- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടയ്ക്കൽ ശേഖരനും മംഗലശേരി നീലകണ്ഠനും സ്റ്റാറാക്കിയ ശിവ സൂര്യ; ചാനൽ ഷോകളിലെ കൈയടിയുമായി മിനിസ്ക്രീനിൽ; മിമിക്രിയിലൂടെ സീരിയൽ താരമായ ഓട്ടോറിക്ഷക്കാരൻ
എത്രയോ വർഷങ്ങളായി ഞാൻ മോഹൻലാൽ എന്ന വലിയ മനുഷ്യന്റെ ശബ്ദം കൊണ്ട് അന്നം കഴിക്കുന്നു. ജീവിത പ്രാരബ്ധങ്ങളുടെ നടുവിൽ നട്ടം തിരിയുമ്പോഴും മോഹൻലാൽ എന്ന നടനോടുള്ള ആരാധന മുന്നോട്ടുള്ള ജീവിതത്തിന്നു കരുത്തേകിക്കൊണ്ടേയിരുന്നു. മോഹൻലാൽ അഭിനയിച്ച പരസ്യ ചിത്രങ്ങളിലുൾപ്പെടെ യാതൊരു വ്യത്യാസവും ഇല്ലാതെ മോഹൻലാലിന് ശബ്ദം നല്കുന്ന ശിവസൂര്യ ഇന
എത്രയോ വർഷങ്ങളായി ഞാൻ മോഹൻലാൽ എന്ന വലിയ മനുഷ്യന്റെ ശബ്ദം കൊണ്ട് അന്നം കഴിക്കുന്നു. ജീവിത പ്രാരബ്ധങ്ങളുടെ നടുവിൽ നട്ടം തിരിയുമ്പോഴും മോഹൻലാൽ എന്ന നടനോടുള്ള ആരാധന മുന്നോട്ടുള്ള ജീവിതത്തിന്നു കരുത്തേകിക്കൊണ്ടേയിരുന്നു. മോഹൻലാൽ അഭിനയിച്ച പരസ്യ ചിത്രങ്ങളിലുൾപ്പെടെ യാതൊരു വ്യത്യാസവും ഇല്ലാതെ മോഹൻലാലിന് ശബ്ദം നല്കുന്ന ശിവസൂര്യ ഇന്ന് മിനിസ്‌ക്രീനിലെ താരമാണ്. തന്റെ അനുഭവങ്ങളെക്കുറിച്ചു മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു.
വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളിലുള്ള ഒരു കുടുംബത്തിലെ അഞ്ചു പേരിൽ ഏറ്റവും ഇളയവനാണു ഞാൻ. നിത്യവൃത്തിക്കുവേണ്ടി പാടുപെടുന്ന അച്ഛന്റെ കഷ്ടപ്പാടുകൾ കണ്ടാണ് ഞാൻ വളർന്നത്. പാട്ടുകാരനാവണമെന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ വീട്ടിനടുത്തുള്ള ഒരു സംഗീതാധ്യാപകന്റെ വീട്ടിൽചെന്ന് പാട്ടുപഠിക്കണമെന്ന ആഗ്രഹം അറിയിച്ചു. എനിക്ക് പാടാനുള്ള കഴിവുണ്ടോയെന്നറിയാൻ ഒരു പാട്ടു പാടിപ്പിച്ചു നോക്കിയ ശേഷം നാളെമുതൽ രാവിലെ 5 മണിക്ക് പാട്ടുപഠിക്കാൻ വരാൻ പറഞ്ഞു.
പിറ്റേന്നു മുതൽ രാവിലെ എഴുന്നേറ്റു പാട്ടു പഠിക്കാൻ പോയിത്തുടങ്ങി .എന്നാൽ നിത്യേന രാവിലെ ഉറക്കമെണീക്കാനുള്ള മടികാരണം പട്ടുപഠിത്തം പാതി വഴിയിലുപേക്ഷിക്കേണ്ടി വന്നു. കുട്ടിക്കാലം മുതലേ പാട്ടിനോടൊപ്പം മിമിക്രിയും ഞാൻ പരിശീലിച്ചിരുന്നു. എവിടെയൊരു വേദി കിട്ടിയാലും മിമിക്രിയിലെ ചില നമ്പറുകൾ ഞാൻ കാണിക്കുമായിരുന്നു.
