കൊച്ചി: തൃപ്പുണിത്തുറ കണ്ടനാട് പ്രവർത്തിക്കുന്ന ശിവശക്തി യോഗ സെന്റർ നടത്തിപ്പുകാരൻ ഗുരുജി എന്നു വിളിക്കുന്ന പെരുമ്പളം സ്വദേശി മനോജിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം. യോഗ കേന്ദ്രം ഇൻസ്ട്രക്ടർമാരായ സുജിത്, സുമിത, കൗൺസലിങ് നടത്തുന്ന ലക്ഷ്മി എന്നിവരെ കണ്ടെത്താനും പൊലീസ് ഊർജ്ജിത ശ്രമം തുടങ്ങിയിട്ടുണ്ട്. പരാതിക്കാരിയായ ശ്വേതയുടെ സഹോദരിയുടെ ഭർത്താവ് മനുവിനെതിരേയും കേസെടുത്തിട്ടുണ്ട്. ഒന്നാം പ്രതിസ്ഥാനത്തുള്ള മനോജ് ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്നും ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് അറിയിച്ചു. ഈ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോടതിയുടെ നിലപാടാകും ഇനി നിർണ്ണായകം.

അന്യമതസ്ഥനെ വിവാഹം കഴിച്ചതിൽ നിന്ന് പിന്തിരിപ്പിക്കാനായി, തന്നെ യോഗ കേന്ദ്രത്തിൽ തടങ്കലിൽ പാർപ്പിച്ച് മർദിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉദയംപേരൂർ കണ്ടനാട് ശിവശക്തി യോഗ വിദ്യാകേന്ദ്രത്തിലെ സഹായി മലപ്പുറം മഞ്ചേരി പത്തപ്പിരിയം കരാട്ടുകുളങ്ങര കെ. ശ്രീജേഷി(27)നെയാണ് തൃപ്പൂണിത്തുറ സിഐ പി.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേന്ദ്രത്തിലെ മറ്റുള്ളവരുടെ കൂടെ നിന്ന് ഇയാൾ യുവതിയെ തടഞ്ഞുവെച്ച് മർദിച്ചെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവർ ഒളിവിലാണ്. കണ്ണൂർ പയ്യന്നൂർ സ്വദേശിനി ശ്വേതയുടെ പരാതിയെ തുടർന്നാണ് ഉദയംപേരൂർ പൊലീസ് ആറു പേർക്കെതിരേ നടപടി തുടങ്ങിയത്. യുവതിയെ പുറത്തേയ്ക്ക് വിടാതെ തടങ്കലിൽ പാർപ്പിച്ചു എന്ന പരാതി ശരിയാണെന്ന് പൊലീസ് പറഞ്ഞു.

ക്രൈസ്തവവിശ്വാസിയായ യുവാവിനെ വിവാഹം ചെയ്ത തന്നെ അതിൽ നിന്ന് മോചിപ്പിക്കാനായി അച്ഛനും അമ്മയും ചേച്ചിയുടെ ഭർത്താവും ചേർന്നാണ് യോഗകേന്ദ്രത്തിൽ എത്തിച്ചതെന്ന് യുവതി പറഞ്ഞിരുന്നു. യുവതിയുടെ കൂടെ അമ്മ രണ്ടു ദിവസം ഇവിടെ താമസിച്ചെന്നും പൊലീസ് പറഞ്ഞു. േേയാഗയും സനാതന ധർമവും പഠിപ്പിക്കുന്നതായി പറയുന്ന ശിവശക്തി യോഗ കേന്ദ്രം രണ്ടു വർഷത്തിലധികമായി കണ്ടനാട്ട് പ്രവർത്തിച്ചു വരുന്നു. തിങ്കളാഴ്ച സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തുമ്പോൾ, യോഗകേന്ദ്രത്തിൽ 28 യുവതികളും 18 യുവാക്കളും ഉണ്ടായിരുന്നു. കുറെ യുവതികളെ അവരുടെ രക്ഷിതാക്കളെത്തി കൊണ്ടുപോയി. അകലങ്ങളിൽ നിന്നുള്ളവരാണ് അന്തേവാസികളായി ഉണ്ടായിരുന്നവരെല്ലാം. ലൈംഗികമായി പീഡിപ്പിച്ചതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

