ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ കാലത്തേക്കാൾ മുമ്പേ സഞ്ചരിച്ചവയാണെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ശിവഗിരിയിൽ 83ാമത് മഹാതീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ. വർഗീയ ശക്തികൾ ഗുരുവിന്റെ ദർശനങ്ങൾ ഏറ്റെടുത്ത് വിഭാഗീയ പ്രചാരണം നടത്തുന്നത് അപകടകരമായ പ്രവണതയാണെന്നും ബിജെപി-എസ്എൻഡിപി നേതൃത്വത്തെ വിമർശിച്ച് സോണിയ വ്യക്തമാക്കി.

എസ്എൻഡിപിയുടെ പ്രചാരകരായി ഇപ്പോൾ നിലകൊള്ളുന്നവർക്ക് ഗുരുവിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള യോഗ്യതയുണ്ടോ എന്നും സോണിയ ചോദിച്ചു. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സർവമതങ്ങളുടെയും തത്വങ്ങൾ സ്വാംശീകരിച്ചെടുത്ത ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ കാലികപ്രസക്തിയുള്ളതാണ്. അദ്ദേഹത്തിന്റെ ദർശനങ്ങൾ ഏറ്റെടുത്തു വർഗീയ പ്രചാരണം നടത്താനുള്ള നീക്കത്തെ എതിർത്തു തോൽപ്പിക്കണം. ഗുരുദേവ പൈതൃകം തട്ടിയെടുത്ത് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കണമെന്നും സോണിയ പറഞ്ഞു.

ശ്രീനാരായണ ദർശനം പ്രചരിപ്പിക്കാൻ എസ്എൻഡിപി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി എസ്എൻഡിപി യത്‌നിച്ചു. എന്നാൽ, ഇന്നു നേതൃത്വത്തിലുള്ളവർ എസ്എൻഡിപിയുടെ യഥാർഥ ലക്ഷ്യങ്ങളെ വളച്ചൊടിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഗുരുദേവ ദർശനങ്ങളെ ചിലർ വളച്ചൊടിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.

ഗുരുവിനെ ഏറ്റെടുക്കുന്ന വർഗീയ ശക്തികൾ അദ്ദേഹത്തേയും സമൂഹത്തേയും വഞ്ചിക്കുകയാണ് ചെയ്യുന്നത്. പിന്നാക്കക്കാരുടെ ശാക്തീകരണത്തിനാണ് കോൺഗ്രസ് ആർ ശങ്കറിനെ മുഖ്യമന്ത്രി ആക്കിയതെന്നും അവർ പറഞ്ഞു.

നെഹ്രുവിനെയും ഇന്ദിരാഗാന്ധിയെയും സ്വാധീനിച്ച വ്യക്തിത്വമാണ് ശ്രീനാരായണ ഗുരു. ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ എല്ലാവരുടെയും പുരോഗതിയാണു ഗുരു ലക്ഷ്യമിട്ടത്. അദ്ദേഹത്തിന്റെ ആശയങ്ങൾ ജീവിതത്തിൽ പകർത്തേണ്ടതുണ്ടെന്നും സോണിയ പറഞ്ഞു.

ഗുരുവിന്റെ മഹാസമാധിയിൽ പുഷ്പാർച്ച നടത്തിയെത്തിയ ശേഷമാണ് സോണിയ ഗാന്ധി ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തത്. തീർത്ഥാടനപ്പന്തലിന്റെ ശിലാസ്ഥാപനവും കോൺഗ്രസ് അധ്യക്ഷ നിർവഹിച്ചു.

തീർത്ഥാടന സമ്മേളനത്തിൽ സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷനായി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിപിഐ ദേശീയ സെക്രട്ടറി സുധാകരറെഡ്ഡി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ, മന്ത്രി കെ. ബാബു, യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീർകുമാർ ഷെട്ടി, മുന്മന്ത്രി സി.വി. പത്മരാജൻ, ജോസ് കെ. മാണി എംപി, ഗോകുലം ഗോപാലൻ, വർക്കല കഹാർ എംഎൽഎ, ഡോ. പി.എ. ഫസൽഗഫൂർ, ഡോ. ബി. അശോക്, സാറാജോസഫ്, ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ തുടങ്ങിയവർ പങ്കെടുത്തു.

ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി അമൃതാനന്ദയാണ് ഭദ്രദീപപ്രകാശനം നടത്തിയത്. ശിവഗിരിയിലേക്കുള്ള പാതയോരങ്ങൾ പീതപതാകകളും കൊടിതോരണങ്ങളും കൊണ്ട് അണിഞ്ഞൊരുങ്ങി. മൂന്ന് ദിവസത്തെ തീർത്ഥാടനത്തിൽ ഇവിടെ ഉയരുന്ന മതേതര മന്ത്രങ്ങൾ കേരളത്തിന് പുതുവർഷ സന്ദേശമാവും. പ്രത്യേക പ്രാർത്ഥനകൾക്കും പൂജകൾക്കും ശേഷം രാവിലെ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധർമ്മപതാക ഉയർത്തി.

1928ൽ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്നുള്ള ധർമ്മപതാക എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ വാഹനഘോഷയാത്രയുടെ അകമ്പടിയോടെ ഇന്നലെ സന്ധ്യയോടെയാണ് ശിവഗിരിയിലെത്തിച്ചത്. പതാക ഉയർത്താനുള്ള കൊടിക്കയർ കളവങ്കോടം ശക്തീശ്വരം ക്ഷേത്രത്തിൽ നിന്ന് പദയാത്രയായി കൊണ്ടുവന്നു.