- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ മഴക്കെടുതിയിൽ ആറ് മരണം; ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി; അഞ്ച് വീടുകൾ പൂർണമായി തകർന്നു; അപകടമേഖലയിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കും; അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത; മുൻകരുതൽ ശക്തമാക്കി; വലിയ ഡാമുകൾ തുറന്നുവിടേണ്ട അവസ്ഥയില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയിൽ ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂർണമായി തകർന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാർ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവന്മാരുമടക്കം ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, വിവിധ സേനാ മേധാവിമാർ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കും. ഇന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ ഓഫിസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വൈകിട്ട് ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചിരുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിവിധ സേന വിഭാഗങ്ങളിലെ ആളുകളും പങ്കെടുത്തു.
തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ വരെ അതിതീവ്ര വഴ പ്രധാനമായും തെക്കൻ, മധ്യ കേരളത്തിൽ കേന്ദ്രീകരിക്കും. നാളെ കഴിയുന്നതോടെ അത് വടക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 24 മണിക്കൂറിൽ 200 മില്ലിലീറ്ററിൽ കൂടുതൽ മഴ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രതീക്ഷിക്കുന്നു. തുടർച്ചയായ നാലു ദിവസം ഇത്തരത്തിൽ മഴ ലഭിച്ചാൽ പ്രതിസന്ധി സൃഷ്ടിക്കും.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മഴവെള്ളപ്പാച്ചിൽ എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനം ആരംഭിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതും തയ്യാറെടുപ്പും ആവശ്യമാണ്. മഴക്കാലകെടുതികളെ നേരിടുന്നതിന് മുന്നൊരുക്കം നേരത്തെ ആരംഭിച്ചു. മാർച്ച് 14,16 തീയതികളിൽ എല്ലാ ജില്ലകളെയും പങ്കെടുപ്പിച്ച് തദ്ദേശ സ്ഥാപന തലത്തിൽ മോക്ഡ്രില്ലുകൾ സംഘടിപ്പിച്ചിരുന്നു.
മെയ് 14ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നിരുന്നു. മെയ് 16ന് തദ്ദേശ വകുപ്പിലെ ജില്ലാ തലം വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മഴക്കാലം മുന്നിൽ കണ്ട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റികൾ യോഗം ചേർന്നു. പിന്നീട് മെയ് 18ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കാലവർഷ തുലാവർഷ യോഗം വിളിച്ചു ചേർത്തു. മെയ് 25ന് ഓറഞ്ച് ബുക്ക് പുതുക്കി പ്രസിദ്ധീകരിച്ചു. എല്ലാ ജില്ലകളിലും ഓറഞ്ച് ബുക്ക്, ഐആർഎസ് എന്നിവയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.
ഒരു കോടി രൂപ വീതം മഴക്കാല തയ്യാറെടുപ്പിനായി ജില്ലകൾക്ക് അനുവദിച്ചു. ജില്ലകളിൽ അംഗീകാരമുള്ള എൻജിഒകളുടെ സേവനം ഏകോപിപ്പിച്ച് ഇന്റർ ഏജൻസി ഗ്രൂപ്പുകൾ ഉണ്ടാക്കി. അണക്കെട്ടുകളിലെ റൂൾ കർവ് നിരീക്ഷണ യോഗം രണ്ടു വട്ടം നടത്തി.
എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. ഉരുൾപൊട്ടൽ സാധ്യതയും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഉടൻ പൂർത്തീകരിക്കും. ദേശീയ ദുരന്ത നിവാരണ േസനയുടെ നാലു സംഘങ്ങൾ മുൻകൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതൽ സേനയെ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ അതിവേഗം മാറ്റി കൊണ്ടിരിക്കുകയാണ്. ഇടുക്കി, കോഴിക്കോട്,വയനാട്, തൃശ്ശൂർ ജില്ലകളിൽ ദേശീയ ദുരന്തനിവരാണ സേനയുടെ നാല് സംഘങ്ങൾ എത്തിയിട്ടുണ്ട്. ഇനി വരുന്ന നാല് സംഘങ്ങളെ കോട്ടയം., എറണാകുളം, മലപ്പുറം ജില്ലകളിൽ വിന്യസിക്കും. കെഎസ്ഇബി ഡാമുകളിൽ നിലവിൽ വെള്ളം ഒഴുക്കി വിടേണ്ട സാഹചര്യമില്ല. ഡാം കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ പരിശോധിക്കുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചെറിയ അണക്കെട്ടുകളിൽ നിന്നും നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കും.
ഇന്നലെ വൈകിട്ട് മുതൽ തെക്കൻ കേരളത്തിൽ വ്യാപകമഴയാണ് നാളെ വരെ അതിതീവ്രമഴ തെക്കൻ- മധ്യ കേരളത്തിലുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. നാളെ കഴിഞ്ഞാൽ വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, എറണാകുളം ഇടുക്കി ഈ ജില്ലകളിലാണ് ഇന്നുംനാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ വിവിധ വകുപ്പുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കെടുതി നേരിടാൻ ഒരുങ്ങാൻ പൊലീസിന് നിർദ്ദേശം നൽകി. എഡിജിപിമാരായ എംആർ അജിത്ത് കുമാറും, വിജയ് സാഖറെയും പൊലീസിസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
അടിയന്തര ഇടപെടലിന് മന്ത്രിമാർക്ക് ജില്ലാ ചുമതല നൽകിയിട്ടുണ്ട്. മൃഗങ്ങളെ മാറ്റി പാർപ്പിക്കാൻ ആവശ്യമായ ക്രമീകരണം ഉണ്ടാക്കാൻ മൃഗസംരക്ഷണവകുപ്പിന് നിർദ്ദേശം നൽകി. വൈദ്യുതി ലൈനുകളുടേയും പോസ്റ്റുകളുടേയും സുരക്ഷാ പരിശോധന കെഎസ്ഇബി നിർവഹിക്കും. പാലങ്ങളുടെ സുരക്ഷ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ ആവശ്യമായ ഇടത്ത് അതിനുള്ള സൗകര്യം ഒരുക്കും. ഇതിനായി ബോട്ടുകൾ വാടകയ്ക്ക് എടുക്കാനുള്ള സാഹചര്യം പരിഗണിക്കണം. സംസ്ഥാനത്ത് ആകെ ഏഴ് ക്യാംപുകളാണ് നിലവിൽ ആരംഭിച്ചത്. നിലവിൽ ഏഴ് ക്യാംപുകളിലായി 90 പേർ തങ്ങുന്നുണ്ട്. കൊല്ലം പത്തനംതിട്ട ഇടുക്കി വയനാട് ഒരോ ക്യാംപുകളും കോട്ടയത്ത് രണ്ട് ക്യാംപകളുമാണ് തുറന്നത്. ദുരന്തനിവാരണ അഥോറിറ്റി അതാത് സമയത്ത് നൽകുന്ന മുന്നറിയിപ്പുകൾ എല്ലാവരും പാലിക്കണം. മഴ സാഹചര്യം പരിശോധിച്ച് ജില്ലാ കളക്ടർമാർക്ക് സ്‌കൂളുകൾക്ക് അവധി നൽകാവുന്നതാണ്. നിലവിൽ തെക്കൻ ജില്ലയിലെ സ്‌കൂളുകളിൽ എല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