യോഗ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടേയ്ക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞു. അന്യമതസ്ഥരുമായുള്ള വിവാഹം വേർപെടുത്താൻ യോഗ കേന്ദ്രത്തിൽ ശ്രമം നടക്കുന്നുണ്ടെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നും ഹൈക്കോടതിയിൽ ശ്വേത അപേക്ഷ നൽകിയിട്ടുണ്ട്. അവിടെ തന്നെപ്പോലെ 65 പേർ തടങ്കലിലുണ്ടെന്നും യുവതി പറയുന്നു. ക്രൈസ്തവവിശ്വാസിയായ തന്നെ വിവാഹം ചെയ്തതിന്റെ പേരിൽ, യുവതിയെ വീട്ടുകാർ അന്യായമായി തടഞ്ഞുവെച്ചിരിക്കയാണെന്നു കാണിച്ച് തൃശ്ശൂർ ജില്ലക്കാരനായ റിന്റോ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണിത്. തങ്ങൾ വിവാഹിതരാണെന്നും യുവതിയെ കണ്ടെത്തി ഹാജരാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. താനിപ്പോൾ ഭർത്താവിനൊപ്പമാണുള്ളതെന്ന് യുവതി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

തൃപ്പൂണിത്തുറയിലെ കേന്ദ്രത്തിൽ നിന്ന് മാതാപിതാക്കൾ ചേച്ചിയുടെ വീട്ടിലേക്ക് മാറ്റിയപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ടാണ് ഭർത്താവിനടുത്തെത്തിയത്. തൃശ്ശൂർ ജില്ലയിലെ ഒരു അമ്പലത്തിൽവെച്ച് വിവാഹിതരായി. വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ കേന്ദ്രത്തിൽ വിവാഹബന്ധം വേർപെടുത്താൻ 'ഗുരുജി'യും കൗൺസലർമാരും ഭീഷണിപ്പെടുത്തുകയും ദ്രോഹിക്കുകയും ചെയ്തു. 22 ദിവസം അവിടെ കഴിയേണ്ടിവന്നു. പുറംലോകവുമായി ബന്ധപ്പെടാൻ അന്തേവാസികളെ അനുവദിക്കുന്നില്ല. വർഷങ്ങളായി അവിടെയുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഡോക്ടറായ തനിക്ക് ആ ജോലിയിൽ ഏർപ്പെടാനും ഭർത്താവിനൊപ്പം ജീവിക്കാനും അവകാശമുണ്ടെന്ന് യുവതി പറയുന്നു. തനിക്കും ഭർത്താവിനും മതമൗലികവാദികളിൽ നിന്ന് ഭീഷണിയുണ്ട്. സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നും യുവതി ആവശ്യപ്പെടുന്നു.

ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് മുന്നിലേക്കാണ് റിന്റോയുടെ ഹേബിയസ് കോർപ്പസ് വന്നത്. ഇതിനിടെയാണ് യുവതിയുടെ അഭിഭാഷകൻ സത്യവാങ്മൂലം ഡിവിഷൻ ബഞ്ചിന് മുമ്പിൽ നൽകിയത്. ഇത് പരിശോധിച്ച ശേഷമാണ് ഗുരുതരമായ പരമാർശങ്ങൾ കോടതി നടത്തിയത്. എന്നാൽ പൊലീസ് പരിശോധന നടത്തിയിട്ടുണ്ടെന്നും കോടതി ഇടപടേണ്ടെന്നും പ്രോസിക്യൂഷനും പറഞ്ഞു. പൊലീസും സർക്കാരും കാര്യങ്ങൾ ഗൗരവത്തിൽ നോക്കുന്നുണ്ടെന്നും പറഞ്ഞു. എന്തിന് ഇവിടെ ഒരു റാം റഹീം സിങ്? യോഗ സെന്ററിനെയും കേസിൽ കക്ഷി ചേർക്കണം. ഒരു പെൺ്കുട്ടിയുടെ അവകാശമാണ് വിഷയം. പെൺകുട്ടി നേരിട്ട് സമർപ്പിച്ച ഹർജ്ജി ആയതുകൊണ്ടു തന്നെ ഇടപെടാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