സ്‌കൂൾ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു വീട്ടിലെ പ്രശ്‌നങ്ങൾ കാരണം ഞാൻ ആശാരിപ്പണിക്കിറങ്ങി. എന്നാൽ പാട്ടിലും മിമിക്രിയിലുമുള്ള എന്റെ താല്പര്യം മനസിലാക്കിയ എന്റെ സുഹൃത്തായ സോമൻ അക്കാലത്തെ വലിയ മിമിക്രി കലാകാരനായ ജൂനിയർ ആലുംമൂടൻ എന്നറിയപ്പെടുന്ന വഞ്ചിയൂർ രാമചന്ദ്രന്റെ അടുത്തുകൊണ്ടാക്കി.
വഞ്ചിയൂർ രാമചന്ദ്രൻ(ജൂനിയർ ആലുമൂടൻ) നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം സുപ്പർഡീലക്‌സ് എന്ന മിമിക്‌സ് സമിതി വളരെ ഹിറ്റായി പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. കൊല്ലം സിറാജ്, നാരായണൻ കുട്ടി, ജോസഫ് വിത്സൺ എന്നിവരൊക്കെ ഈ സമിതിയിൽ അന്ന് അംഗങ്ങളായിരുന്നു. എന്നെയും അദ്ദേഹം അവരുടെ കൂടെയിരുത്തി പല കാര്യങ്ങളും പഠിപ്പിച്ചു തന്നു. ഒരു കലാകാരൻ സ്റ്റേജിൽ എങ്ങനെയായിരിക്കണം പെരുമാറേണ്ടതെന്നും, കാണികളെ എങ്ങനെ കയ്യിലെടുക്കണമെന്നുമൊക്കെ ആദ്യമായി എന്നെ പഠിപ്പിച്ചത് രാമചന്ദ്രൻ ചേട്ടനായിരുന്നു. അനുകരണ കലയിലെ എന്റെ ഗുരു നാഥനാണ് അദ്ദേഹം.
അന്നത്തെ എല്ലാ മിമിക്‌സ് പ്രോഗ്രാമുകളിലും മിമിക്‌സ് ഗാനമേള എന്നൊരു ഐറ്റം ഉണ്ടായിരുന്നു. എനിക്ക് സ്റ്റേജിൽ ആദ്യമായി അവതരിപ്പിക്കാൻ അവസരം കിട്ടിയത് മിമിക്‌സ് ഗാനമേള നടക്കുമ്പോൾ പശ്ചാത്തലത്തിൽ വായിക്കുന്ന മ്യൂസിക് ഇൻസ്റ്റ്രമെന്റ്‌സിന്റെ ശബ്ദം ആയിരുന്നു. തബല, മൃദംഗം, ജാസ്സ് തുടങ്ങിയ മ്യൂസിക് ഇൻസ്റ്റ്രുമെന്റ്‌സിന്റെ ശബ്ദങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എനിക്ക് സാധിക്കുമായിരുന്നു. സൂപ്പർ ഡീലക്‌സ് എന്ന സമിതിയുടെ നൂറുകണക്കിന് പ്രോഗ്രാമുകളിൽ ഞാൻ മിമിക്‌സ് ഗാനമേളയ്‌ക്കൊപ്പം മ്യൂസിക് ഇൻസ്റ്റ്രുമെന്റ്‌സിന്റെ ശബ്ദം അനുകരിച്ചു.
എന്നാൽ പ്രോഗ്രാമിനു പോയതുകൊണ്ടുമാത്രം ജീവിതം മുന്നോട്ടുപോകില്ല എന്ന അവസ്ഥ വന്നപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവറുടെ കുപ്പായമണിഞ്ഞു. ഓട്ടോറിക്ഷ ഓടിച്ച് ജീവിതം തള്ളി നീ്ക്കുന്നതിനിടയിൽ പ്രോഗ്രാമുകളും അവതരിപ്പിച്ചു പോന്നു. ഓട്ടോറിക്ഷ മാറി പിന്നീടു കാർ ഡ്രൈവർ ആയി. പിന്നീടുള്ള പ്രോഗ്രാമുകളിൽ സിനിമാതാരങ്ങളുടെ ശബ്ദം അനുകരിക്കാൻ എനിക്ക് അവസരം തന്നു. കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാർ, പ്രേം നസീർ, സത്യൻ തുടങ്ങിയ പത്തോളം നടന്മാരുടെ ശബ്ദം ഞാൻ ആദ്യകാലങ്ങളിൽ അവതരിപ്പിക്കുമായിരുന്നു.
പിന്നീടാണ് ഞാൻ ലാലേട്ടന്റെ ശബ്ദം അനുകരിച്ചു തുടങ്ങിയത്. ചിത്രം, താളവട്ടം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ശബ്ദ ശകലങ്ങൾ ഞാൻ ആദ്യം അവതരിപ്പിച്ചെങ്കിലും പെർഫെക്റ്റ് ആയിരുന്നില്ല . എന്നാൽ ഒരു വ്രതം പോലെ ആ വലിയ നടന്റെ ശബ്ദം ഞാൻ തൊണ്ടയിലേയ്ക്കു ആവാഹിക്കുകയായിരുന്നു. വെള്ള മുണ്ട് മടക്കിക്കുത്തി വലതു ഭാഗം ചരിഞ്ഞ തോളുമായി, ഒരു കുസൃതി ചിരിയോടെ നില്ക്കുന്ന ലാലേട്ടന്റെ മുഖം അക്കാലത്തെ എല്ലാ ചെറുപ്പക്കാരെയും പോലെ എനിക്കും ആവേശമായിരുന്നു.
പിന്നീടു ലാലേട്ടന്റെ ശബ്ദം വളരെ പെർഫക്ടായി ചെയ്യാൻ എനിക്ക് സാധിച്ചു. ആദ്യം ഇരുപതോളം നടന്മാരുടെ ശബ്ദം അനുകരിച്ചുള്ള അരമണിക്കൂർ ദൈർഘ്യമേറിയ വൺമാൻഷോ ആയിരുന്നു എന്റേത്. പിന്നീട് അതിനൊരു സ്‌ക്രിപ്റ്റ് ഉണ്ടാക്കി ഒരുമണിക്കൂറുള്ള ഷോ ആയി. ആ സമയത്താണ് ഞാനും സുരാജ് വെഞ്ഞാറമൂടും ചേർന്ന് സത്യൻ മുതൽ ജയസൂര്യ വരെ എന്ന കോമഡി പ്രോഗ്രാം ദൂരദർശനിൽ അവതരിപ്പിക്കുന്നത്. സുരാജ് അന്ന് സിനിമയിലെത്തിയിട്ടില്ല. സുരാജിനെപ്പറ്റി പറയുമ്പോൾ ഒരുപാടു നല്ല ഓർമ്മകളുണ്ടുമനസ്സിൽ. എത്രയോ വേദികളിൽ ഞങ്ങൾ ഒന്നിച്ചു പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്! കഴിവും കഠിനാദ്ധ്വാനവുമുള്ള കലാകാരനായതുകൊണ്ടു മാത്രമാണ് സുരാജ് ഇന്നുകാണുന്ന ഈ നിലയിലെത്തിയത്. മൂന്നു മണിക്കൂറൊക്കെ ഒറ്റയ്ക്ക് സ്റ്റേജിൽനിന്ന് കാണികളെ ചിരിപ്പിക്കാൻ സുരാജിനു കഴിയും. ഞാനും സുരാജും ഒന്നിച്ചു ചെയ്ത ദൂരദർശനിലെ പ്രോഗ്രാം നല്ല രീതിയിൽ പ്രേക്ഷകശ്രദ്ധ നേടി.
മിമിക്രി കലാകാരൻ എന്ന നിലയിൽ ശിവസൂര്യ എന്ന പേര് അറിയപ്പെടാൻ തുടങ്ങിയത് ഈ പ്രോഗ്രാമിനോടുകൂടിയായിരുന്നു. അതുകഴിഞ്ഞു ധാരാളം സ്റ്റേജ് ഷോകൾ കിട്ടി. അത്യാവശ്യം മിമിക്രിയിലൂടെ ജീവിക്കാം എന്നായി. രാവണ പ്രഭുവിലെ മുണ്ടയ്ക്കൽ ശേഖരനും മംഗലശേരി നീലകണ്ഠനും തമ്മിലുള്ള കോമ്പിനേഷൻ സീൻ ആയിരുന്നു എന്റെ വൺമാൻഷോയിലെ ഹൈലൈറ്റ്. ലാലേട്ടന്റെ ശബ്ദം അനുകരിക്കുമ്പോൾ കാണികൾ സ്വയം മറന്നു കയ്യടിക്കാറുണ്ട്. ആ കയ്യടി ശബ്ദം ആയിരുന്നു ലാലേട്ടന്റെ ശബ്ദത്തിന്റെ പൂർണത കണ്ടെത്തുന്നതിനുള്ള എന്റെ പ്രചോദനം.
നൂറുകണക്കിന് മിമിക്രി കാസറ്റുകളിലും മിമിക്‌സ് പ്രോഗ്രാമുകൾക്കും വേണ്ടി ഞാൻ ലാലേട്ടന്റെ ശബ്ദം അനുകരിച്ചിട്ടുണ്ട്. ഓൺമാൻ ഷോ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തും ടെലിവിഷനിൽ നല്ലൊരു അവസരം കിട്ടാത്തതിൽ എനിക്ക് വിഷമം ഉണ്ടായിരുന്നു . അപ്പോഴാണ് സൂര്യ ടി വി യിലെ ജഗതി -ജഗതി എന്ന പ്രോഗ്രാം അവതരിപ്പിക്കാനായി മിമിക്രി അറിയുന്ന ഒരു പുതിയ അവതാരകനെ ആവശ്യമുണ്ടെന്നറിഞ്ഞത്. ആ പ്രോഗ്രാം നേരെത്തെ അവതരിപ്പിച്ചിരുന്ന ജയസൂര്യക്ക് സിനിമയിൽ തിരക്കായതുകൊണ്ടായിരുന്നു പുതിയ അവതാരകനെ അവർ അന്വേഷിച്ചത്. ഈ വിവരം അറിഞ്ഞു സൂര്യ ടി വി യിലെ ബന്ധപ്പെട്ടയാളെ ഞാൻ നേരിൽ പോയി കണ്ടു. പിറ്റേ ദിവസം തന്നെ ഓഡിഷനു വരാൻ പറഞ്ഞു. ഓഡിഷനിൽ ഞാൻ കാണിച്ച ചില പ്രകടനങ്ങൾ അവർക്കിഷ്ടപ്പെട്ടു. അങ്ങനെ മൂന്നു വർഷത്തോളം ജഗതി - ജഗതി എന്ന സൂര്യ ടി വി യിലെ മികച്ച റേറ്റിംഗുള്ള ഷോ യുടെ അവതാരകനായി.
പിന്നീടു ദുബായിലെ ബെസ്റ്റ് ളാ 95 -ൽ ആർ ജെ ആയി രണ്ടു വർഷം ജോലി നോക്കി . അപ്പോഴേക്കും കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും മറ്റുമൊക്കെ ഒരു പരിധി വരെ അവസാനിച്ചിരുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് എന്റെ ജീവിതം വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. രണ്ടു വർഷത്തെ ഗൾഫ് ജീവിതം കഴിഞ്ഞു വീണ്ടും നാട്ടിലേയ്ക്ക് തിരിച്ചു വന്നു. വീണ്ടും സ്റ്റേജ് ഷോ കളിൽ സജീവമായി. എന്റെ ഓണ് മാൻ ഷോ യിൽ പല രാഷ്ട്രീയ നേതാക്കളുടെയും ശബ്ദവും ഞാൻ അനുകരിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞാൻ താമസിക്കുന്ന വീടിന് ആറേഴു കിലോമീറ്റർ അപ്പുറത്തായിരുന്നു പ്രോഗ്രാം. പ്രോഗ്രാമിൽ പതിവുപോലെ ലാലേട്ടന്റെ ചില നമ്പരുകളും ചില രാഷ്ട്രീയ നേതാക്കളുടെ ശബ്ദവും ഞാൻ അവതരിപ്പിച്ചു .പ്രോഗ്രാം കഴിഞ്ഞു ഞാൻ വീട്ടിലേയ്ക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ഒരു പയ്യൻ എന്റെ അടുത്തേയ്ക്ക് വന്നു പറഞ്ഞു- ചേട്ടാ രാഷ്ട്രീയക്കാരെയൊക്കെ അവതരിപ്പിക്കുമ്പോൾ നോക്കിയും കണ്ടും അവതരിപ്പിക്കണം ഇല്ലെങ്കിൽ തടി കേടാവും . ഞാൻ സ്തബ്ധനായി നിന്നുപോയി .ആദ്യമായിട്ടായിരുന്നു എനിക്ക് അങ്ങനെ ഒരനുഭവം. കുറെ നേരം ഞാൻ ഒന്നു പകച്ചു നിന്നു പോയി.
ഒരാഴ്ച കഴിഞ്ഞ് ഞാൻ മറ്റൊരു പ്രോഗ്രാമിനു പോകാൻ വേണ്ടി അന്നു പ്രോഗ്രാം നടന്ന ആ ജങ്ഷൻ വഴി പോയപ്പോൾ റോഡിന്റെ അപ്പുറത്തുള്ള മതിലിൽ ആ പയ്യന്റെ ഫോട്ടോ പതിച്ച ചിത്രം ഒട്ടിച്ചു വച്ചിരിക്കുന്നു . താഴെ ആദരാഞ്ജലികൾ എന്നും എഴുതിയിരിക്കുന്നു. ഞാൻ ഞെട്ടിപ്പോയി. രണ്ടു ദിവസം മുൻപ് അവിടെ നടന്ന രാഷ്ട്രീയ സംഘർഷത്തിൽ ആരൊക്കെയോ ചേർന്ന് അവനെ കൊല്ലുകയായിരുന്നു. ആ സംഭവം ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വേദനയായി തുടരുകയാണ് . ശ്വസിക്കുന്ന വായുവിലും ചവിട്ടിനില്ക്കുന്ന മണ്ണിലും വരെ രാഷ്ട്രീയം കാണുന്ന പ്രവണതയോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. മനുഷ്യബന്ധങ്ങൾക്ക് അപ്പുറം അല്ല രാഷ്ട്രീയം. പിന്നീടുള്ള എന്റെ എല്ലാ ഷോകളിലും രഷ്ട്രീയ നേതാക്കളെ അവതരിപ്പിക്കുമ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. കലയിലൂടെ ആരെയും മുറിവേൽപ്പിക്കാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.
ഏഷ്യാനെറ്റിന്റെ വോഡഫോൺ കോമഡി സ്റ്റാർ ആരംഭിച്ചപ്പോൾ എനിക്കും ആ ഷോയിലേയ്ക്കു അവസരം കിട്ടി. രണ്ടു വർഷത്തോളം ആ ഷോ യുടെ ഭാഗമായി . ഒരുപാടു കലാകാരന്മാർ ഇന്ന് വയറു നിറച്ചു ആഹാരം കഴിക്കുന്നത് വോഡഫോൺ കോമഡി സ്റ്റാർ കാരണമാണ്. ആരാലും അറിയപ്പെടാതെ എവിടെയൊക്കെയോ ഒതുങ്ങിപ്പോകുമായിരുന്ന ചില കലാകാരന്മാരെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തിയ ഒരു പ്രോഗ്രാമാണത്. ആ ഷോയിൽ പങ്കെടുത്ത സമയങ്ങളിൽ എന്റെ സ്റ്റേജ് ഷോ കൾക്ക് മൂല്യം കൂടിയിരുന്നു. കീർത്തിചക്രയിൽ ലാലേട്ടൻ അനശ്വരമാക്കിയ മേജർ മഹാദേവന്റെ ശബ്ദം ആ ഷോ യിലൂടെ അവതരിപ്പിച്ചു കയ്യടി നേടി .ഒരു ദിവസം അടൂരിൽ പൊലീസ് അസോസിയേഷന്റെ ഒരു പ്രോഗ്രാമിൽ എനിക്ക് ഓൺ മാൻ ഷോ അവതരിപ്പിക്കാൻ അവസരം കിട്ടി. അവിടെ വച്ച് ലാലേട്ടന്റെ ശബ്ദം അനുകരിച്ചത് സംവിധായകൻ ബ്ലസിയുടെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥൻ കേൾക്കാനിടയായി. ബ്ലസി സാറിന്റെ അടുത്ത് എന്നെക്കുറിച്ച് പറഞ്ഞു. അങ്ങനെയാണ് പ്രണയം എന്ന ചിത്രത്തിലെ ലാലേട്ടനോടോപ്പമുള്ള ടാക്‌സി ഡ്രൈവറുടെ റോൾ എനിക്ക് കിട്ടിയത്.
എനിക്കു ലഭിച്ച മഹാഭാഗ്യമായിരുന്നു ആ അവസരം. നടക്കുന്നതെല്ലാം സ്വപ്നമാണോയെന്നു തോന്നിപ്പോയി. നാലഞ്ചു ദിവസം ഫുൾ ടൈം ലാലേട്ടനോടൊപ്പം. ഞാൻ ഈശ്വരതുല്യം ആരാധിച്ചിരുന്ന ആ മനുഷ്യൻ സൂപ്പർ സ്റ്റാറിന്റെ യാതൊരു ജാടയും ഇല്ലാതെ വളരെ ഫ്രീയായിട്ടാണ് എന്നോട് പെരുമാറിയത്. ഞാൻ അനുകരിച്ചിട്ടുള്ള ലാലേട്ടന്റെ ശബ്ദങ്ങളെല്ലാം എന്റെ മൊബൈലിൽ ഉണ്ടായിരുന്നു അതെല്ലാം ഞാൻ അദ്ദേഹത്തെ കേൾപ്പിച്ചു. ലാലേട്ടന്റെ കൂടെയുണ്ടായിരുന്ന അനുപം ഖേറിനെയും ജയപ്രദയെയും ലാലേട്ടൻ അത് കേൾപ്പിച്ചു .അവർ രണ്ടു പേരും എന്നെ ഒരുപാടു അഭിനന്ദിച്ചു. ആ ദിവസങ്ങൾ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്തതാണ്. ആ ചിത്രത്തിന് ശേഷം ലാലേട്ടന്റെ നിർദ്ദേശപ്രകാരം കമൽഹാസനും ലാലേട്ടനും ചേർന്ന് അഭിനയിച്ച ഉന്നൈപൊലൊരുവൻ എന്ന തമിഴ് ചിത്രത്തിന്റെ മലയാളം മൊഴി മാറ്റത്തിൽ ലാലേട്ടനു വേണ്ടി ഞാൻ ശബ്ദം കൊടുത്തു .അതിനു ശേഷം ലാലേട്ടൻ അഭിനയിച്ച ഒഷ്യാനെസ്, ടാറ്റ സ്‌കൈ തുടങ്ങിയ പരസ്യങ്ങളിൽ ഡബു ചെയ്യാനുള്ള അദ്ദേഹത്തിന്റെ സമയക്കുറവു കാരണം ഞാനാണ് ലാലേട്ടന്റെ ശബ്ദം കൊടുത്തത്.
ഇപ്പോൾ കർണാടകത്തിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മൈത്രി എന്ന ലാലേട്ടൻ ചിത്രത്തിലെ മലയാള പതിപ്പിലും ലാലേട്ടന്റെ ശബ്ദം കൊടുത്തിരിക്കുന്നത് ഞാനാണ് അങ്ങനെ വർഷങ്ങളായി ലാലേട്ടന്റെ ശബ്ദം കൊണ്ട് ഞാൻ സാമാന്യം നല്ല രീതിയിൽ ജീവിക്കുന്നു. എല്ലാം െൈദവാനുഗ്രഹം, ഇപ്പോൾ ഫ്ളാവേഴ്‌സ് ചാനലിലെ നിരുപമാ ഫാൻസ് , സുര്യ ടി വി യിലെ വധു തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം പൂജപ്പുരയിലാണ് താമസം. മാനസി, സ്‌നേഹസീമ തുടങ്ങിയ മധുമോഹന്റെ ആദ്യകാല സീരിയലുകളിലെ നായികയായ ഇന്ദു ജേക്കബാണ് ഭാര്യ.