠനത്തിൽ മിടുക്കനായ മകൻ കമ്യൂണിസം പഠിക്കണമെന്നും പറയണമെന്നുമല്ല അവർ ആഗ്രഹിച്ചത്.

മിടുക്കനായി പഠിച്ച് പരീക്ഷകളിൽ ഒന്നാമനായി മകൻ സർക്കാരിൽ ഉന്നതസ്ഥാനത്ത് എത്തണമെന്നാണ് അച്ഛനും അമ്മയും ആഗ്രഹിച്ചത്. സീതാറാം പതിനൊന്നാം ക്ലാസിലെ ബോർഡ് പരീക്ഷയിൽ രാജ്യത്ത് ഒന്നാമനാവുകയും ചെയ്തു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ സാമ്പത്തികശാസ്ത്ര ബിരുദത്തിനും നല്ല മാർക്ക് ലഭിച്ചു. ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിയത്. ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്തു ജയിലിലും കഴിഞ്ഞു. ബാങ്ക് കൊള്ള, ഇറാനിലെ ഷായ്‌ക്കെതിരെയുള്ള പ്രകടനം എന്നിങ്ങനെ പല കുറ്റങ്ങൾ ചുമത്തിയാണു ജയിലിലടച്ചത്. ഇതോടെ ആ വിദ്യാർത്ഥി മനസ്സ് പലതും തീരുമാനിച്ചു.

അടിസ്ഥാന വർഗ്ഗത്തിനൊപ്പം നീങ്ങാൻ തീരുമാനിച്ചു. പഠിച്ചതും പരിചയിച്ചതും പ്രയോഗിച്ചു സിസ്റ്റത്തെ മാറ്റാൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ് എന്ന് തിരിച്ചറിഞ്ഞു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സീതാറാം യെച്ചൂരി എത്തിയത് ഇന്ത്യൻ രാഷ്ട്രീയം കലുഷിതമായ കാലത്താണ്. അന്നു ഡോക്ടറേറ്റ് നേടാനുള്ള എല്ലാ സാഹചര്യവും യെച്ചൂരിക്ക് ഉണ്ടായിരുന്നു. എന്നാൽ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരാഗ്‌നിയിലേക്ക് എടുത്തുചാടിയ യെച്ചൂരിക്ക് തന്റെ തിസിസ് പൂർത്തിയാക്കാനായില്ല. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി. പ്രകാശ് കാരാട്ട്, ജവഹർലാൽ നെഹ്‌റു വിദ്യാർത്ഥി യൂണയന്റെ പ്രസിഡന്റായിരുന്നപ്പോഴാണ് യെച്ചൂരി ജെഎൻയുവിൽ എത്തിയത്. പീന്നീട് യെച്ചൂരി മൂന്നു തവണ സർവകലാശാലാ യൂണിയൻ പ്രസിഡന്റായി.

980ൽ എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായി. പിന്നീട് 1988ൽ തിരുവനന്തപുരത്തെ പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി. യെച്ചൂരിക്ക് ഒപ്പം അന്ന് എസ്. രാമചന്ദ്രൻപിള്ളയും അനിൽ ബിശ്വാസും കേന്ദ്ര കമ്മിറ്റിയിലെത്തി. 1992ൽ പൊളിറ്റ്ബ്യൂറോയിൽ അംഗമാകുമ്പോൾ 38 ആയിരുന്നു യെച്ചൂരിയുടെ പ്രായം. പിബിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. 2005 ജൂലൈയിൽ ബംഗാളിൽ നിന്ന് രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

ഇഎംഎസാണ് യെച്ചൂരിയുടെ മികവ് മനസ്സിലാക്കി ദേശീയ നേതൃത്വത്തിന്റെ ഭാഗമാക്കിയത്. ഹർകിഷൻ സിങ് സുർജിത്തിന്റെ കാലമെത്തിയതോടെ പ്രകാശ് കാരട്ടിനൊപ്പം നയരൂപീകരണത്തിൽ പ്രധാനിയായി. ഏത് വിഷയത്തിലും യെച്ചൂരിക്ക് സ്വന്തമായൊരു നിലപാടുണ്ടായിരുന്നു. അത് തുറന്നു പറയുകയും ചെയ്തു. പലപ്പോഴും ദേശീയ നേതൃത്വത്തെ പരസ്യമായി വിമർശിച്ചും ബദൽ രേഖകളിലൂടെ വെല്ലുവിളിച്ചും സിപിഎമ്മിന്റെ ഭാഗമായി നേതൃത്വത്തിൽ സജീവമായി. ഇപ്പോൾ ജനറൽ സെക്രട്ടറി പദത്തിലും. രാഷ്ട്രീയ തിരക്കുകൾക്കിടയിലും നയ വിശദീകരണത്തിന് പുസ്തക രചനയും യെച്ചൂരി നന്നായി ഉപയോഗിച്ചു.

യെച്ചൂരിക്ക് കമ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിന്നപ്പോഴും എല്ലാ രാഷ്ട്രീയ പാർട്ടികളിലും സൗഹൃദങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. പാർലമെന്റിൽ നാമമാത്രമായ ഇടതുപക്ഷത്തിന് മറ്റുള്ളവരെ ഒപ്പം നിർത്താൻ കഴിഞ്ഞത് യെച്ചൂരിയുടെ ഈ സൗഹൃദത്തിന്റെപേരിലാണ്. നേപ്പാളിൽ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്കു കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് യെച്ചൂരി വഹിച്ചു. അന്ന് ഇന്ത്യൻ സർക്കാർ ചർച്ചകൾക്ക് ആശ്രയിച്ചതു യെച്ചൂരിയെയായിരുന്നു.കുടുംബത്തിൽ നിരവധി ഐഎഎസുകാരും ജഡ്ജിമാരുമൊക്കെയുണ്ടെങ്കിലും യെച്ചൂരി പോരാട്ടത്തിന്റെ വഴിയാണു തെരഞ്ഞെടുത്തത്.

പാർട്ടി മുഖപത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററുമാണ് യെച്ചൂരി. ആഗോളവത്ക്കരണ ഉദാര വൽക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന നിരവധി കൃതികൾ സീതാറാം യെച്ചൂരി രചിച്ചിട്ടുണ്ട്. 'ആഗോളവത്കരണ കാലത്തെ സോഷ്യലിസം' എന്ന അദ്ദേഹത്തിന്റെ പുസ്തകം ശ്രദ്ധേയമാണ്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്, വോട്ട് ഈസ് ദിസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇൻ ട്വന്റിഫസ്റ്റ് സെഞ്ചുറി, കമ്യൂണലിസം വേർസസ് സെക്യുലറിസം, ഘ്രിന കി രാജ്‌നീതി, പീപ്പിൾസ് ഡയറി ഓഫ് ഫ്രീഡം മൂവ്‌മെന്റ്, ദ് ഗ്രേറ്റ് റിവോൾട്ട്: എ ലെഫ്റ്റ് അപ്രൈസൽ, ഗ്ലോബൽ ഇക്കണോമിക് ക്രൈസിസ് എ മാർക്‌സിസ്റ്റ് പെർസ്‌പെക്ടീവ് എന്നിവയാണ് പ്രധാന രചനകൾ.