മതം മാറ്റത്തിനുള്ള നിർബന്ധിത ഇടപെടലാണ് ഇവിടെ നടക്കുന്നതെന്ന് ശ്വേത പറയുന്നു. മറ്റ് 65 പെൺകുട്ടികളെ കൂടി സ്ഥാപനത്തിൽ അന്യായമായി തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ പാരാതികളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിൻേറായുമായുള്ള വിവാഹത്തെ ശക്തമായി എതിർത്ത ശ്വേതയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. എന്നാൽ, ശ്വേത ഇതിനെതിരെ കണ്ണൂർ കുടുംബക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടർന്ന്, വീട്ടുകാർ തന്ത്രപരമായി ശ്വേതയെ മൂവാറ്റുപുഴ ആവോലിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചു.

യോഗ പഠിക്കുന്ന സഹോദരിക്കൊപ്പം പോകണമെന്ന് സഹോദരി ഭർത്താവ് മനു ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്വേത സ്ഥാപനത്തിലെത്തിയത്. മനോജ് ഗുരുജി എന്നയാളാണ് ഇതിന്റെ നടത്തിപ്പുകാരൻ. ഇവിടെ 22 ദിവസം മനോജിന്റെയും ഹൈക്കോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ശ്രീജേഷിന്റെയും കൗൺസിലർമാരായ സ്മിത, ലക്ഷ്മി, സുജിത് എന്നിവരുടെയും ക്രൂരതക്ക് ഇരയാകേണ്ടിവന്നു. മൊബൈൽ ഫോണും മറ്റു സാധനങ്ങളും വാങ്ങിവെച്ചശേഷം ഇവർ ശ്വേതയെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മർദിച്ചു. ക്രിസ്ത്യാനിയെ വിവാഹംചെയ്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി. ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളോട് വിദ്വേഷം വളർത്തുന്ന ക്ലാസുകളാണ് അവിടെ നടത്തുന്നത്. റിൻേറാക്കൊപ്പം പോയാൽ കൊന്നുകളയുമെന്ന് മനോജ് ഗുരുജി ഇടക്കിടെ ഭീഷണിപ്പെടുത്തി.

മാതാപിതാക്കൾ പറയുന്നതനുസരിച്ച് ഹിന്ദുവിനെ വിവാഹം കഴിക്കണമെന്നായിരുന്നു നിർദ്ദേശം. നിലം തുടക്കലും പാചകവുമടക്കം വീട്ടുവേലക്കാരിയുടെ ജോലികളാണ് ശ്വേതയെക്കൊണ്ട് ചെയ്യിച്ചിരുന്നത്. ഒറ്റയ്ക്ക് കൗൺലിങ്ങിന് വിധേയമാക്കിയപ്പോഴെല്ലാം ഭീഷണിയായിരുന്നു. അന്യമതക്കാരനായ ഭർത്താവിനെ കൊല്ലുമെന്നും ഭർത്താവിന്റെ രഹസ്യ വീഡിയോകൾ എടുത്ത് തന്നെ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. എതിർത്തപ്പോൾ തന്നെ കെട്ടിയിട്ട് മർദ്ദിച്ചു. ഓടാൻ ശ്രമിച്ചപ്പോൾ വാതിൽ അടച്ച് പൂട്ടിയിട്ടു. കരയുന്ന ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വലിയ ശബ്ദത്തിൽ പാട്ട് കേൾപ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു.